സൂപ്പർലീഗ് കേരള
text_fieldsചൊവ്വാഴ്ച സൂപ്പർ ലീഗ് കേരള മത്സരത്തിന് മുന്നോടിയായി എറണാകുളം പനമ്പിള്ളിനഗറിൽ
ഫോഴ്സ കൊച്ചി ടീം പരിശീലനത്തിൽ
കൊച്ചി: നാലുകളികൾ...നാലുകളികളിലും തോൽവിയുടെ കണ്ണീർ.. ഇനിയൊന്നും നോക്കാനില്ലാത്ത ഫോഴ്സ കൊച്ചിയുടെ പടക്കുതിരകൾ ഒരിക്കൽകൂടി ഇന്ന് സൂപ്പർലീഗ് കേരളയിൽ ബൂട്ട് കെട്ടും. കഴിഞ്ഞ നാലു കളികളിലെയും തോൽവികൾക്ക് കണക്കുപറഞ്ഞ് പകരം ചോദിക്കാൻ എത്തുമ്പോൾ ഇത്തവണ എതിരാളികൾ ഒന്നുവിയർക്കും.
നാലുകളികളിൽ മൂന്നെണ്ണം സമനിലയിൽ രക്ഷപ്പെട്ടതിന്റെയും ഒറ്റജയത്തിന്റെയും മാത്രം ആത്മവിശ്വാസമുള്ള മലപ്പുറം എഫ്.സിയാണ് ഫോഴ്സക്കെതിരെ ചൊവ്വാഴ്ച ഇറങ്ങുന്നത്. ഫോഴ്സയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളജ് സ്റ്റേഡിയമാണ് മത്സരവേദി.
വൈകീട്ട് 7.30നാണ് മത്സരം. മത്സരങ്ങളിലെ തുടർതോൽവികളും പ്രധാനതാരങ്ങളുടെ പരിക്കും വകവെക്കാതെ ടൂർണമെന്റിലെ അഞ്ചാം മത്സരത്തിനുള്ള തീവ്രപരിശീലനത്തിലാണ് ഫോഴ്സ കൊച്ചി. തുടർച്ചയായുണ്ടാകുന്ന തോൽവികൾ ടീമിനെയും ആരാധകരെയും മാനേജ്മെന്റിനെയുമെല്ലാം സമ്മർദത്തിലാക്കുന്നുണ്ടെങ്കിലും അതിനെ നേരിടാൻ പുതിയ തന്ത്രങ്ങളുമായിട്ടായിരിക്കും കളിക്കിറങ്ങുക. കഴിഞ്ഞത് കഴിഞ്ഞു, ഇനി ഈ സീസണിൽ പിടിച്ചുനിൽക്കുക എന്നതുകൂടിയാണ് കൊച്ചിയുടെ സ്വന്തം ക്ലബിന്റെ ലക്ഷ്യം.
നിലവിൽ പൂജ്യം പോയന്റോടെ റാങ്ക് പട്ടികയിൽ ഏറ്റവും അവസാനക്കാരാണ് ഫോഴ്സ എന്നതിനാൽ ഇനിയുള്ള കളികളിലെല്ലാം വിജയമല്ലാതെ മറ്റൊന്നും ടീം ലക്ഷ്യമിടുന്നില്ല. ഫ്രാൻസിന്റെ രചിത് ഐത് അത്മാനേയാണ് ടീം ക്യാപ്റ്റൻ. മലപ്പുറം എഫ്.സിക്കാണെങ്കിൽ നിലവിൽ ആറു പോയന്റോടെ നാലാം സ്ഥാനമുണ്ട്.
നാലു തോൽവികളിൽനിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണ തികച്ചും വ്യത്യസ്തമായ ഗെയിം പ്ലാനോടുകൂടിയായിരിക്കും ഫോഴ്സയുടെ മുഖ്യപരിശീലകൻ മിഗ്വൽ ലാഡോ പ്ലാന താരങ്ങളെ മൈതാനത്തിറക്കുക.
കഴിഞ്ഞ സീസണിൽ ഹോം ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിലേറ്റ തോൽവിക്കുള്ള കണക്കുതീർക്കുക എന്ന ലക്ഷ്യംകൂടി മലപ്പുറം എഫ്.സിക്കെതിരെ കളിക്കളത്തിലിറങ്ങുമ്പോൾ ഫോഴ്സക്കുണ്ട്. പനമ്പിള്ളി നഗറിലെ സ്കൂൾ സ്റ്റേഡിയത്തിൽ തീവ്രപരിശീലനം നടത്തിവരുന്ന ടീമിൽ പുതിയ താരങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.
കൊച്ചിയിലെ ആരാധകരുടെ പിന്തുണയും ടീമിനും കരുത്തേകും. ഈ ശക്തിയും കരുത്തും ഗാലറിയിൽ നിറയുമ്പോൾ സീസണിലെ ആദ്യജയം ഫോഴ്സക്കൊപ്പം പോരുമെന്നാണ് പ്രതീക്ഷ.


