Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവികസനം വരാൻ...

വികസനം വരാൻ കുരുക്കഴിയണം; ജില്ലയിലെ മന്ത്രിമാരിൽ പ്രതീക്ഷയർപ്പിച്ച് ആലുവ

text_fields
bookmark_border
വികസനം വരാൻ കുരുക്കഴിയണം; ജില്ലയിലെ മന്ത്രിമാരിൽ പ്രതീക്ഷയർപ്പിച്ച് ആലുവ
cancel

ആലുവ: ചരിത്രപ്രസിദ്ധവും വ്യാപാര - വാണിജ്യ മേഖലയിൽ മുൻപന്തിയിൽ നിന്നിരുന്നതുമായ ആലുവ നഗരം കാലഘട്ടത്തിനനുസരിച്ച വികസനമില്ലാതെ നശിക്കുന്നു. സമീപത്തെ ചെറു പ്രദേശങ്ങളിൽ പോലും വലിയ മാറ്റങ്ങളുണ്ടായിട്ടും ആലുവ അതുപോലെ തുടരുകയാണ്. ആലുവയടെയത്രയും പ്രാധാന്യമില്ലാതിരുന്ന മറ്റു നഗരങ്ങൾ വികസന കുതിപ്പിൽ മുന്നേറുമ്പോൾ അവരോടൊപ്പം എത്താനാകാതെ കിതക്കുകയാണ് ആലുവ.

ഗതാഗതക്കുരുക്കാണ് ആലുവയുടെ പ്രധാന ശാപം. ആലുവക്കാരുടെ ജീവിതം ഗതാഗതക്കുരുക്കിൽപെട്ട് നട്ടം തിരിയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആലുവയെ അടയാളപ്പെടുത്തുന്ന ദേശീയപാതയിലെ മാർത്താണ്ഡ വർമ്മ പാലമാണ് നാട്ടുകാരുടെയും ദേശീയപാതയിലെയടക്കം യാത്രക്കാരുടെയും ദുരിതത്തിന് കാരണം. ഇതിന് പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനാൽ ദുരിതം നിത്യേന കൂടിവരികയാണ്. ജില്ലയിൽനിന്ന് കൂടുതൽ മന്ത്രിമാർ വന്നതിനാൽ അവരിൽ പ്രതീക്ഷയർപ്പിക്കുകയാണ് നാട്ടുകാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി വി.എ. അബ്ദുൽ ഗഫൂർ എന്നിവർ ആലുവക്കാരാണ്. മന്ത്രി റോജി എം. ജോൺ ആലുവയോട് ചേർന്ന അങ്കമാലിക്കാരനും.

മധ്യകേരളത്തിലെ പ്രധാന നഗരമായ ആലുവ നഗരാതിർത്തിയിലെ ദേശീയപാതയുടെയും അനുബന്ധ പാലങ്ങളുടെയും വികസന കാര്യത്തിൽ ദേശീയപാത അധികൃതർ ഒരു താൽപര്യവും കാണിക്കുന്നില്ല. ഇതുമൂലം ഈ മേഖലയിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. റോഡുകളിലെയും പാലങ്ങളിലേയും അസൗകര്യങ്ങളാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ദേശീയപാതയിലെ മാർത്താണ്ഡവർമ, മംഗലപ്പുഴ പാലങ്ങളാണ് പ്രശ്നങ്ങൾക്ക് പ്രധാനകാരണം. വീതി കുറവടക്കമുള്ള പ്രശ്നങ്ങൾ മൂലം ഇരു പാലങ്ങളിലും പൊതുവിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ട്.

മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി കിഴക്ക് ഭാഗത്ത് ഒരു പാലം നിർമിച്ചിരുന്നു. ഇതിന്‍റെ പേരിൽ ദേശീയപാത നാലുവരിയാക്കിയപ്പോൾ അതിനോടനുബന്ധിച്ച് പണിയേണ്ടിയിരുന്ന പാലം ഒഴിവാക്കി. രാജഭരണകാലത്ത് നിർമിച്ച പാലത്തിന്‍റെ വീതി കുറവ് മൂലം ഗതാഗതം പതിറ്റാണ്ടുകൾക്ക് മുമ്പേ പ്രതിസന്ധിയിലായിരുന്നു. കാലപ്പഴക്കം മൂലം ദ്രവിച്ച് കമ്പികൾ പുറത്തുവന്ന നിലയിലായ പാലം, സമാന്തര പാലം പൂർത്തിയാകുമ്പോൾ പൊളിച്ച് പുതിയത് പണിയാനും തീരുമാനമുണ്ടായിരുന്നു. എന്നാൽ, ഈ നീക്കവും അധികൃതർ അട്ടിമറിച്ചു.

പാതി വഴിയിൽ നിലച്ച റോഡ് വികസനം

തോട്ടക്കാട്ടുകരക്കും പറവൂർകവലക്കും ഇടയിൽ വികസനം നിലച്ചുപോയതാണ് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് മറ്റൊരു കാരണം. രണ്ട് പതിറ്റാണ്ടോളമായി ഇവിടെ വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുത്തിട്ട്. എന്നാൽ, തുടർനടപടിയുണ്ടായില്ല.

ഇരു കവലകൾക്കുമിടയിൽ റോഡ് വളവുകളുള്ളതും കുപ്പിക്കുഴുത്ത് പോലെ നേർത്തതുമാണ്. ഇതിനാൽ തന്നെ ഈ ഭാഗത്ത് നിന്ന് വാഹനങ്ങൾ കടന്നുപോകാൻ ഏറെ സമയമെടുക്കുന്നു. ദേശീയപാത അധികൃതർ അനങ്ങാതെവന്നതോടെ നഗരസഭ ഇടപെട്ട് കുറച്ചുവർഷങ്ങൾക്ക് മുമ്പ് തോട്ടക്കാട്ടുകര ഭാഗത്ത് റോഡിന് വീതി കൂട്ടുകയും സർവീസ് റോഡിനുള്ള ഭാഗം തിരിച്ചിടുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഭാഗത്ത് പോലും സർവീസ് റോഡിന്‍റെ പണി പൂർത്തിയാക്കാൻ ദേശീയപാത അധികൃതർ തയാറായില്ല.

കുരുക്കൊഴിയും, എലിവേറ്റഡ് ഹൈവേ വന്നാൽ

ദേശീയപാതയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് നിലവിൽ പ്രധാന പരിഹാര മാർഗം എലിവേറ്റഡ് ഹൈവേയാണ്. പുളിഞ്ചോട് കവലക്കും മംഗലപ്പുഴ പാലത്തിനും ഇടയിൽ ഇത്തരത്തിൽ ആകാശപാത വന്നാൽ കുരുക്ക് പാടെ ഇല്ലാതാകും.

പുളിഞ്ചോട് കവലക്കും ബൈപാസ് കവലക്കും ഇടയിൽ വർഷങ്ങൾക്ക് മുമ്പ് മേൽപാലം നിർമിച്ചിരുന്നു. എന്നാൽ, രണ്ട് സിഗ്നലുകൾക്കിടയിൽ നിർമിച്ച പാലംകൊണ്ട് ഒരു ഉപകാരവുമില്ല. ബൈപാസ് കവലയിൽ പാലം വന്നിറങ്ങുന്നതിന് തൊട്ടടുത്തായാണ് മാർത്താണ്ഡവർമ്മ പാലവും.

അതിനാൽ തന്നെ മേൽപാലത്തിലും എപ്പാഴും കുരുക്കാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പുളിഞ്ചോട് കവല മുതൽ പറവൂർ കവല സെമിനാരിപ്പടി വരെ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി, എം.എൽ.എ, നഗരസഭ തുടങ്ങിയവർ മുൻ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല.

Show Full Article
TAGS:Latest News Kerala News eranakulam news news 
News Summary - Difficulties must be resolved for development to come; Aluva raises hopes for district ministers
Next Story