ഇൻഫോപാർക്ക് എ.ഐ ടൗൺഷിപ് മൂന്നാംഘട്ടം; ലാൻഡ് പൂളിങ് ഉടൻ
text_fieldsഇൻഫോപാർക്ക് മൂന്നാംഘട്ടത്തിന്റെ മാതൃക (മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോ ദൃശ്യത്തിൽനിന്ന്)
കൊച്ചി: നാളെയുടെ സാങ്കേതികവിദ്യയെ ഇന്നുതന്നെ ചേർത്തുപിടിച്ച് ഐ.എ നിയന്ത്രിത ടൗൺഷിപ്പായി ഒരുങ്ങാൻ ഇൻഫോപാർക്ക് മൂന്നാം ഘട്ടം. 300 ഏക്കർ വിസ്തൃതിയിലാണ് അത്യാധുനിക സൗകര്യത്തോടെ പുതിയ ഇൻഫോപാർക്ക് ഒരുങ്ങുന്നത്. കേരളത്തിന്റെയും എറണാകുളത്തിന്റെയും വികസനചരിത്രത്തിൽ പുതിയ നാഴികക്കല്ലായിരിക്കും പുതിയ ടൗൺഷിപ്. രണ്ട് ലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഐ.ടി ഇടം മുതൽ നഗര കൃഷിവരെ
300 ഏക്കറിൽ 20 മില്യൺ സ്ക്വയർ ഫീറ്റിലാണ് ഐ.ടി കമ്പനികൾക്കുള്ള ഇടം ഒരുങ്ങുന്നത്. ഐ.ടി കമ്പനികൾ മാത്രമായി ഒതുങ്ങുന്നതല്ല മൂന്നാംഘട്ടത്തിലെ ഇൻഫോപാർക്ക് വികസനം. താമസിക്കാനുള്ള വസതികൾ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അത്യാധുനിക മാലിന്യസംസ്കരണ സംവിധാനം, നഗര കൃഷിയിടം, സാംസ്കാരിക ഇടം തുടങ്ങിയ സംവിധാനങ്ങൾ ഒരു കുടക്കീഴിൽ ഒരുങ്ങും.
ലാൻഡ് പൂളിങ് ഇതാദ്യം
മൂന്നാംഘട്ട വികസന പദ്ധതിക്കായി കുന്നത്തുനാട് മണ്ഡലത്തിൽ കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായാണ് ഭൂമി കണ്ടെത്തുന്നത്. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (ജി.സി.ഡി.എ) നേതൃത്വത്തിൽ ലാൻഡ് പൂളിങ് മാതൃകയിലാണ് ഭൂമി ഏറ്റെടുക്കുക. 300 മുതൽ 500 ഏക്കർവരെ വരുന്ന സ്ഥലത്താണ് ലാൻഡ് പൂളിങ് നടത്തുന്നത്. ലാൻഡ് പൂളിങ് സംബന്ധിച്ച് ഇൻഫോ പാർക്കും ജി.സി.ഡി.എയും തമ്മിൽ 29ന് കരാർരേഖ (എം.ഒ.യു) ഒപ്പുവെക്കും. സംസ്ഥാനത്ത് ആദ്യമായാണ് ലാൻഡ് പൂളിങ് നടപ്പാക്കുന്നതെന്ന പ്രത്യേകതയും ഇൻഫോപാർക്ക് മൂന്നാം ഘട്ട വികസന പദ്ധതിക്കുണ്ട്.
1500 ഏക്കർ സ്ഥലമാണ് പരിശോധിക്കുക. ഇതിൽനിന്ന് 300 ഏക്കർ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കും. ഇൻഫോപാർക്ക് വികസനത്തിനെടുക്കുന്നതിനുശേഷം അവശേഷിക്കുന്ന വികസിത ഭൂമി ഭൂവുടമകൾക്കു തന്നെ മടക്കി നൽകും. ഇതിലൂടെ വിപണി മൂല്യം ഉയരുകയും ചെയ്യും. സ്ഥലം കണ്ടെത്തി ഭൂവുടമകളുടെ യോഗം വിളിക്കുകയും 75 ശതമാനം പേരും സമ്മതം നൽകിയാൽ പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്യും.
ശ്വാസംമുട്ടലിന് ആശ്വാസമാകും
നിലവിൽ കൊച്ചിയുടെ ഐ.ടി ഹബ്ബായ ഇൻഫോപാർക്ക് സ്ഥലപരിമിതിയിൽ തിങ്ങി ഞെരുങ്ങുകയാണ്. അനുനിമിഷമെന്നോണം വളരുന്ന ഐ.ടി മേഖലയിൽ നാൾക്കുനാൾ പുതിയ കമ്പനികളും രൂപംകൊള്ളുമ്പോൾ, ഇവക്കൊന്നുമുള്ള ഇടം കൊച്ചിയിൽ കിട്ടാത്ത സ്ഥിതിയുണ്ട്.
