ഐ.എൻ.എല്ലിലേക്ക് മടങ്ങാനൊരുങ്ങി ഇബ്രാഹിം സുലൈമാൻ സേട്ട് വിഭാഗം
text_fieldsകൊച്ചി: ഒരു പതിറ്റാണ്ടിന് മുമ്പ് ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) വിട്ടുപോയ വിഭാഗം പാർട്ടിയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഐ.എൻ.എൽ (ഇബ്രാഹിം സുലൈമാൻ സേട്ട്) എന്ന പേരിൽ രാഷ്ട്രീയ കക്ഷിയായും സുലൈമാൻ സേട്ട് കൾചറൽ ഫോറം എന്ന പേരിൽ സാംസ്കാരിക സംഘടനയായും പ്രവർത്തിച്ചു വരുന്ന വിഭാഗമാണ് മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറും നേതൃത്വം നൽകുന്ന ഐ.എൻ.എല്ലിനൊപ്പം ചേരാൻ ഒരുങ്ങുന്നത്. ഇതിനായി ഇരു വിഭാഗത്തിന്റെയും നേതാക്കൾ ഞായറാഴ്ച ആലപ്പുഴയിൽ കൂടിക്കാഴ്ച നടത്തും.
ഐ.എൻ.എല്ലിന് 2019ലാണ് ഇടതുമുന്നണിയില്‍ സ്ഥാനം ലഭിക്കുന്നത്. അപ്രതീക്ഷിതമായി മന്ത്രിസ്ഥാനവും കിട്ടി. എന്നാൽ, ഇതിനുശേഷം അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ എ.പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മറ്റൊരു ചേരിയായി സമാന്തര പ്രവർത്തനവും തുടങ്ങി. വഹാബും സംഘവും ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമല്ലാതായതോടെയാണ് 2010ൽ പാർട്ടി വിട്ട സേട്ട് വിഭാഗം ഔദ്യോഗിക പാർട്ടി ഘടകവുമായി അടുക്കാൻ താൽപര്യം കാട്ടിത്തുടങ്ങിയത്.
തങ്ങൾ പുറത്തു പോകാനുണ്ടായ സംഭവങ്ങളുടെ പ്രധാന കാരണക്കാരൻ വഹാബാണെന്നും അദ്ദേഹമില്ലാത്ത പാർട്ടിയിലേക്ക് തിരികെയെത്താൻ താൽപര്യമുണ്ടെന്നുമുള്ള സൂചനകൾ ഇവർ ഔദ്യോഗിക വിഭാഗത്തിന് നൽകി. ചർച്ചയിൽ ധാരണയായാൽ വൈകാതെ പാർട്ടിയിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ടെന്നാണ് സുലൈമാൻ സേട്ട് വിഭാഗവുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.