ആശ്രമം ബസ്സ്റ്റാൻഡിൽ അനധികൃത പാർക്കിങ്ങും സാമൂഹികവിരുദ്ധശല്യവും
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ പ്രധാന ബസ്സ്റ്റാൻഡുകളിൽ ഒന്നായ ആശ്രമം ബസ്സ്റ്റാൻഡ് സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി. ഇതിനു പുറമെ സാമൂഹിക വിരുദ്ധശല്യവും രൂക്ഷമായി. ആലുവ, എറണാകുളം, കാളിയാർ, കോതമംഗലം, കാക്കനാട് തുടങ്ങിയ മേഖലകളിലേക്കുള്ള ബസുകളുടെ സ്റ്റാൻഡായ ഇവിടം ടിപ്പറുകൾ അടക്കമുള്ള വാഹനങ്ങൾ കൈയേറിയിട്ട് നാളുകളായി.
ഇതുമൂലം സ്വകാര്യ ബസുകളുടെ പാർക്കിങ് അടക്കം വിനയായി. സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡ് വണ്ടിപ്പേട്ടയാക്കി. ടിപ്പറുകൾ, ലോറികൾ, മറ്റു വാഹനങ്ങൾ എന്നിവയാണ് പാർക്ക് ചെയ്യുന്നത്. ഇതിനു പുറമെ നഗരത്തിൽ വന്നു വിവിധ സ്ഥലങ്ങളിൽ ജോലിക്കായി പോകുന്നവരുടെ വാഹനങ്ങളും നിർത്തിയിടുന്നുണ്ട്. അനധികൃത പാർക്കിങ്ങിനെതിരെ ബസ് ജീവനക്കാർ പലതവണ പരാതി പറഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതുമൂലം പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. ബസുകൾ പാര്‍ക്ക് ചെയ്യുന്നതിന് ദിവസേന നഗരസഭ 30 രൂപ വീതം ഈടാക്കുന്നുണ്ടങ്കിലും അനധികൃത പാർക്കിങ്ങിനെതിരെ നടപടിയില്ല. നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റാൻഡ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിട്ടും നാളുകളായി.
സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് അടച്ചു പൂട്ടിയതോടെ ഇതും ഇവർ കൈയേറി മദ്യപാനവും കിടപ്പും ആരംഭിച്ചിട്ടും കാലങ്ങളായി. ഇവരുടെ ഉപദ്രവവും സംസാരവും മൂലം സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ബസ് കാത്തുനിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. സന്ധ്യയാകുന്നതോടെ സ്റ്റാൻഡിൽ വെളിച്ചമില്ലാത്തതും പ്രശ്നമാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ സ്റ്റാൻഡ് പൂർണമായി ഇരുട്ടിലാകും. ഇത് യാത്രക്കാർക്കും ജീവനക്കാർക്കും ദുരിതമാണ്. നഗരസഭയുടെ കീഴിലെ രണ്ട് ബസ് സ്റ്റാൻഡുകളിൽ ഒന്നായ ഇവിടെ നിന്നാണ് ആലുവ, പെരുമ്പാവൂർ, പട്ടിമറ്റം, കാളിയാർ, കോതമംഗലം, കോലഞ്ചേരി, പെരുമ്പാവൂർ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകൾ പുറപ്പെടുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് കോടികൾ മുടക്കി നിർമിച്ച സ്റ്റാൻഡിൽ ശുചിമുറിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും വൈകീട്ട് നാല് മുതൽ ഒമ്പതുവരെ പൊലീസ് എയ്ഡ് പോസ്റ്റ് തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ലൈറ്റുകൾ അടക്കം തെളിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.


