ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
text_fieldsകുന്നുകര: ചാർജ് ചെയ്യുന്നതിനിടെയുണ്ടായ അഗ്നിബാധയെത്തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ആളപായമില്ല. കുന്നുകര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം തെക്കെ അടുവാശ്ശേരി സ്വദേശി വി.ബി. ഷഫീക്കിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 10 നായിരുന്നു അപകടം. ഷഫീഖിന്റെ പിതാവ് തെക്കെ അടുവാശ്ശേരി വല്ലേലിൽ ബാവക്കുഞ്ഞിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീ പിടിച്ചത്.
വീടിനോട് ചേർന്ന കാർ പോർച്ചിലാണ് സ്കൂട്ടർ ചാർജിൽ ഇട്ടിരുന്നത്. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടർ കത്തുന്ന നിലയിൽ കണ്ടത്. അതോടെ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചതോടെ തീ ആളിപ്പടർന്നു. വൈകാതെ സ്കൂട്ടർ പൂർണമായി കത്തി നശിച്ചു. വീട്ടുകാർ പുറത്തിറങ്ങി നോക്കിയത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
കാർ പോർച്ചിൽ തൊട്ടടുത്തായി രണ്ട് ബൈക്കുകളും പാർക്ക് ചെയ്തിരുന്നു. അവിടേക്ക് തീ പടരുന്നതിന് മുമ്പെ തീ നിർവീര്യമാക്കാൻ സാധിച്ചതാണ് കൂടുതൽ നാശം ഒഴിവായത്. ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.