രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്
text_fieldsആലുവ-പറവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച നിലയിൽ
കരുമാല്ലൂർ: ആലുവ-പറവൂർ റോഡിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. വല്യപ്പൻപടിയിൽ തിങ്കളാഴ്ച വൈകീട്ട് 6.30ന് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് പെരുമ്പാവൂർ വെങ്ങോല സ്വദേശികളായ റോയ് ജോർജ് (62), അനൂപ് (39), ശാലു (56), സുധീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുധീഷും മറ്റ് മൂന്ന് പേരും ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവയിൽ നിന്ന് പറവൂർക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ എതിരെനിന്നു വന്ന കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗവും തകർന്നു. കാർ മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്.
സംഭവത്തെ തുടർന്ന് ഒരു മണിക്കൂറോളം ആലുവ-പറവൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ തിങ്കളാഴ്ച രാവിലെ ആലുവ-പറവൂർ റോഡിൽ കോട്ടപ്പുറത്ത് തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിനും പരിക്കേറ്റു.


