ഫോർട്ട് കൊച്ചി മഹാത്മാഗാന്ധി കടപ്പുറം ശുചീകരിച്ച് ഹോളണ്ടുകാരൻ
text_fieldsഹോളണ്ട് സ്വദേശി എറിക് കടപ്പുറത്ത് ഒഴുകിയെത്തുന്ന ഉണങ്ങിയ മരച്ചില്ലകൾ മാറ്റുന്നു
ഫോർട്ട് കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാവിലെകളിൽ ഫോര്‍ട്ട്കൊച്ചി മഹാത്മഗാന്ധി കടപുറത്ത് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശിയെ കാണാം. ഹോളണ്ട് സ്വദേശി എറിക് ആണ് ദിനേന രാവിലെ ചുലും ശുചീകരണ ഉപകരണങ്ങളുമായി കടപ്പുറത്തെത്തുന്നത്.
ചികിത്സക്കായി ഇന്ത്യയിൽ വന്ന് ഒരു വർഷമായി ഇവിടെ കഴിയുകയാണ് എറിക്. നാട്ടുകാരിൽ ചിലർ കടപ്പുറം വൃത്തിയാക്കുന്നത് കണ്ടതോടെ എറിക്കും ചൂലെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ജർമൻ സ്വദേശിയായ റാല്‍ഫ് കടപുറം ശുചീകരിച്ചത് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മലയാളികൾക്കിടയിൽ വലിയ സൗഹൃദമാണ് കണ്ടു വരുന്നതെന്ന് എറിക് ‘മാധ്യമ’ത്തോട് പറഞ്ഞു. ഞായറാഴ്ചകളിൽ താൻ പരേഡ് ഗ്രൗണ്ടിൽ പോകാറുണ്ട്. അവിടത്തെ കാഴ്ച അത്ഭുതപ്പെടുത്തി.
ഒരേ ഫീൽഡിൽ അഞ്ച് ക്രിക്കറ്റ് മത്സരങ്ങൾ, ഒരു ഭാഗത്ത് ഫുട്ബാൾ മത്സരം, മറുഭാഗത്ത് സോഫ്റ്റ് ബാൾ മത്സരം. ഇവയെല്ലാം പൂർണ സഹകരണത്തോടെയാണ് നടക്കുന്നത്. ഒരു വഴക്കും ഇല്ല. ഇത് യൂറോപ്പില്‍ ചിന്തിക്കാൻ പോലും കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. രാഷ്ട പിതാവിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ഫോർട്ട്കൊച്ചി കടപ്പുറം വൃത്തഹീനമായി കിടക്കുന്നത് കണ്ട് നാട്ടുകാർ തന്നെ രംഗത്തെത്തി ശുചീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്.
എല്ലാ ദിവസവും കളിക്കാൻ വരുന്നവർ, കുളിക്കാൻ വരുന്നവർ എന്നിവരെല്ലാം ചേർന്ന് വൃത്തിയാക്കൽ തുടരുകയാണ്. വലകെട്ടി മാലിന്യം തടഞ്ഞതോടെ കടപ്പുറം തുടർച്ചയായി വൃത്തിയായി നിലനിർത്താമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


