ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടി; പേരിൽ മാത്രമാണ് ഗ്ലാമർ
text_fieldsഫോർട്ട്കൊച്ചി: പഴമയുടെ പെരുമയുണ്ട്, പുതുമയുടെ മൊഞ്ചുമുണ്ട്. പക്ഷെ ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിലൂടെ ഒരു യാത്ര പോയാൽ ഈ സുഖമാക്കെ പോകുമെന്ന് യാത്രക്കാർ. കഴിഞ്ഞ രണ്ട് വർഷക്കാലം നവീകരണം നടക്കുമ്പോഴും ശേഷവും ഈ ജെട്ടിയിൽനിന്ന് ബോട്ട് കയറാൻ എത്തുന്നവരും ഇറങ്ങുന്നവരും ഭീതിയോടെയാണ് നീങ്ങുന്നത്.
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ജെട്ടി പൈതൃക തനിമയിൽ നവീകരിക്കുന്ന ജോലികൾ ആരംഭിച്ചതോടെയാണ് യാത്രക്കാർക്ക് തലവേദന ആരംഭിച്ചത്. ജെട്ടിയിലേക്കുള്ള പ്രവേശന ഭാഗം 200ഓളം മീറ്റർ നീളത്തിൽ വീതി കുറഞ്ഞ പാതയാണ്. ഈ പാതയിൽ നവീകരണ ജോലികൾക്കായി കുഴികളെടുത്തു. എന്നാൽ നവീകരണം ഒച്ചിഴയുന്ന വേഗത്തിലായതോടെ ഈ കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയായി.
ഫ്രഞ്ച് സ്വദേശി കുഴിയിൽ വീണ് കാലൊടിഞ്ഞത് കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ നാണക്കേടായിരുന്നു. ഇതിനകം നിരവധി നാട്ടുകാരും ഇതര സംസ്ഥാന തൊഴിലാളികളും കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. വിദേശിക്ക് പരിക്കേറ്റ ശേഷമാണ് നവീകരണത്തിന് വേഗം കൂടിയത്. ഫെബ്രുവരി നാലിന് ഗതാഗത മന്ത്രി ഗണേഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനം കഴിഞ്ഞിട്ടും ദുരിതം മാറുന്നില്ല
ഒരു കോടി രൂപ ചെലവഴിച്ച് കസ്റ്റംസ് ജെട്ടി നവീകരിച്ചെങ്കിലും മഴക്കാലത്ത് ചോർന്നൊലിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനിടയിലാണ് ശക്തമായ മഴയിൽ ജെട്ടിയോട് ചേർന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്ന് വീഴുന്നത്. ജീർണിച്ച കെട്ടിടം നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇക്കാര്യം നവീകരണ സമയത്ത് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാരടക്കം സി.എസ്.എം.എൽ അധികൃതരോട് ചൂണ്ടിക്കാണിച്ചെങ്കിലും മുഖവിലക്കെടുത്തില്ല.
ശക്തമായ മഴയും കാറ്റും ഉള്ളപ്പോൾ കെട്ടിടത്തിന്റെ ഓരോ ഭാഗം അടർന്ന് ജെട്ടിയുടെ പുതുതായി നിർമിച്ച സീലിങിന് മുകളിലേക്ക് വീണ് തകരുകയാണ്. യാത്രക്കാർ ഒരു ഭാഗം ചേർന്ന് പോകാൻ ജലഗതാഗത വകുപ്പ് കയർ വലിച്ച് കെട്ടിയിട്ടുണ്ട്. കെട്ടിടം മറിഞ്ഞ് വീഴുമോ എന്ന ആശങ്കയോടെയാണ് യാത്രക്കാർ ഇതുവഴി പോകുന്നത്. നവീകരണം നടക്കുമ്പോൾ കുഴികളായിരുന്നു വില്ലനെങ്കിൽ നവീകരണം കഴിഞ്ഞപ്പോൾ സമീപത്തെ ജീർണിച്ച കെട്ടിടമാണ് പ്രശ്നം. തിരക്കിട്ട് ഉദ്ഘാടനം ചെയ്ത് ‘തല്ലിക്കൂട്ട്’ പണിയാണ് ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി.
തൂങ്ങിയാടുന്ന മെയിൻ സ്വിച്ച് ബോർഡ്
ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ചെങ്കിലും ഇലക്ട്രിക് വയറിങ് ജോലി പോലും പൂർത്തിയായിട്ടില്ല. ജെട്ടിയിലേക്കുള്ള മെയിൻ സ്വിച്ച് ബോർഡ് പ്രവേശന കവാടത്തിന് സമീപം തന്നെ തൂങ്ങി ആടുകയാണ്. സ്വിച്ചിൽ നിന്നുള്ള വയറുകളും വഴി നീളെ തൂങ്ങി കിടപ്പുണ്ട്. തൊട്ടാൽ ഷോക്കേൽക്കാൻ സാധ്യതയുണ്ട്. ശക്തമായ മഴയിൽ സീലിങ് ചോർന്നൊലിക്കുമ്പേൾ ചില വേളകളിൽ വൈദ്യുതിയിൽനിന്നുള്ള എർത്ത് അനുഭവപ്പെടാറുണ്ടെന്ന് യാത്രക്കാർ പറയുന്നു.
ടോയ്ലറ്റ് സംവിധാനം ഇല്ല
വിദേശികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ജെട്ടിയാണിത്. എന്നാൽ നവീകരണം നടന്നിട്ടും യാത്രക്കാർക്ക് ടോയ്ലറ്റ് സൗകര്യം ഒരുക്കിയില്ല. ജലഗതാഗത വകുപ്പിന്റെ നവീകരണത്തിൽ ടോയ്ലറ്റ് നിർമിച്ചെങ്കിലും വെള്ളം ഇല്ലാത്തതിനാൽ ഉപയോഗിക്കാനാവില്ല.
കെട്ടിടം പൊളിക്കാൻ ഉടമക്ക് നോട്ടീസ്
അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ ഉടമക്ക് കൊച്ചി കോർപറേഷൻ ടൗൺ പ്ലാനിങ് വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. മുമ്പ് ഗോഡൗണായിരുന്ന കെട്ടിടം ജീർണത മൂലം അടച്ചിരിക്കുകയാണ്. വലിയ അപകടം സംഭവിക്കും മുമ്പ് പൊളിച്ച് മാറ്റണമെന്നാണ് നിർദ്ദേശം. ശക്തമായ മഴയും കാറ്റുമുള്ളപ്പോൾ യാത്രക്കാർക്ക് ഭയമാണ്. നേരത്തെ ജലഗതാഗത വകുപ്പ് അധികൃതരും കെട്ടിട ഉടമയോട് കെട്ടിടം പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കണ്ടാണ് കെട്ടിടത്തിനോട് ചേർന്ന് വൻ തുക ചെലവഴിച്ച് നവീകരണം നടത്തിയത് എന്നതാണ് ആശ്ചര്യം.


