Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകാലടി സംസ്കൃത...

കാലടി സംസ്കൃത സർവകലാശാലയിലെ സമരം സംസ്ഥാനതലത്തിലേക്ക്; 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യം

text_fields
bookmark_border
കാലടി സംസ്കൃത സർവകലാശാലയിലെ സമരം സംസ്ഥാനതലത്തിലേക്ക്; 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യം
cancel

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എസ്.എഫ്.ഐ വിദ്യാർഥികളുടെ നിരാഹാര സമരം സംസ്ഥാന ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നു. 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും വിദ്യാര്‍ഥികളെ ഉപാധികളില്ലാതെ തിരിച്ചെടുക്കണമെന്നും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സര്‍വകലാശാല പ്രധാന കവാടത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നത്. കാമ്പസിലെ കുടിവെള്ളക്ഷാമം, തിയേറ്റര്‍ ആര്‍ട്‌സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങള്‍, അധ്യാപക ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 13ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സെപ്റ്റംബര്‍ ഒന്നിന് സസ്‌പെന്‍ഡ് ചെയ്തത്.

സമരത്തിനിടെ വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിന്റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്നും സിൻഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 16 വിദ്യാർഥികളില്‍ 12 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. സസ്‌പെന്‍ഷന്‍ കാലയളവില്‍ വിലക്ക് ലംഘിച്ച് കാമ്പസില്‍ പ്രവേശിച്ച പി.എസ്.അര്‍ച്ചന, ശ്യാംജിത്, സി.പി.ശ്രദ്ധ, കെ.വി.അഭിജിത് എന്നീ നാല് വിദ്യാർഥികളുടെ സസ്‌പെന്‍ഷന്‍ രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

സിന്‍ഡിക്കേറ്റ് നിയോഗിച്ച അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം ഈ തീരുമാനമെടുത്തത്. നിരാഹാര സമരത്തിന്റെ ആദ്യഘട്ടത്തില്‍ അശ്വന്ത്, അര്‍ച്ചന, കെ.വി. അഭിജിത് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. സമരം എഴ് ദിവസം പിന്നിടുന്നതോടെ ഇവരുടെ ആരോഗ്യനില മോശമായി തുടങ്ങിയതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.

മാപ്പ് അപേക്ഷ നൽകിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തയാറാവാമെന്നുമാണ് സിന്‍ഡിക്കേറ്റ് തീരുമാനം. ആവശ്യമായ ഹാജറും പരീക്ഷാ യോഗ്യതയും ഈ വിദ്യാര്‍ഥികള്‍ക്ക് ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാനാവില്ലെന്നാണ് വൈസ് ചാന്‍സലര്‍ പറയുന്നു.

ഒക്ടോബര്‍ 30ന് സിംഗിള്‍ ബെഞ്ച് 16 വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ ഇടക്കാല അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി.

തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ചു. സസ്‌പെന്‍ഷന്‍ റദ്ദാക്കുന്ന അനുകൂല ഉത്തരവ് ഉണ്ടായാല്‍ പ്രത്യേക പരീക്ഷ നടത്താമെന്ന് സര്‍വകലാശാല സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യവുമായിട്ടാണ് എസ്.എഫ്.ഐ സമരം തുടരുന്നത്. വിഷയത്തില്‍ സര്‍വകലാശാലാ അധികൃതരുടെയും വിദ്യാര്‍ഥി സംഘടനയുടെയും നിലപാടുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ വിദ്യാര്‍ഥി സമരം ഇപ്പോള്‍ കാമ്പസിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ട്‌കെട്ടാണ് സർവകലാശാലയില്‍ നടക്കുന്നതെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. മുന്‍മന്ത്രിമാരായ പി.രാജീവ്, കെ.ടി.ജലീല്‍, അഡ്വ.ജോസ് തെറ്റയില്‍, സി.പി.എം നേതാക്കളായ എം.വി. ഗോവിന്ദൻ, പി.ജയരാജന്‍, എം.വി.ജയരാജന്‍, എം.എ. റഹീം, എം.സ്വരാജ്, നടൻ പ്രകാശ് രാജ്, ചിന്ത ജെറോം, കെ.കെ . ഷൈലജ, സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റ് സുദ്ദീപ് ദത്ത, തുടങ്ങിയ നിരവധി പേര്‍ സമരപന്തലില്‍ എത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:sanskrit university suspension Protests 
News Summary - Kalady Sanskrit University Student Protest Escalates to State Level | Revoke Suspension Demand
Next Story