ശക്തമായ മഴ; സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം മുങ്ങി
text_fieldsകൊച്ചി: ശക്തമായ മഴയിൽ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ വെള്ളക്കെട്ട്. റെയിൽവേ സ്റ്റേഷന്റെ പ്രധാന പ്രവേശന ഭാഗത്തിനും മെട്രോ സ്റ്റേഷനുമിടയിലുള്ള ഭാഗത്തും വിവേകാനന്ദ റോഡിലുമായിരുന്നു വാഹനഗതാഗതവും കാൽനടയും ദുസ്സഹമാക്കുന്ന മലിനജലം നിറഞ്ഞുള്ള വെള്ളക്കെട്ട്. സ്റ്റേഷനിലേക്ക് കടക്കാൻ കഴിയാത്ത നിലയിലായിരുന്നു. പുലർച്ച മൂന്ന് മണിക്കൂറോളം തുടർച്ചയായി പെയ്ത ശക്തമായ മഴയിലാണ് വെള്ളക്കെട്ടുണ്ടായത്. ഡ്രെയിനേജ് വഴി വെള്ളം ഒഴുകിപ്പോകാനാകാത്ത സ്ഥിതി വന്നതോടെയാണ് വെള്ളക്കെട്ട് മണിക്കൂറോളം തുടർന്നത്. ആളുകൾക്ക് മെട്രോ പില്ലറിന് കീഴിലുള്ള ഉയർന്ന ഭാഗത്തുകൂടി കയറി താഴേക്ക് ചാടിയിറങ്ങി കടന്നുപോകേണ്ട സ്ഥിതിയായിരുന്നു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഇതോടെ വലിയ ദുരിതത്തിലായി. റെയിൽവേ സ്റ്റേഷനിലേക്ക് ബാഗുകളടക്കമായി എത്തിയവർ കടുത്ത പ്രയാസം അനുഭവിക്കേണ്ടി വന്നു. വാഹനങ്ങൾ വെള്ളക്കെട്ടിൽ നിന്നുപോകേണ്ട സ്ഥിതിയുണ്ടായി.
എറണാകുളം സൗത്തിൽ 130 മില്ലീമീറ്റർ മഴയാണ് ഞായറാഴ്ച രാവിലെ വരെയുള്ള 12 മണിക്കൂറിനുള്ളിൽ പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എറണാകുളം ബോട്ട് ജെട്ടി 145 മില്ലീമീറ്ററും ഡി.എച്ച് ഗ്രൗണ്ട് ഭാഗത്ത് 139.5 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മട്ടാഞ്ചേരി 117 മില്ലീമീറ്റർ, കടവന്ത്ര 103 മില്ലീമീറ്റർ, കൊച്ചി നാവിക ആസ്ഥാനം 94.2 മില്ലീമീറ്റർ, പിറവം 30 മില്ലീമീറ്റർ എന്നിങ്ങനെയും മഴ ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു ഞായറാഴ്ച.
സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ പനമ്പിള്ളി നഗർ വരെയുള്ള ചെറിയ പ്രദേശത്ത് മറ്റ് സ്ഥലങ്ങളിലേതിനെക്കാൾ കൂടുതൽ മഴ പെയ്തതാകാം കാരണമെന്നും പരിശോധിക്കേണ്ടതാണെന്നും കൊച്ചി മേയർ എം. അനിൽകുമാർ പ്രതികരിച്ചു. കാലവർഷം വന്ന സമയത്തൊന്നും ഈവിധം വെള്ളക്കെട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ വലിയ ഏകോപനത്തോടെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


