വരൂ; ഈ കാട് കാണൂ...
text_fieldsകൊച്ചി: പ്രകൃതിക്ക് കോട്ടമൊന്നും തട്ടാതെ വനത്തിന്റെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തിയപ്പോൾ, വനം വകുപ്പിന് ലഭിച്ചത് കോടികളുടെ വരുമാനം. എറണാകുളം ജില്ലയിലെ ഫോറസ്റ്റ് ഡിവിഷൻ ഓഫിസുകൾക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സന്ദർശനം നടത്തിയിരിക്കുന്നതെന്ന് വനം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള മുളങ്കുഴി, പാണിയേലി പോര്, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിലും കാലടി പ്രകൃതി പഠനകേന്ദ്രത്തിന് കീഴിലെ അഭയാരണ്യം, പാണംകുഴി, മംഗളവനം, സുവർണോദ്യാനം എന്നിവിടങ്ങളിലും കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഇടുക്കി ജില്ലയിലെ തൊമ്മൻകുത്തിലും എത്തിയ ആളുകളുടെ കണക്കുകളാണിത്.
ഏറെ പ്രിയം പാണിയേലി പോര്
സഞ്ചാരികളിൽ നിന്ന് ഏറ്റവുമധികം വരുമാനം ലഭിച്ചിരിക്കുന്നത് പാണിയേലി പോരിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023 മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1.95 കോടി രൂപയാണ് ലഭിച്ചത്. പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ആകർഷകങ്ങളാണ്.
അപകടങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നതിനാൽ തന്നെ ശ്രദ്ധയോടെ സഞ്ചരിക്കേണ്ട സ്ഥലവുമാണിത്. മനോഹര പ്രകൃതിയുടെ പശ്ചാത്തലത്തിലുളള ഭൂതത്താൻകെട്ട് അണക്കെട്ട് കാണാനും നിരവധിയാളുകളാണ് എത്തുന്നത്. ഈ ജലസംഭരണിയുടെ സുരക്ഷിതത്വത്തിനായി കുന്നും മലകളും നിർമിച്ചത് ഭൂതങ്ങൾ ആണെന്ന ഐതിഹ്യത്തിൽ നിന്നാണ് ഭൂതത്താൻകെട്ട് എന്ന പേരിന്റെ ഉത്ഭവം.
ലക്ഷങ്ങളുടെ വരുമാനവുമായി ടൂറിസം കേന്ദ്രങ്ങൾ
ലക്ഷങ്ങളുടെ വരുമാനമാണ് ഓരോ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും നേടാനാകുന്നത്. മലയാറ്റൂരിനടുത്ത് സ്ഥിതി ചെയ്യുന്ന നദീതീര വിനോദസഞ്ചാര കേന്ദ്രമായ മുളങ്കുഴി മഹാഗണി തോട്ടത്തിലും നിരവധി ആളുകളാണ് സന്ദർശനത്തിനെത്താറുള്ളത്. രസകരമായ കാഴ്ചകളും കാടിനുള്ളിലെ യാത്രാനുഭവവും ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. എറണാകുളം നഗരത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന മംഗളവനം ഏവരെയും അതിശയിപ്പിക്കുന്നതാണ്. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്.
2024ലും 2025ൽ ഇതുവരെയും കൂടെ ആകെ 7.83 ലക്ഷം വരുമാനമാണ് സഞ്ചാരികളിൽ നിന്ന് ഇവിടെ ലഭിച്ചിരിക്കുന്നത്. പെരുമ്പാവൂരിനടുത്തുള്ള വന്യജീവി ഉദ്യാനമായ അഭയാരണ്യം, അവിടെ നിന്നും നാലുകിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന വനംവകുപ്പ് സൗകര്യങ്ങളൊരുക്കിയ പാണംകുഴി ഇക്കോ ടൂറിസം സെന്റർ, നെടുമ്പാശേരിക്കടുത്തുള്ള സുവർണോദ്യാനം ബയോളജിക്കൽ പാർക്ക് എന്നിവിടങ്ങളിലൊക്കെ വലിയ വരുമാനമാണ് ലഭിച്ചിരിക്കുന്നത്.


