തടിലോറി വൈദ്യുതി ലൈനിൽ കുടുങ്ങിയ ദൃശ്യങ്ങൾ പങ്കുവെച്ചു; യുവാവിന് വധഭീഷണി
text_fieldsതടിലോറി വൈദ്യുതികമ്പികളിൽ കുടുങ്ങിയപ്പോൾ
മൂവാറ്റുപുഴ: തടിലോറി തട്ടി റോഡിലെ കേബിളുകൾ പൊട്ടുന്നതും വൈദ്യുതിലൈനിൽ കുടുങ്ങുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് യുവാവിനെതിരെ വധഭീഷണിയെന്ന് പരാതി. കേബിളുകൾ അടക്കം പൊട്ടിച്ച ലോറിക്ക് പിന്നാലെ മുന്നറിയിപ്പുമായി നാട്ടുകാരും മാറാടി സ്വദേശിയായ യുവാവും പിന്നാലെ എത്തിയെങ്കിലും ലോറി നിർത്തിയില്ല. പിന്നീട് വൈദ്യുതി ലൈനുകളിൽ കുടുങ്ങിയാണ് ലോറി നിന്നത്.
ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വന്നതോടെ ചിലർ വധഭീഷണിയുമായി യുവാവിന്റെ വീട്ടിൽ എത്തുകയായിരുന്നു. അപ്പോൾ വീട്ടിൽ യുവാവ് ഉണ്ടായിരുന്നില്ല. തുടർന്ന് റോഡിൽ കാത്തുനിന്ന് അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സമൂഹമാധ്യമ പോസ്റ്റ് നീക്കിയില്ലെങ്കിൽ കൊന്നുകളയുമെന്നും മാറാടിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയതിനൊപ്പം അക്രമികൾ വീട്ടിൽ വന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്.