പഞ്ചായത്ത് വക കെട്ടിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; വിഷം കലക്കിയതെന്ന് സംശയം
text_fieldsകുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്‍റെ കെട്ടിൽ മത്സ്യങ്ങൾ ചത്ത് പൊങ്ങിയപ്പോൾ
പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്‍റെ മത്സ്യക്കെട്ടിൽ പതിനായിരക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി. വിഷം കലക്കിയതാണെന്നാണ് സംശയം. കരിമീൻ, കട്ല, ചെമ്പല്ലി, കൂരി, കണമ്പ്, ഞണ്ട് തുടങ്ങിയ ഇനങ്ങളാണ് ചത്തുപൊങ്ങിയത്. ഞായറാഴ്ച പുലർച്ചെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നേരം വെളുത്തതോടെ കൂടുതൽ മത്സ്യങ്ങൾ ചത്ത് പൊങ്ങി തുടങ്ങി. ശ്വാസത്തിനായി കൂട്ടത്തോടെ വെള്ളത്തിന് മുകളിലെത്തുന്ന മത്സ്യങ്ങളും നിമിഷങ്ങൾക്കകം ചത്തു.
പഞ്ചായത്ത് വക ഫിഷ് പൗണ്ട്
എട്ട് ഏക്കറോളം വിസ്തീർണമുള്ളതാണ് പഞ്ചായത്ത് വക കല്ലഞ്ചേരി ഫിഷ് പോണ്ട്. അര നൂറ്റാണ്ടായി കരാർ നൽകി വരികയായിരുന്നു. ഒരു വർഷം മുമ്പാണ് കണ്ടകടവ് സ്വദേശിക്ക് എട്ടര ലക്ഷം രൂപക്ക് മൂന്ന് വർഷത്തേക്ക് പഞ്ചായത്ത് കരാർ നൽകിയത്. നാല് ലക്ഷത്തോളം കാര ചെമ്മീൻ കുഞ്ഞുങ്ങളുടെ അടുത്തിടെയാണ് കെട്ടിൽ നിക്ഷേപിച്ചത്. തിരുത കുഞ്ഞുങ്ങൾ അടക്കമുള്ള മത്സ്യങ്ങൾ പലതും വിളവെടുക്കാൻ പാകത്തിലായി വരികയായിരുന്നു.
വിഷം കലക്കിയതെന്ന് സംശയം
സാമുഹ്യ വിരുദ്ധർ വിഷം കലക്കിയതാകാമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഷാജി കുറുപ്പശേരി മാധ്യമത്തോട് പറഞ്ഞത്. പോണ്ടിന്‍റെ ഒരു ഭാഗത്തെ മൽസ്യങ്ങളാണ് ചത്ത് പൊങ്ങിയത്.
പോണ്ടിനെ മുഴുവൻ ബാധിക്കാത്തത് ഈ സംശയം ബലപ്പെടുത്തുന്നു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്‍റെ സാമ്പിൾ കൊണ്ടു പോയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധനക്ക് വിധേയമാക്കണമെന്ന് പൊലീസിനോടും ആവശ്യപെട്ടിട്ടുണ്ട്.
ചത്ത് പൊങ്ങിയ മത്സ്യങ്ങൾ എല്ലാം നീക്കം ചെയ്യാൻ കരാറുകാരനോടും നിർദേശിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
ആശങ്കയോടെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും
പഞ്ചായത്തിന്‍റെ ചരിത്രത്തിൽ ഇപ്രകാരം ഒരു സംഭവം ഉണ്ടായട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിഷം കലർത്തിയതാണെങ്കിൽ പോണ്ടിന് സമീപത്തെ കായലിലെ വെള്ളത്തേയും ബാധിക്കുമെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.
വിശ്വസിച്ച് എങ്ങനെ കായലിലെ മീൻകഴിക്കാനാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് മത്സ്യതൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.


