എത്ര കിട്ടിയിട്ടും നമ്മൾ പഠിക്കാത്തതെന്തേ?
text_fieldsകൊച്ചി: ‘ശ്രദ്ധിക്കുക, പൊലീസിൽ നിന്നോ സി.ബി.ഐയിൽ നിന്നോ കസ്റ്റംസിൽ നിന്നോ ജഡ്ജിയിൽ നിന്നോ ആണെന്നവകാശപ്പെടുന്ന അജ്ഞാത നമ്പറിൽനിന്ന് നിങ്ങൾക്ക് വിഡിയോകോളുകൾ ലഭിക്കുകയാണെങ്കിൽ പരിഭ്രാന്തരാകരുത്, അവർ സൈബർ കുറ്റവാളികളായിരിക്കാം’ ഫോണെടുത്ത് ആരെ വിളിച്ചാലും മറുതലക്കൽ എടുക്കുന്നതിനുമുമ്പ് ഒരായിരം തവണയെങ്കിലും നമ്മൾ കേട്ടുമടുത്ത ഈ ശബ്ദസന്ദേശം ഓർമയില്ലേ? അത്രമാത്രം ഗൗരവമുള്ള ഒരു വിഷയമാണ് പറയുന്നതെന്ന് അറിഞ്ഞിട്ടുപോലും ഇതേ കുറിച്ച് ചിന്തിക്കാതെ, ഇത്തരം അജ്ഞാത കോളുകൾക്ക് തല വെച്ചുകൊടുത്ത് തട്ടിപ്പിനിരയാവുന്നവരുടെ എണ്ണം നാൾതോറും വർധിക്കുന്നു എന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്.
വലിയ രീതിയിൽ മുന്നറിയിപ്പുകളും ബോധവത്കരണവും ഉണ്ടായിട്ടും ഇത്തരം സംഘങ്ങളുടെ തട്ടിപ്പിൽ അകപ്പെട്ട് ആയിരങ്ങളോ ലക്ഷങ്ങളോ അല്ല, കോടികൾ നഷ്ടപ്പെടുന്ന കാഴ്ച തുടർക്കഥയാവുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ കൊച്ചിയിൽ മാത്രം സൈബർ തട്ടിപ്പിലൂടെ ആളുകൾക്ക് നഷ്ടമായത് ഏകദേശം 28 കോടി രൂപയാണ്. അതിൽ എറണാകുളം കടവന്ത്ര സ്വദേശിക്ക് ഷെയർ ട്രേഡിങ്ങിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് നടത്തിയ 25 കോടി രൂപയുടെ തട്ടിപ്പാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പും.
സംഭവത്തിൽ അന്വേഷണം നടക്കവേ, ദിവസങ്ങൾക്കുള്ളിലാണ് ‘വെർച്വൽ അറസ്റ്റ്’ ചെയ്തെന്ന് പറഞ്ഞ് മട്ടാഞ്ചേരിയിലെ വീട്ടമ്മയിൽ നിന്ന് 2.88 കോടി രൂപ ഒരു സംഘം തട്ടിയെടുത്തത്. സമാനമായി ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിലൂടെ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയതായി കഴിഞ്ഞ മാസം ഹിൽ പാലസ് പൊലീസിലും പരാതി ലഭിച്ചിരുന്നു. എന്നാൽ തുടർച്ചയായി നടക്കുന്ന ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പുകളെല്ലാം നാം ഒരൽപ്പം ജാഗ്രത പാലിച്ചാൽ അകറ്റി നിർത്താൻ സാധിക്കുന്നതാണ് എന്നതാണ് യാഥാർഥ്യം.
അന്യസംസ്ഥാന-വിദേശ ലോബികൾ സജീവം
മുംബൈ, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് വെർച്വൽ അറസ്റ്റ് തട്ടിപ്പുകളിൽ പ്രധാനികൾ. സംഘങ്ങളിൽ മലയാളികളോ, മലയാളം അറിയാവുന്നവരോ ഉണ്ടാകും. ആദ്യം ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കുന്ന സംഘം പിന്നീട് തങ്ങളുടെ കൂടെ മലയാളികൾ ഉണ്ടെന്നും അവരുമായി സംസാരിക്കമെന്നും പറയും. ശേഷം ഇവരാണ് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത്.
അതേസമയം ഷെയർ ട്രേഡിങിലൂടെയും ക്രിപ്റ്റോ ട്രേഡിങ്ങിലൂടെയും അധിക വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടുന്നതിൽ അധികവും വിദേശ കമ്പനികളാണെന്നാണ് പൊലീസ് പറയുന്നത്. കാലിഫോർണിയ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളാണ് കൊച്ചിയിലെ വ്യവസായിയിൽ നിന്ന് 25 കോടി തട്ടിയത്. ഈ വിദേശ സംഘങ്ങളിലും മലയാളികളുടെ സാന്നിധ്യം ഉള്ളതായി പൊലീസിന് സംശയമുണ്ട്.
