നഗരത്തിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഒരുക്കേണ്ടത് 71 അപ്പാർട്ടുമെന്റുകളിലെന്ന് സർക്കാർ
text_fieldsകൊച്ചി: 2026 ഫെബ്രുവരി 28 നകം 57 അപ്പാർട്ടുമെന്റുകൾ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഒരുക്കാൻ തയാറായതായി സർക്കാർ ഹൈകോടതിയിൽ. ഇക്കാര്യത്തിൽ നടപടി ഉറപ്പു നൽകി ഈ അപ്പാർട്ട്മെന്റുകൾ മലിനീകരണ നിയന്ത്രണ ബോർഡിന് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ആകെ 71 അപ്പാർട്ടുമെന്റുകളിലാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഒരുക്കേണ്ടത്.
ഇനി 14 അപ്പാർട്ടുമെന്റുകൾ സത്യവാങ്മൂലം നൽകാനുണ്ടെന്നും തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയ പരിഗണിക്കുന്ന കേസിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ഹരജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ച് പരിഗണിക്കും.
മാലിന്യ ട്രീറ്റ്മെന്റ് സൗകര്യമില്ലാത്ത അപ്പാർട്ടുമെന്റുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അടച്ചുപൂട്ടൽ നോട്ടീസിലെയും വൈദ്യുതി വിഛേദിക്കാനുള്ള നിർദേശത്തിലെയും തുടർ നടപടികൾക്ക് കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. നോട്ടീസ് ചോദ്യം ചെയ്ത് അപ്പാർട്ട്മെന്റ് ഉടകമകൾ നൽകിയ ഹരജിയിലായിരുന്നു നടപടി. മാലിന്യ ട്രീറ്റ്മെന്റ് സൗകര്യം എന്ന് ഒരുക്കാനാവുമെന്ന് വ്യക്തമാക്കി മലിനീകരണ നിയന്ത്രണ ബോർഡിന് സത്യവാങ്മൂലം നൽകണമെന്ന ഉപാധിയോടെയാണ് സമയം നീട്ടി നൽകിയത്.
ഇതേ തുടർന്നാണ് ഭൂരിപക്ഷം അപ്പാർട്ടുമെന്റുകളും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. കൊച്ചിയിൽ താമസക്കാരായ എട്ടര ലക്ഷത്തോളം ജനങ്ങൾ ദിനം പ്രതി 150 ലിറ്റർ വീതവും സന്ദർശകർ 70 ലിറ്റർ വീതവും വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിലേറെയും മലിനജലമായാണ് മാറുന്നത്.
കോർപറേഷന്റെ കീഴിൽ ആകെയുള്ള രണ്ട് മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റുകളിലൂടെ നഗരത്തിലെ 40 ശതമാനം മാലിന്യം മാത്രമാണ് ശുചീകരിക്കാനാവുക. നിലവിൽ കനാലുകളുടെ ശുചീകരണമടക്കം 1620 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. ഇത് പൂർത്തിയാകാൻ അഞ്ചുവർഷത്തോളമെടുക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


