Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightആഴക്കടൽ കാഴ്ചകളുടെ...

ആഴക്കടൽ കാഴ്ചകളുടെ വിസ്മയലോകം തുറന്ന് പ്രദർശനം

text_fields
bookmark_border
ആഴക്കടൽ കാഴ്ചകളുടെ വിസ്മയലോകം തുറന്ന് പ്രദർശനം
cancel
Listen to this Article

കൊച്ചി: ആഴക്കടൽ കാഴ്കളുടെ വിസ്മയ ലോകം തുറന്നിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ഓപൺ ഹൗസ് പ്രദർശനം. കടലിലെ ഭീമനായ ബ്രൈഡ്‌സ് തിമിംഗലത്തിന്റെ 14 മീറ്റർ നീളമുള്ള അസ്ഥികൂടം പ്രദർശിപ്പിച്ച മറൈൻ മെഗാഫോണ മ്യൂസിയമായിരുന്നു പ്രധാന ആകർഷണം. കടലിൽ തിമിംഗലങ്ങളും ഡോൾഫിനുകളും പുറപ്പെടുവിക്കുന്ന വൈവിധ്യമാർന്ന ശബ്ദവീചികൾ മ്യൂസിയത്തിൽ അവതരിപ്പിച്ചത് കാണികൾക്ക് നവ്യാനുഭവമായി.

സി.എം.എഫ്.ആർ.ഐ 79ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം കാണാൻ വിദ്യാർത്ഥികളും കുടുംബങ്ങളും ഉൾപ്പെടെ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കടൽ സസ്തനികളുടെ പ്രാധാന്യം, അവയുടെ സംരക്ഷണം എന്നിവയെക്കുറിച്ച് ശാസ്ത്രജ്ഞർ സന്ദർശകർക്ക് വിശദീകരിച്ചു നൽകി. നാഷനൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയത്തിലെ സൺ ഫിഷ്, ഓർ ഫിഷ് എന്നിവ പ്രത്യേക ശ്രദ്ധ നേടി.

ഇവക്ക് പുറമെ ഭീമൻ കക്ക, തിമിംഗല സ്രാവ്, ചക്രവർത്തി മത്സ്യം തുടങ്ങി അപൂർവമായ ഒട്ടേറെ കടൽ ജീവികളുടെ ശേഖരം സന്ദർശകർക്ക് പുത്തൻ അനുഭവമായി. വിവിധ ഗവേഷണ വിഭാഗങ്ങളുടെ കീഴിൽ സ്രാവുകൾ, തിരണ്ടികൾ, വിവിധയിനം മത്സ്യങ്ങൾ, ചെമ്മീൻ, കൊഞ്ച്, കണവ, മുത്തുചിപ്പി എന്നിവയുടെ വിപുലമായ പ്രദർശനം ഒരുക്കിയിരുന്നു. മാരികൾച്ചർ സാങ്കേതികവിദ്യകൾ, പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായി. സമുദ്ര പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സുസ്ഥിര മത്സ്യബന്ധനത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുന്ന പ്രദർശനങ്ങളുമുണ്ടായി.

പ്രദർശനത്തോടനുബന്ധിച്ച് കാർഷിക അനുബന്ധ മേഖലകളിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജും മറ്റ് ശാസ്ത്രജ്ഞരും വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ചു. സി.എം.എഫ്.ആർ.ഐയിലെ ലാബുകൾ, ഹാച്ചറികൾ, ലൈബ്രറി എന്നിവ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു.

Show Full Article
TAGS:CMFRI Exhibition Local News Ernakulam 
News Summary - Exhibition opens to the amazing world of deep sea views
Next Story