വികസനത്തിന് വിലങ്ങിടുന്നോ, പൈതൃക സംരക്ഷണ നിയമം?
text_fieldsഎം.എം. സലീം
മട്ടാഞ്ചേരി: പൈതൃക സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ട ചരിത്ര സ്മാരകങ്ങൾക്ക് സമീപമുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള വിലക്ക് മട്ടാഞ്ചേരിയുടെ ഹൃദയഭാഗത്തെ വികസനങ്ങൾക്ക് വിഘാതമാകുകയാണ്. സ്മാരകങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും നടത്തരുത്. നിലവിലെ കെട്ടിടങ്ങളുടെ ചെറിയ അറ്റകുറ്റപ്പണിപോലും പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ മാത്രമേ അനുവദിക്കൂ. ചോർന്നൊലിക്കുന്ന വീടുകളുടെ ഓട് മാറ്റാനും വേണം ഈ അനുമതി. നാടും നഗരവും വികസനത്തിലേക്ക് കുതിക്കുമ്പോൾ ‘പൈതൃക സംരക്ഷിത മേഖല’ കിതക്കുകയാണ്.
മട്ടാഞ്ചേരി കൊട്ടാരം
ഒരു പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് 1555ൽ പോർചുഗീസുകാർ കൊച്ചി രാജകുടുംബത്തിന് നിർമിച്ചുനൽകിയതാണ് മട്ടാഞ്ചേരി കൊട്ടാരം. തുടർന്ന് കൊച്ചി രാജകുടുംബം താമസം ഇവിടേക്ക് മാറ്റി. 1665ൽ ഡച്ചുകാർ പുതുക്കിപ്പണിതതോടെ ഡച്ച് പാലസ് എന്നും അറിയപ്പെട്ടു തുടങ്ങി. പുരാവസ്തു വകുപ്പിന് കീഴിലുള്ള കൊട്ടാരം പൈതൃക സംരക്ഷിത സ്മാരകമാണ്. മട്ടാഞ്ചേരി ബോട്ട് ജെട്ടി, ബസ് സ്റ്റാൻഡ് എന്നിവക്ക് തൊട്ടടുത്തുള്ള മട്ടാഞ്ചേരി കൊട്ടാരം കാണാൻ വിദേശികളടക്കം നിരവധി പേർ ദിനേന എത്തുന്നുണ്ട്. കൊട്ടാരം സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെട്ടതിനാൽ സമീപത്തെ വികസന പ്രവർത്തനങ്ങൾക്ക് നിയമ വിലക്കുണ്ട്.
കൊച്ചി കോടതി
രാജഭരണകാലത്തുതന്നെ കൊച്ചി കോവിലകത്തോട് ചേർന്ന് കോടതി പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നുണ്ട്. 1958ലാണ് ഇവിടെ സബ് കോടതി ആരംഭിച്ചത്. പിന്നീട് മജിസ്ട്രേറ്റ് കോടതിയും വന്നു. കാലപ്പഴക്കം കൊണ്ട് കെട്ടിടം ജീർണിച്ചപ്പോൾ കോടതി തോപ്പുംപടിയിൽ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റി. പുതിയ കോടതി സമുച്ചയത്തിന് പദ്ധതിയൊരുക്കിയാണ് കോടതി ഇവിടെനിന്നും മാറ്റിയത്. ഡൊമിനിക് പ്രസന്റേഷൻ എം.എൽ.എയായിരിക്കെ പുതിയ കോടതി സമുച്ചയത്തിന് നാലുകോടി രൂപ ബജറ്റിൽ മാറ്റിവെച്ചിരുന്നു. പഴയ കെട്ടിടം പൊളിക്കുകയും ചെയ്തു. എന്നാൽ, പഴയ കോടതി പരിസരം പൈതൃക സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചതോടെ നിർമാണങ്ങൾക്ക് പുരാവസ്തു വകുപ്പ് തടസ്സമുന്നയിച്ചു. വകുപ്പിന്റെ അനുമതിക്ക് ആദ്യമെല്ലാം ശ്രമം നടന്നെങ്കിലും പിന്നീട് അതും നിലച്ചു. ഇതിനിടെ തോപ്പുംപടിയിലെ വാടകകെട്ടിടം വിലയ്ക്ക് വാങ്ങി.
പഴയ കോടതി പരിസരം കാടുപിടിച്ച് കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് നാട്ടുകാർ. ഒരു മതിലിന് അപ്പുറമുള്ള കോർണേഷൻ ക്ലബിലും ഇഴജന്തുക്കളുടെ ശല്യമുണ്ട്. നഗരസഭയോട് പരാതിപ്പെട്ടിട്ടും കാട് വെട്ടിത്തെളിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന് ക്ലബ് ഭാരവാഹികൾ പറയുന്നു.
കാടുപിടിച്ച് കിടക്കുന്ന പഴയ കോടതി പരിസരം
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
ബ്രിട്ടീഷ് ഭരണകാലത്ത് 1912ൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്ഥാപിച്ച ആശുപത്രിയുടെ വികസനത്തിനും നിയമം തടസ്സമാകുന്നുണ്ട്. ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും പുതിയ നിർമാണത്തിനും നിലവിലുള്ളത് പുതുക്കാനും വിലക്കുണ്ട്. മട്ടാഞ്ചേരി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കുള്ള ഷെൽട്ടർ നിർമാണവും ഇതേ പ്രശ്നം നേരിടുകയാണ്. ശക്തമായ മഴയത്തുപോലും കയറി നിൽക്കാൻ ഇടമില്ല. സമീപത്ത് കുട്ടികളുടെ പാർക്കിന്റെ നവീകരണവും പ്രതിസന്ധിയിലാണ്. അതേസമയം, ഏറെ താമസിച്ചെങ്കിലും മട്ടാഞ്ചേരി വാട്ടർ മെട്രോ ജെട്ടി നിർമാണന് അധികൃതർ പ്രത്യേക അനുമതി വാങ്ങിയതിനാൽ പദ്ധതി അവസാനഘട്ടത്തിലാണ്.
മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് ദേവാലയം
രാജ്യത്തെ ആദ്യ യൂറോപ്യൻ ദേവാലയമായ ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് ദേവാലയത്തിന്റെ 100 മീറ്റർ ചുറ്റളവിൽ നിർമാണങ്ങൾക്ക് വിലക്കുണ്ട്. സമീപങ്ങളിലെ പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അറ്റകുറ്റപ്പണി നടത്താനോ പുതുക്കിപ്പണിയാനോ കഴിയാത്ത അവസ്ഥയിലാണ്.


