ആദ്യം ട്രെയിനിൽ കിടന്ന് ഉറങ്ങുകയാണെന്ന് കരുതി, പിന്നീട് യാത്രക്കാർ പരിശോധിച്ചപ്പോൾ യുവതി മരിച്ചതാണെന്ന് മനസിലായി; കൊച്ചിയിൽ ട്രെയിനുകൾ വൈകി
text_fieldsകൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ട്രെയിനിനുള്ളിൽ യുവതി മരിച്ച നിലയിൽ. തമിഴ്നാട് നാഗപടണം സ്വദേശിനിയായ ഇസൈവാണി കുഞ്ഞിപ്പിള്ള(40) എന്ന സ്ത്രീയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുതുച്ചേരി കാരക്കൽ നിന്ന് വൈകീട്ട് 4.30ന് പുറപ്പെടുന്ന ട്രെയിനിലാണ് ഇസൈവാണി സഞ്ചരിച്ചിരുന്നത്. രാവിലെ 7.45ന് ഈ ട്രെയിനാണ് എറണാകുളം-കോട്ടയം പാസഞ്ചറായി സർവീസ് നടത്തുന്നത്.
ട്രെയിൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടത്. കോച്ചിൽ കയറിയ യാത്രക്കാരാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആദ്യം ഉറങ്ങുകയാണെന്നാണ് കരുതിയത്. പിന്നീട് പരിശോധിച്ചപ്പോൾ അബോധാവസ്‍ഥയിലാണെന്ന് മനസിലായി. തുടർന്ന് റെയിൽവേ പൊലീസിന്റെ വൈദ്യസംഘം പരിശോധിച്ച ശേഷം ഉടൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് രാവിലെ സർവീസ് നടത്തുന്ന ട്രെയിനുകൾ വൈകി. ഈ ട്രെയിൻ ഒരു മണിക്കൂറോളം വൈകിയാണ് യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇസൈവാണിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