നൂറിലേറെ കമ്പനികളാണ് ഇൻഫോപാർക്കിൽ ഇടം കാത്തിരിക്കുന്നത്. രണ്ട് ഫേസുകളിലായി ബഹുരാഷ്ട്ര കമ്പനികളും കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ് കമ്പനികളുമെല്ലാം ഉൾപ്പെടെ നൂറുകണക്കിന് കമ്പനികൾ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് ജീവനക്കാരും ഇവിടെയുണ്ട്. കൂടുതൽ കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള ഇടമില്ലാത്തതിനാലും ആവശ്യകത നാൾക്കുനാൾ വർധിക്കുന്നതിനാലുമാണ് അത്യാധുനിക സംവിധാനങ്ങളോടെ പുത്തൻ ടൗൺഷിപ് ഒരുങ്ങുന്നത്.
ഉറപ്പാകും, പ്രാദേശിക വികസനം
മൂന്ന്, നാല് ഘട്ടങ്ങൾ യാഥാർഥ്യമാകുന്നതിലൂടെ പ്രാദേശികമായ വികസനം കൂടിയാണ് ഉറപ്പാകുന്നത്. ഈ മേഖലയിലേക്കുള്ള ഗതാഗതസംവിധാനങ്ങൾ, കണക്ടിവിറ്റി, അടിസ്ഥാന സൗകര്യം, അത്യാധുനിക സംവിധാനങ്ങൾ എന്നിവയും ഇതോടൊപ്പം വികസിക്കപ്പെടും.
കാർബൺ ന്യൂട്രൽ, ജലവിഭവ സ്വയംപര്യാപ്തത, മാലിന്യനിർമാർജന സൗകര്യം തുടങ്ങിയവയും മൂന്നാം ഘട്ടത്തിന്റെ പ്രത്യേകതകളായിരിക്കും. ഐ.ടി കെട്ടിടങ്ങൾക്കുമപ്പുറം പാർപ്പിടവും വാണിജ്യ സ്ഥാപനങ്ങളും കായിക, സാംസ്കാരിക, വിനോദ, വിദ്യഭ്യാസ, ആരോഗ്യകേന്ദ്രങ്ങളുമെല്ലാം ഒരുങ്ങുന്നതിലൂടെ വികസനത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനാണ് നാട് സാക്ഷ്യം വഹിക്കുക.
പ്രധാന മേഖലകൾ
- ഐ.ടി സോൺ
- റെസിഡൻഷ്യൽ സോൺ
- കമേഴ്ഷ്യൽ സോൺ
- എജുക്കേഷൻ ആൻഡ് ഹെൽത്ത് കെയർ സോൺ
- കൾചറൽ സോൺ
- അർബൻ ഫാമിങ് സോൺ
- ട്രാൻസ്പോർട്ടേഷൻ സോൺ
- യൂട്ടിലിറ്റി സോൺ
- കൺസർവേഷൻ സോൺ
- എസ്.ടി.പി-എസ്.ഡബ്ലിയു.പി ഡിസ്ട്രിക്ട് കൂളിങ് സെന്റർ
മെട്രോ ഫീഡര്‍ ബസ് ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലേക്കും
കൊച്ചി: കളമശ്ശേരിയില്‍നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡര്‍ ബസ് സര്‍വിസ് ഇന്‍ഫോ പാര്‍ക്ക് ഫേസ്-2ലേക്ക് നീട്ടുകയും സര്‍വിസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. കളമശ്ശേരി മെട്രോ സ്റ്റേഷനില്‍നിന്ന് രാവിലെ 7.50, 8.10, 9.01 എന്നീ സമയങ്ങളിലും ഉച്ചക്ക് 2.42 നുമാണ് നേരിട്ട് ഫേസ്-2 വിലേക്ക് സര്‍വിസ്. ഇത് കൂടാതെ കളമശ്ശേരിയില്‍നിന്ന് 7.10 ന് കാക്കനാട് വാട്ടര്‍മെട്രോയിലേക്കും 7.30, 12.59, വൈകീട്ട് 6.29 സമയങ്ങളില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലേക്കും സര്‍വിസുണ്ട്.
ഫേസ് -2ല്‍നിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകീട്ട് 4.45, 5.00, 6.15 സമയങ്ങളില്‍ ഫേസ് ഒന്നിലേക്കും അവിടെ നിന്ന് 10.59, 12.44, വൈകീട്ട് 5.30. 5.50, 6.30, 7.25, 7.52 സമയങ്ങളില്‍ വാട്ടര്‍ മെട്രോയിലേക്കും കളമശ്ശേരിയിലേക്കും സര്‍വിസുണ്ട്. വൈകീട്ട് 6.15ന് ഫേസ് - 2ൽനിന്ന് കളമശ്ശേരിയിലേക്ക് നേരിട്ട് സർവിസുമുണ്ട്. വിവിധ സ്ഥാപനങ്ങളിലായി ഏകദേശം 14,000 ഐ.ടി പ്രഫഷനലുകള്‍ ജോലി ചെയ്യുന്ന ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലേക്കുള്ള ബസ് സര്‍വിസ് മേഖലയിലെ യാത്രക്ലേശത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.