വിവാദം കത്തുമ്പോൾ ‘കളി’ പുറത്താകുമോ?
text_fieldsകൊച്ചി: ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഫുട്ബാൾ മിശിഹാ വരുന്നുവെന്ന ആവേശമുയർത്തുന്ന വാർത്തയും ഒടുവിൽ തൽക്കാലം വരുന്നില്ലെന്ന അത്യധികം നിരാശജനകമായ വാർത്തയും മലയാളികളെ തേടിയെത്തി. മെസ്സിയുടെ വരവ് ഉടനൊന്നും നോക്കേണ്ടായെന്ന് അധികൃതർ ഒടുവിൽ വ്യക്തമാക്കിയതിനു പിന്നാലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണം സംബന്ധിച്ചുള്ള വിവാദങ്ങളും കളിക്കളത്തിലിടം പിടിക്കുകയാണ്.
സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട കരാറിലെയും പ്രവർത്തനങ്ങളിലെയും ദുരൂഹത ചൂണ്ടിക്കാട്ടിയും വിശദീകരണം തേടിയും ഹൈബി ഈഡൻ എം.പിയുൾപ്പെടെ രംഗത്തെത്തിക്കഴിഞ്ഞു. ഹൈബി ഈഡൻ എം.പിയും എം.എൽ.എമാരായ ടി.ജെ. വിനോദും ഉമാതോമസും കഴിഞ്ഞദിവസം സ്റ്റേഡിയം സന്ദർശിച്ചിരുന്നു.
കോടികൾ മുടക്കി പുതുമോടിയിലാക്കുന്ന സ്റ്റേഡിയത്തിന്റെ അവകാശം ആവശ്യപ്പെട്ട് സ്പോൺസറായ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ നേരത്തെ രംഗത്തെത്തിയിരുന്നുവെന്ന ജി.സി.ഡി.എ ചെയർമാന്റെ വെളിപ്പെടുത്തലും ചൂടുള്ള ചർച്ചയായി. കായികപ്രേമികളും ഈ മേഖലയിലെ വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് നവംബർ 30ന് നിർമാണപ്രവൃത്തി പൂർത്തിയാക്കുമെന്ന് സ്പോൺസർ വ്യക്തമാക്കുന്നത്.
ഐ.എസ്.എൽ വരുമ്പോൾ എന്തു ചെയ്യും?
കൊച്ചി: നിലവിൽ ഈ സീസണിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചെറിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും ഐ.എസ്.എൽ ഇത്തവണ ഡിസംബറിൽ തന്നെ നടത്താനുള്ള തീവ്രയജ്ഞത്തിലാണ് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. 90 ശതമാനവും ഡിസംബറിൽ തന്നെ നടന്നേക്കുമെന്ന് ബന്ധപ്പെട്ടവരും വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ കളിക്കാനാവുമോയെന്നതാണ് ചോദ്യം. നവംബർ 30നകം പണി പൂർത്തിയാക്കുമെന്ന് തിങ്കളാഴ്ച റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിൻ പറയുമ്പോഴും അത് എത്രത്തോളം യാഥാർഥ്യമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ബ്ലാസ്റ്റേഴ്സിന് മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കോഴിക്കോട്, മലപ്പുറം പയ്യനാട് സ്റ്റേഡിയങ്ങളിലും ഹോം മാച്ച് കളിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ഇവിടങ്ങളിലെ സ്റ്റേഡിയത്തിന്റെ സുരക്ഷയിൽ എ.ഐ.എഫ്.എഫ് തൃപ്തരല്ലാത്തതിനാൽ ഈ സീസണിൽ നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതിനാൽ തന്നെ സീസണിലെ 13 ഹോം ഗ്രൗണ്ട് മത്സരങ്ങളാണ് കൊച്ചിയെ കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്റ്റേഡിയം നവീകരണം പാതിവഴിയിൽ നിലച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരവേദി കേരളത്തിനു പുറത്തേക്ക് മാറ്റേണ്ടി വരും. ഇത് വലിയ പ്രതിസന്ധിയാണ് ക്ലബിനും കളിക്കാർക്കും സൃഷ്ടിക്കുക.
നിലവിൽ ഹോംഗ്രൗണ്ട് എന്ന നിലക്ക് 2017 മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയാണ് സ്റ്റേഡിയത്തിലെ പിച്ച് പരിപാലിക്കുന്നത്. സീറ്റിങ്, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ മറ്റു കാര്യങ്ങളിലാണ് ജി.സി.ഡി.എക്ക് പരിപാലന ചുമതലയുള്ളത്. എന്നാൽ സാധാരണരീതിയിൽ ബ്ലാസ്റ്റേഴ്സ് ഓരോ ഹോം മാച്ചിനും പിച്ച് ഒരുക്കുന്നതുപോലെയുള്ള ഒരുക്കങ്ങൾ മാത്രമേ മെസ്സിയുടെ വരവിന്റെ പേരിലും സ്പോൺസർമാർ ഒരുക്കിയിട്ടുള്ളൂവെന്നാണ് വിവരം.
നിലവിൽ ജി.സി.ഡി.എയും കെ.ബി.എഫ്.സിയും തമ്മിലുളള ഉടമ്പടിയായതിനാൽ കെ.ബി.എഫ്.സിക്ക് ഇക്കാര്യത്തിലുള്ള ആശങ്ക ജി.സി.ഡി.എയെ അറിയിച്ചേക്കും. സ്റ്റേഡിയം ഐ.എസ്.എൽ ആകുമ്പോഴേക്ക് തിരിച്ചുകിട്ടുമോയെന്നും കളി പുറത്താകുമോയെന്നുമുള്ള ചോദ്യങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകർക്കിടയിലും ഉയരുന്നുണ്ട്.


