കൊച്ചിയിൽ നാലിടങ്ങളിൽ ലഹരിവേട്ട; പിടിയിലായത് അഞ്ചുപേർ
text_fieldsഅർജുൻ വി. നാഥ്, അനസ്, ഫെബിന, ജാസിഫ്, മസൂദുൽ ബിശ്വാസ്
കൊച്ചി: നഗരത്തിന്റെ വിവിധ മേഖലകളിൽ വൻ ലഹരി വേട്ട. 700 ഗ്രാമിലേറെ എം.ഡി.എം.എയും ചെറിയ അളവിൽ കഞ്ചാവും പിടികൂടി. ചേരാനല്ലൂരിലെ ലോഡ്ജിൽനിന്നും വാഴക്കാല മൂലേപാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി 716 ഗ്രാം എം.ഡി.എം.എ പിടികൂടി. ഡാൻസാഫും ചേരാനെല്ലൂർ പൊലീസും ചേർന്നാണ് ചേരാനെല്ലൂരിൽ പിടികൂടിയത്.
കോഴിക്കോട് കുന്നമംഗലം പെരിങ്ങോളം കിയാലത്ത് കാടമ്പാരി വീട്ടിൽ അർജുൻ വി. നാഥ് (32) ആണ് പിടിയിലായത്. ഡൽഹിയിൽനിന്ന് രാസലഹരി കൊണ്ടുവന്നിരുന്ന ലഹരി മരുന്ന് കണ്ണിയിലെ പ്രധാനിയാണ് അർജുൻ. ഇയാളുടെ മറ്റു രാസലഹരി ബന്ധങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട് . കളമശ്ശേരിയിൽ രണ്ടിടങ്ങളിലായി നടന്ന ലഹരി വേട്ടയിൽ നാലുപേരും പിടിയിലായി. എറണാകുളം വട്ടേക്കുന്നം ചമ്മാലിപ്പറമ്പ് വീട്ടിൽ അനസ് (34), കോട്ടയം ഈരാറ്റുപേട്ട നടക്കൽ പാടി പുരക്കൽ ഫെബിന (27) എന്നിവർ 2.20 ഗ്രാം എം.ഡി.എം.എയും 0.84 ഗ്രാം കഞ്ചാവുമായി കളമശ്ശേരിയിലെ ഹോട്ടൽ മുറിയിൽനിന്ന് പിടിയിലായി.
ഇവർക്ക് രാസലഹരി എത്തിച്ച കണ്ണൂർ പാപ്പിനിശ്ശേരി ചുങ്കം സ്വദേശി ജാസിഫ് (33), പശ്ചിമ ബംഗാൾ മുർഷിദാബാദ് ഗോകുൽപുർ സ്വദേശി മസൂദുൽ ബിശ്വാസ്(37) എന്നിവരെ 3.89 ഗ്രാം എം.ഡി.എം.എയുമായി കളമശ്ശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപത്തുനിന്നും പിടികൂടി. നർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.


