ചായ കുടിക്കാം, കപ്പ് കഴിക്കാം
text_fieldsവർഗീസും വർഗീസ് നിർമിക്കുന്ന
ബിസ്കറ്റ് കപ്പുകളും
അങ്കമാലി: ചായ കുടിക്കാനും ഒടുവിൽ കറുമുറ കടിച്ച് തിന്നാനുമുതകുന്ന ബിസ്കറ്റ് കപ്പ് നിർമാണത്തിൽ ശ്രദ്ധേയനാകുകയാണ് മാള കുണ്ടൂർ സ്വദേശി എലവുത്തിങ്കൽ വർഗീസ്. നെടുമ്പാശ്ശേരി കരിയാട്ടിൽ ‘റോസ്മ’ എന്ന പേരിൽ രണ്ടര വർഷം മുമ്പ് വർഗീസ് തുടങ്ങിയ സ്ഥാപനത്തിൽ വാനില, ചോക്ലറ്റ്, ബിസ്കറ്റ്, ഏലക്ക എന്നീ നാല് ഫ്ലേവറുകളിൽ അരിപ്പൊടി, റാഗിപ്പൊടി, മൈദ, നെയ്യ്, പഞ്ചസാര തുടങ്ങിയ 12 തരം ചേരുവകൾ ചേർത്താണ് ബിസ്കറ്റ് കപ്പുണ്ടാക്കുന്നത്. കപ്പിൽ സൂക്ഷിക്കുന്ന ചായയോ കാപ്പിയോ 15 മിനിറ്റുവരെ ചൂടാറാതെ ഉപയോഗിക്കാം. ചോരുമെന്നോ, ആരോഗ്യത്തിന് ഹാനികരമാകുമെന്നോ ആശങ്ക വേണ്ട. ഉപയോഗം കഴിഞ്ഞാൽ ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും പ്രമേഹബാധിതർക്കുംവരെ ബിസ്കറ്റ് കപ്പ് ഉപയോഗിക്കാം. പ്രമേഹ രോഗികൾക്ക് പ്രത്യേകം ചേരുവകൾ ചേർത്താണ് ബിസ്കറ്റ് കപ്പുണ്ടാക്കുന്നത്.
100 മില്ലി ലിറ്റർ ചായയോ കാപ്പിയോ കുടിക്കാവുന്ന കപ്പിന് എട്ട് രൂപയാണ് വില. വർഗീസിന്റെ ബിസ്കറ്റ് കപ്പിൽ 20 രൂപക്കാണ് റസ്റ്റാറന്റുകളിലും മറ്റും ചായ വിൽക്കുന്നത്. ഐസ്ക്രീം പാർലറുകളിലും മറ്റും ഉയർന്ന വിലയും ഈടാക്കുന്നു. അഞ്ച് വർഷം മുമ്പ് വർഗീസിന്റെ സ്വന്തം ആശയത്തിൽ ഉദിച്ചതാണ് ബിസ്കറ്റ് കപ്പ് നിർമാണം. തുടക്കത്തിൽ പുറം രാജ്യങ്ങളിൽനിന്നാണ് മെഷീനറികൾ എത്തിച്ചത്. എന്നാൽ, ഉചിതമായ മെഷിനറി ലഭ്യമാകാതിരുന്നതിനാൽ ലക്ഷ്യപ്രാപ്തിയിലെത്താനായില്ല. 2018ലെ പ്രളയകാലത്തും മറ്റുമായി ഒന്നര വർഷത്തോളം യന്ത്രം തകരാറിലായി. ഉദ്ദേശിച്ചപോലെ കപ്പുണ്ടാക്കാനായില്ല. പിന്നീട് 2020 ഡിസംബർ 10ന് വികസിപ്പിച്ചെടുത്ത യന്ത്രത്തിലാണ് കപ്പുകളുണ്ടാക്കി വിജയഗാഥ രചിച്ചത്. കേരളത്തിൽ ഇത്തരത്തിൽ കപ്പ് നിർമിക്കുന്നത് വർഗീസ് മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യാന്തര മേളകളിലും കപ്പിന് ആവശ്യക്കാർ ഏറിവരുകയാണെന്നും വർഗീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടര വർഷം മുമ്പുണ്ടാക്കിയ കപ്പ് ഇപ്പോഴും കേടുപാടുകളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാതെ ഉപയോഗിക്കാനാകുമെങ്കിലും ആറു മാസത്തെ ഗാരന്റി മാത്രമാണ് വർഗീസ് നൽകുന്നത്. കപ്പ് ഉൽപാദിപ്പിക്കുമ്പോൾ ഒടിഞ്ഞും പൊടിഞ്ഞും പോകുന്നവ വളർത്തുമൃഗങ്ങൾക്കും മറ്റുമായി ഫാമുകളിലേക്ക് നൽകും.
മറ്റ് ചില നൂതന ഉൽപന്നങ്ങൾ നിർമിക്കുന്നത് സംബന്ധിച്ചും വർഗീസ് ഗവേഷണത്തിലാണ്. റോസ്ലിയാണ് ഭാര്യ. റോസ്ലിയുടെ ആദ്യക്ഷരവും മേരിമാതയുടെ ആദ്യക്ഷരവും ചേർത്താണ് കപ്പിന് ‘റോസ്മ’ എന്ന് പേരിട്ടത്. മക്കൾ: ടോണി വർഗീസ് (അബൂദബി), അനുഫിൽഡ. മരുമക്കൾ: റെനി, തോമസ്.