വന്യമൃഗ ഭീതിയിൽ പകച്ച് കർഷകർ
text_fieldsകോതമംഗലം: താലൂക്കിലെ വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗ ഭീതിയിൽ കർഷകർ. കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ളവയുടെ ശല്യമാണ് രൂക്ഷമായത്. മുമ്പ് വേനലിൽ മാത്രം വെള്ളവും തീറ്റയും തേടി വനാതിർത്തികളിലെ ജനവാസ മേഖലകളിലെത്തിയിരുന്ന വന്യമൃഗങ്ങൾ ഇപ്പോൾ ജനവാസ മേഖലകളിൽ എത്തുന്നത് പതിവായി. കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളുടെ വനാതിർത്തി മേഖലകളിലെല്ലാം വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുകയാണ്. രാത്രിയിലെത്തുന്ന കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച ശേഷം പുലർച്ച വനമേഖലയിലേക്ക് പിൻവാങ്ങുകയാണ് ചെയ്യുന്നത്. ഇതുമൂലം പ്രദേശവാസികളുടെ വരുമാനമാർഗം നശിക്കുന്നതിനൊപ്പം സ്വൈരജീവിതവും നഷ്ടപ്പെടുകയാണ്.
പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ മുത്താരിയിൽ പോൾ വർഗീസിന്റെ ഏത്തവാഴത്തോട്ടമാണ് കഴിഞ്ഞ രാത്രി ആനകൾ നശിപ്പിച്ചത്. കോട്ടപ്പാറ പ്ലാന്റേഷന് സമീപത്തെ കൃഷിയിടത്തിലായിരുന്നു ആനകളുടെ വിളയാട്ടം. 150ഓളം കുലച്ച ഏത്തവാഴകൾ പൂർണമായി നശിപ്പിച്ചു. റബർ മരങ്ങളും നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഒരു രാത്രികൊണ്ട് സംഭവിച്ചത്. കീരംപാറ പഞ്ചായത്തിലെ പാലമറ്റത്ത് പെരിയാർ കടന്നെത്തുന്ന ഒറ്റയാനാണ് നാട്ടുകാർക്ക് ഭീഷണി ഉയർത്തുന്നത്. റോഡിന് സമീപം കുരുന്നപ്പിള്ളി നടയിലെ മാഞ്ചിയം പ്ലാന്റേഷനിലാണ് ആന തമ്പടിക്കുന്നത്. ദിവസങ്ങളായി ആന ഇവിടെ എത്തുന്നു. പ്ലാന്റേഷനിലെ പനകൾ മറിച്ചിട്ട് പൊട്ടിച്ച് ചോറ് തിന്നാനാണ് ഇവിടെയെത്തുന്നത്. യാത്രക്കാർക്കും സമീപവാസികൾക്കും ഒറ്റയാൻ പേടിസ്വപ്നമായി.
കുട്ടമ്പുഴയിലെ പുറമല കോളനിയിൽ വന്യമൃഗശല്യത്തിന് പരിഹാരമില്ലാത്തിനെ തുടർന്ന് വനം വകുപ്പിന്റെ വാഹനം നാട്ടുകാർ തടഞ്ഞു. 20 കുടുംബങ്ങളുള്ള ഇവിടെ ജീവിതം ദുരിതപൂർണമാണ്. കോളനിക്കാർ ഇവിടെനിന്ന് മാറണമെന്ന നിലപാടിലാണ് വനംവകുപ്പ് അധികൃതർ. വർഷങ്ങൾക്ക് മുമ്പ് പുറമ്പോക്ക് ഒഴിവാക്കി സർക്കാർ പുനരധിവസിപ്പിച്ച കോളനിയാണിത്. സന്ധ്യയായാൽ വന്യമൃഗങ്ങളെ പേടിച്ച് വാഹനങ്ങൾപോലും ഇങ്ങോട്ട് വരാത്ത സ്ഥിതിയാണ്. പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി രണ്ട് വാച്ചർമാരെ കോളനിയിൽ നിയോഗിച്ചിരിക്കുകയാണ്.
കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കൽ പാച്ചോറ്റിയിൽ പൈനാപ്പിള്ളിൽ മാത്തച്ചന്റെ 40 കുലച്ച ഏത്തവാഴയും റബർ മരങ്ങളും കാട്ടാന നശിപ്പിച്ചു. പലയിടങ്ങളിലും വൈദ്യുതിവേലി സ്ഥാപിച്ചെങ്കിലും ആനകൾതന്നെ നശിപ്പിക്കുകയോ പരിചരണമില്ലാത്തതിനാൽ കേടുപാട് സംഭവിക്കുകയോ ചെയ്ത നിലയിലാണ്. ശാശ്വത പരിഹാരമെന്ന നിലയിൽ ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് തുടങ്ങിയ നിർദേശങ്ങളുണ്ടെങ്കിലും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയാണ്. വനം വകുപ്പിന്റെ അലംഭാവത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്.