അവഗണനയുടെ തുരുത്തിൽ വൈപ്പിനിലെ ആശുപത്രികൾ
text_fieldsവൈപ്പിന്‍: ഞാറക്കല്‍ താലൂക്കാശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങൾ പൂര്‍ത്തീകരിച്ചിട്ടും രോഗികളുമായി സ്വകാര്യ ആശുപത്രിയിലേക്കോ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കോ ഓടേണ്ട ഗതികേടിലാണ് വൈപ്പിന്‍ തീരദേശ ജനത. പനിയും അനുബന്ധ അസുഖങ്ങളുമായി ദിവസവും മത്സ്യത്തൊഴിലാളികളും അല്ലാത്തവരുമായ നിരവധിപേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലാണ് ഈ ദുഃസ്ഥിതി.
വനിത വാര്‍ഡുള്‍പ്പെടെ നിർമാണം പൂര്‍ത്തിയായിട്ടും ആശുപത്രിയില്‍ ലഭ്യമാകുന്നത് ഒ.പി ചികിത്സ മാത്രം. പേരില്‍ താലൂക്ക് ആശുപത്രിയാണെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രം പോലെയാണ് പ്രവര്‍ത്തനം. നിലവില്‍ ആറ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. എന്നാല്‍, വൈകീട്ട് ആറ് മണി കഴിഞ്ഞാല്‍ ഡോക്ടര്‍മാരില്ല. അത്യാഹിത വിഭാഗത്തിന് വേണ്ടി പണിത പുതിയ കെട്ടിടം പൂര്‍ത്തിയായിട്ടും തുറന്നുകൊടുക്കാനായിട്ടില്ല. ഐസോലേഷന് വാര്‍ഡിന്റെ പണി തുടങ്ങിയിട്ട് നാളുകള്‍ പിന്നിട്ടെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. ഒന്നര കോടി ചെലവില്‍ നിർമിച്ച സ്ത്രീകളുടെ വാര്‍ഡ് 2022 ഡിസംബറിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തെങ്കിലും ഇപ്പോഴും വെള്ളവും കറന്റും ഇല്ല. രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉണ്ടെങ്കില്‍ രാത്രി ചികിത്സ തുടങ്ങാമെന്നിരിക്കെ അധികൃതർക്ക് ഇക്കാര്യത്തിലും അനാസ്ഥയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
രണ്ടു തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര മേഖലകൂടിയായ മുനമ്പത്തെ സര്‍ക്കാര്‍ ആശുപത്രിയും അവഗണനയിലാണ്. ഒരുകാലത്ത് പ്രസവവും പോസ്റ്റുമോര്‍ട്ടവും ഉള്‍പ്പെടെ നടന്നിരുന്ന ആശുപത്രിയിൽ ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. 200ഓളം പേര് ദിനേന ഇവിടെ ചികിത്സക്കായി എത്തുന്നുണ്ടെങ്കിലും തുടര്പരിശോധനകളുടെയും കിടത്തി ചികിത്സയുടെയും അഭാവം മൂലം മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. നാലും അഞ്ചും ഡോക്ടര്‍മാരുടെ സേവനം മുമ്പ് ലഭ്യമായിരുന്നു. ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരുണ്ടെങ്കിലും അവരുടെ പേരുകള്‍ ബോര്‍ഡില്‍ മാത്രമാണ്. മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളില്ല. ലാബ് പരിശോധനകള്‍ പലതും പുറത്ത് നടത്തണം. ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകളും പുറത്തേക്ക് കുറിച്ചുനല്‍കുകയാണ്.
നാലേക്കറിലധികം ഭൂമിയിലാണ് ആശുപത്രി കെട്ടിടം. നേരത്തെ കിടത്തി ചികിത്സയുണ്ടായിരുന്ന മുറികൾ പിന്നീട് ഫാര്‍മസിയാക്കി. ആശുപത്രിക്ക് ചുറ്റും കാടുപിടിച്ച നിലയാണ്. ആശുപത്രി കെട്ടിടത്തിനുപിന്നിലെ സ്ഥലത്ത് വയോജനങ്ങള്‍ക്ക് ഉള്‍പ്പെടെ നടക്കാൻ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. ആശുപത്രി വളപ്പില്‍ തെരുവ് നായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നത് പതിവാണ്. മുനമ്പം ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കാൻ നടപടി പുരോഗമിക്കുന്നതായി ജനപ്രതിനിധികള്‍ അവകാശപ്പെടുമ്പോഴും ആശുപത്രിയുടെ ശോചനീയാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.