ഹായ് ബ്രസീൽ! ഇവിടെ എല്ലാം ബ്രസീൽ മയം...
text_fieldsബ്രസീൽ ആരാധകനായ മേക്കാട് സ്വദേശി സാലു പോൾ തന്റെ വീട് ബ്രസീൽ ജഴ്സിയുടെ നിറം കൊണ്ട് വർണാഭമാക്കിയപ്പോൾ
അത്താണി: ലോകകപ്പിനെ വരവേൽക്കാൻ സ്വന്തം വീട് കാൽപ്പന്ത് കളിയുടെ കളിത്തൊട്ടിലാക്കി ബ്രസീൽ ആരാധകനായ മേക്കാട് സ്വദേശി സാലു പോൾ. വീടിന്റെ അകവും പുറവുമെല്ലാം ബ്രസീൽ ജഴ്സിയുടെ നിറത്തിൽ. പതിറ്റാണ്ടുകളായി ബ്രസീൽ നിറത്തിലാണ് വീടിന്റെ പെയിൻറിങ്. ലോകകപ്പ് ആസന്നമായതോടെ നിറം പുതുക്കി. വ്യാഴാഴ്ചയോടെ മഞ്ഞ നിറത്തിൽ പച്ച ഷെയ്ഡുള്ള പെയിൻറിങ് പൂർത്തിയാക്കി. പുതിയ വീട് നിർമിച്ച ശേഷം നാലാംതവണയാണ് ബ്രസീൽ ജഴ്സിയുടെ നിറം നൽകുന്നത്.
വീടിന്റെ ചുമരുകളും മേൽക്കൂരയും കാർ ഷെഡും കർട്ടനുകളും പൂച്ചട്ടികളും ഇരിപ്പിടങ്ങളും മുതൽ പട്ടിക്കുടിനു വരെ മഞ്ഞയും പച്ചയും നിറമാണ് നൽകിയിരിക്കുന്നത്. മുറ്റത്തെ പ്ലാവിന്റെ നിറം കണ്ടാൽ ബ്രസീൽ പ്ലാവാണോ എന്നു തോന്നുന്ന രീതിയിൽ ഇലകളിലും ഇടക്കിടെ മഞ്ഞ നിറം അടിച്ചിട്ടുണ്ട്. വീടിന്റെ മതിലുകളിൽ ബ്രസീൽ താരങ്ങളുടെ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. സാലുവിന്റെ മൂന്ന് വാഹനങ്ങൾക്കും ഹൗസ് ഓഫ് ബ്രസീൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. ലോക കപ്പ് സമയത്ത് സാലു പുറത്തിറങ്ങുന്നതുപോലും ബ്രസീൽ ജഴ്സി ധരിച്ചാണ്.
വരും ദിവസങ്ങളിൽ സാലുവിന്റെ വീടൊരു ബ്രസീൽ പക്ഷ പടക്കളമായി മാറും. വലിയ സ്ക്രീൻ സ്ഥാപിച്ച് നാട്ടിലെ ഫുട്ബാൾ ആരാധകർക്ക് മത്സരം കാണാനും അവസരമൊരുക്കിയിട്ടുണ്ട്. സാലു ബ്രസീൽ ഫാനാണെങ്കിലും, മറ്റുള്ളവരുടെ ഇഷ്ടതാരങ്ങളെ അവഗണിക്കാറില്ല. സോക്രട്ടീസ്, ഗാരിഞ്ച, സീക്കോ തുടങ്ങിയ ആദ്യകാലതാരങ്ങളുടെ കളി കണ്ടാണ് ബ്രസീൽ ആരാധകനായെന്ന് സാലു പറയുന്നു. പുതു തലമുറയിൽ നെയ്മറാണ് ഇഷ്ട താരം.


