ഭക്ഷ്യസുരക്ഷ; നാല് മാസത്തിനിടെ 45 കേസ്
text_fieldsകൊച്ചി: വൃത്തിഹീനമായ ചുറ്റുപാട് മുതൽ ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളുടെ വിൽപന വരെ... വിവിധ കാരണങ്ങളാൽ നടപടി നേരിട്ടത് ജില്ലയിലെ നിരവധി സ്ഥാപനങ്ങളാണ്. പിഴയീടാക്കൽ മുതൽ അടച്ചുപൂട്ടൽ വരെ നടപടികളാണ് ഇത്തരക്കാർക്കെതിരെയുണ്ടാകുന്നത്. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗവും ശക്തമായ ഇടപെടലാണ് നടത്തിവരുന്നത്.
കഴിഞ്ഞ മാർച്ച് ഒന്ന് മുതൽ ഇതുവരെയുള്ള കണക്കു പ്രകാരം ക്രമക്കേടുകൾ കണ്ടെത്തി 10.69 ലക്ഷം രൂപയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പിഴയീടാക്കിയിരിക്കുന്നത്. 286 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. 401 സ്ഥാപനങ്ങൾക്ക് ക്രമക്കേടുകൾ തിരുത്തുന്നതിനുള്ള നോട്ടീസും നൽകി. 45 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ഇക്കാലയളവിൽ 2,327 പരിശോധനകളാണ് ജില്ലയിൽ നടത്തിയത്. 1,732 സാമ്പിളുകൾ പരിശോധനക്കെടുത്തു. പുതുതായി 749 സ്ഥാപനങ്ങൾക്ക് ലൈസൻസും 4,045 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും നൽകിയിട്ടുണ്ട്.
വിവിധ തലങ്ങളിൽ ഇടപെടൽ
ഭക്ഷ്യസുരക്ഷയിൽ വിവിധ തലങ്ങളിലുള്ള പരിശോധനകളും പ്രവർത്തനങ്ങളുമാണ് നടത്തി വരുന്നത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും കയറ്റുമതി, ഇറക്കുമതി ചെയ്യുന്നതുമായ ഭക്ഷണ പദാർഥങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയാണ് ഒന്നാമത്തേത്. കൃഷിയിടം മുതൽ തീൻമേശ വരെയുള്ള എല്ലാ തലങ്ങളിലും സുരക്ഷിത ഭക്ഷണം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് വകുപ്പിന്റെ ലക്ഷ്യമാണ്.
പൗരന്മാർക്കിടയിൽ ഭക്ഷ്യസുരക്ഷ സംസ്കാരം വികസിപ്പിക്കുക, സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ജീവിതരീതിയാക്കുക, ഭക്ഷ്യ വ്യവസായങ്ങൾക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ നൽകുക, ഭക്ഷ്യ ഉൽപാദനം, സംഭരണം, വിതരണം, വിൽപന എന്നിവയിലുള്ള നിയന്ത്രണം, ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകൾ കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് ലാബുകളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുക തുടങ്ങിയവ പ്രവർത്തനങ്ങളിൽപ്പെടും.
ഭക്ഷ്യസുരക്ഷ അതിപ്രധാനം
വിവിധ ഏജൻസികൾ നടത്തിയ ഭക്ഷ്യ സുരക്ഷ പരിശോധനകളിൽ ക്രമക്കേടുകളും വീഴ്ചകളും കണ്ടെത്തിയിട്ടുണ്ട്. രവിപുരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുപേര്‍ക്ക് ഭക്ഷ്യവിഷ ബാധയുണ്ടായതും ഒരു യുവതി ഗുരുതരാവസ്ഥയിലായതുമായ സംഭവം സമീപ ദിവസമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് കരാറെടുത്ത സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയ സംഭവവും ഉണ്ടായി. വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകളിലേക്ക് ഭക്ഷണമെത്തിക്കുന്ന എറണാകുളം കടവന്ത്രയിലെ ബ്രിന്ദാവൻ ഫുഡ് പ്രോഡക്സ്ട് ക്ലസ്റ്റർ കിച്ചനിൽനിന്നാണ് സാധനങ്ങൾ പിടിച്ചെടുത്തത്.