തട്ടിപ്പുകൾ പലവിധം
25 കോടി നഷ്ടമായ വ്യവസായിക്ക് ആദ്യ ഘട്ടത്തിൽ ഒന്നരക്കോടിയോളം രൂപ ലാഭമായി ലഭിച്ചിരുന്നെന്നും ഇതിൽ വിശ്വസിച്ച് അധിക പണം നിക്ഷേപിച്ചപ്പോഴാണ് 25 കോടി നഷ്ടമായതും എന്നാണ് പൊലീസ് പറയുന്നത്. അതേസമയം മട്ടാഞ്ചേരിയിലെ വീട്ടമ്മയോട് ‘നിങ്ങളുടെ പേരിൽ മണി ലോണ്ടറിങ്, ക്രിപ്റ്റോ കറന്സി എന്നിവയുമായി ബന്ധപ്പെട്ട് മുംബൈയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു ‘തട്ടിപ്പ് പൊലീസ്’ വിളിച്ചറിയിച്ചത്. ജഡ്ജിയുടെയും വക്കീലിന്റെയും വേഷമണിഞ്ഞവർ വിഡിയോ കോളിൽ വന്ന് കേസ് ഒഴിവാക്കാനായി പണം നൽകിയാൽ മതി എന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളായി 2.88 കോടി രൂപ ഇവർ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറി.
ഇതിനെല്ലാം പുറമെ ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ ചോദിക്കുന്നവരും വൺ ടൈം പാസ് വേഡ് (ഒ.ടി.പി) ചോദിച്ച് തട്ടിപ്പുനടത്തുന്നവരും ഉണ്ട്. സാധാരണക്കാരെന്നോ വിദ്യാസമ്പനെന്നോ വ്യത്യാസമില്ലാതെ ഇരയാക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. വ്യവസായികൾ, ഡോക്ടർമാർ, റിട്ട. ബാങ്ക് ഉദ്യോഗസ്ഥർ, വീട്ടമ്മമാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് കെണിയിൽ പെടുന്നത്.
ഭയം വേണ്ട... ജാഗ്രത മതി
തട്ടിപ്പുകാർ കൂടുതൽ സങ്കീർണമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നതിനാൽ ജാഗ്രത പാലിക്കുകയും ആവശ്യമായ മുൻകരുതലെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്: സംശയാസ്പദമായ കോളുകൾ റിപ്പോർട്ട് ചെയ്യുക: നിങ്ങൾക്ക് ഒരു സംശയാസ്പദ നമ്പറിൽ നിന്ന് കോൾ ലഭിക്കുകയാണെങ്കിൽ, ഉടൻ തന്നെ ലോക്കൽ പൊലീസിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ (cybercrime.gov.in) ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പർ 1930ലോ റിപ്പോർട്ട് ചെയ്യുക.
വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക: ഫോണിലൂടെയോ വിഡിയോ കോളിലൂടെയോ, പ്രത്യേകിച്ച് അജ്ഞാത നമ്പറുകളുമായി, വ്യക്തിഗത-സാമ്പത്തിക വിശദാംശങ്ങൾ ഒരിക്കലും പങ്കിടരുത്. വിളിക്കുന്നയാളുടെ ഐഡന്റിറ്റി പരിശോധിക്കുക: ആരെങ്കിലും ഒരു നിയമ നിർവഹണ വകുപ്പിൽ നിന്നാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ, വിഡിയോ കോളിൽ ഏർപ്പെടുകയോ പണം കൈമാറുകയോ ചെയ്യരുത്. അവരുടെ യോഗ്യതാപത്രങ്ങൾ ആവശ്യപ്പെടുകയും ഔദ്യോഗിക വകുപ്പുകളുമായി ക്രോസ് ചെക്കും ചെയ്യുക.
പ്ലാറ്റ്ഫോം പരിശോധിക്കുക: ഔദ്യോഗിക ആശയവിനിമയത്തിനോ അറസ്റ്റിനോ യഥാർത്ഥ സർക്കാർ ഏജൻസികൾ വാട്സ്ആപ്പ്, ടെലഗ്രാം, സ്കൈപ്പ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കില്ല. പരിഭ്രാന്തരാകരുത്: ഇരകളെ നിർബന്ധിക്കാൻ തട്ടിപ്പുകാർ വിവിധ കാരണങ്ങൾ പറഞ്ഞ് ഭയപ്പെടുത്തുന്നത് പതിവാണ്. അത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിന് മുമ്പ് ശാന്തമായി സ്ഥിതിഗതികൾ വിലയിരുത്താൻ ശ്രമിക്കുക. അടുപ്പമുള്ള ആരോടെങ്കിലും ഇക്കാര്യം സംസാരിക്കുക.