പണി പൂർത്തീകരിക്കാതെ ഉദ്ഘാടനം; ശൗചാലയവും ഫീഡിങ് റൂമും അടഞ്ഞുതന്നെ
text_fieldsഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്ന് കലക്ടർ ഉദ്ഘാടനം ചെയ്ത ഫീഡിങ് റൂമും ശൗചാലയവും
കാക്കനാട്: വൈദ്യുതിയില്ല, വെള്ളവുമില്ല. ഉദ്ഘാടനം തകൃതിയായി നടത്തി. രണ്ടാഴ്ച പിന്നിട്ടു. ലക്ഷങ്ങൾ ചെലവഴിച്ച് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനോട് ചേർന്ന് പൊതുജന-ഭിന്നശേഷി സൗഹൃദ ശൗചാലയവും ഫീഡിങ് റൂമും തുറന്നുകൊടുക്കാനാകാതെ നഗരസഭ. ഏറെ കൊട്ടിഗ്ഘോഷിച്ച് തൃക്കാക്കര നഗരസഭ ആഗസ്റ്റ് 30ന് കലക്ടർ ജി. പ്രിയങ്കയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചതാണ് ഈ കെട്ടിടങ്ങൾ. നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ള, കൗൺസിലർമാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അടക്കം ചടങ്ങിൽ പങ്കാളികളായിരുന്നു. ഉദ്ഘാടന ദിനം ശൗചാലയത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിൽ വെള്ളം നിറച്ച് പ്രവർത്തിപ്പിക്കുകയായിരുന്നു. വാട്ടർ ടാങ്കിലെ വെള്ളം തീർന്നതിന് ശേഷം ശൗചാലയവും പൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ വൈദ്യുതിയില്ലാതെ ഫീഡിങ് റൂമിലും പൂട്ടുവീണു.
കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ടെസ്റ്റിന് എത്തുന്ന ആളുകളും പൊതുജനങ്ങളും പ്രത്യേകിച്ച് സ്ത്രീകളും ഈ പ്രദേശത്ത് ശൗചാലയത്തിന്റെ അഭാവം മൂലം നാളുകളായി നേരിടുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി ശാശ്വത പരിഹാരം കാണാൻ തൃക്കാക്കര നഗരസഭയും സ്വച്ഛ് ഭാരത് മിഷനും ചേർന്ന് നിർമിച്ചതാണ്. എന്നാൽ, ശൗചാലയത്തിനും ഫീഡിങ് റൂമിനുമുള്ള വൈദ്യുതി കണക്ഷൻ ആർ.ടി.ഒ എടുക്കണമെന്നാണ് നഗരസഭയുടെ വാദം. പണി പൂർത്തീകരിക്കാതെ വൈദ്യുതി, വെള്ളം ഉറപ്പുവരുത്താതെ തൃക്കാക്കര നഗരസഭ ഉദ്ഘാടന പ്രഹസനം നടത്തിയത് എന്തിനെന്നാണ് ഡ്രൈവിങ് ടെസ്റ്റിനെത്തിയവർ ചോദിക്കുന്നത്.