കൊച്ചി കോർപറേഷൻ ഇനി പുതിയ മന്ദിരത്തിൽ
text_fieldsകൊച്ചി: കാത്തിരിപ്പിനൊടുവിൽ കൊച്ചി കോർപറേഷൻ പുതിയ ആസ്ഥാന മന്ദിരം ചൊവ്വാഴ്ച നാടിന് സമർപ്പിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ മുഖ്യാതിഥികളാകും. മറൈൻഡ്രൈവിൽ ഗോശ്രീ പാലത്തിനടുത്ത് അബ്ദുൽ കലാം മാർഗിനോടുചേർന്ന ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാനമന്ദിരം.
ജനങ്ങൾക്കും ജീവനക്കാർക്കും എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉറപ്പാക്കി 1,75,930 ചതുരശ്ര അടിയിലാണ് മന്ദിരം നിർമിച്ചിരിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡെപ്യൂട്ടി മേയർ കെ.എ അൻസിയ, സ്ഥിരം സമിതി അധ്യക്ഷരായ വി.എ. ശ്രീജിത്ത്, സി.ഡി. വത്സലകുമാരി, സി.എ. ഷക്കീർ, ജെ. സനിൽമോൻ, എം.പി.സി ചെയർമാൻ ബെനഡിക്ട് ഫെർണാണ്ടസ്, സെക്രട്ടറി പി.എസ്. ഷിബു, എക്സിക്യുട്ടീവ് എൻജിനീയർ ടി.എ. അമ്പിളി എന്നിവർ പങ്കെടുത്തു.
ആറ് നിലകൾ, അത്യാധുനിക സൗകര്യങ്ങൾ
ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോറുകൾക്കുപുറമെ ആറ് നിലകളിലായാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. ഭിന്നശേഷി, പൊതുജനസൗഹൃദമാണ് മന്ദിരം. 1,68,942 ചതുരശ്ര അടിയിലാണ് നഗരസഭ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാംനിലയിലാണ് കൗൺസിൽ ഹാൾ. 84 കൗൺസിൽ അംഗങ്ങൾക്ക് ഇരിക്കാം. ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, മാധ്യമപ്രവർത്തകർ എന്നിവർക്കും സൗകര്യമുണ്ട്. മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി അധ്യക്ഷരുടെ മുറികളും മേയറുടെയും ഡെപ്യൂട്ടിമേയറുടെയും ഓഫിസും ഒന്നാംനിലയിലാണ്. തുടർന്നുള്ള നിലകളിൽ വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ ഓഫിസുകൾ. മിനികോൺഫറൻസ് ഹാൾ, മുലയൂട്ടൽ മുറി, പൊതുജന സേവന കേന്ദ്രം ഉൾപ്പെടെയുണ്ട്.
വോട്ടെടുപ്പ് സ്മാർട്ട്
സ്മാർട്ട് വോട്ടെടുപ്പ് കൗൺസിൽ ഹാളിനെ കൂടുതൽ മികവുറ്റതാക്കുന്നു. കൗൺസിലർമാർ മുന്നിലുള്ള യെസ്, നോ, അബ്സ്റ്റേൻ സ്വിച്ചുകളിൽ അമർത്തിയാൽ മതി. തുടർന്ന് എത്ര വോട്ട് ലഭിച്ചെന്ന് ഡിജിറ്റൽ ബോർഡിൽ തെളിയും. നിലവിൽ കൈപൊക്കിയാണ് വോട്ടെടുപ്പ്. പഴയ കോർപറേഷൻ ഓഫിസ് പൈതൃക മന്ദിരമായി നിലനിർത്താനാണ് ആലോചിക്കുന്നതെന്ന് മേയർ പറഞ്ഞു. വിഷയം കൗൺസിലിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മേയർ വ്യക്തമാക്കി.
നിർമാണ ചെലവ് 61 കോടി
61 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയിരിക്കുന്നതെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. 2005ലാണ് നിർമാണം ആരംഭിച്ചത്. സി.എം. ദിനേശ് മണി മേയർ എന്ന നിലയിൽ മുൻകൈയെടുത്താണ് മറൈൻഡ്രൈവിൽ ഓഫിസിന് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാറിൽ നിന്ന് പണം കൊടുത്ത് വാങ്ങിയത്. അന്ന് തന്നെ മറൈൻഡ്രൈവ് പദ്ധതി വിഭാവനം ചെയ്ത പ്രശസ്ത ആർകിടെക് കുൽദീപ് സിങിനെക്കൊണ്ട് രൂപകൽപന തയാറാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ ടെണ്ടർ നടത്തി നിർമാണവും ആരംഭിച്ചുവെന്ന് മേയർ കൂട്ടിച്ചേർത്തു. എന്നാൽ 20 വർഷമായി നിയമക്കുരുക്കും സാങ്കേതിക പ്രശ്നങ്ങളും മൂലം ആസ്ഥാന മന്ദിരം നിർമാണം പൂർത്തീകരിക്കാനായില്ല. പ്രഫ. മേഴ്സി വില്യംസ്, ടോണി ചമ്മിണി, സൗമിനി ജെയിൻ എന്നീ മേയർമാരുടെ ഘട്ടത്തിലും നിർമാണം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ഈ കൗൺസിൽ അധികാരത്തിലെത്തിയ ശേഷം നിർമാണം വേഗത്തിലാക്കി. ആഗ്രഹിച്ച സമയത്ത് പൂർത്തീകരണം നടത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും കൗൺസിൽ കാലത്ത് നിർമാണം പൂർണമാക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് മേയർ വ്യക്തമാക്കി.
ഇവിടം ശ്രദ്ധേയം
പുതിയ കോർപറേഷൻ മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ കൊച്ചിയുടെ പൈതൃകം അടയാളപ്പെടുത്തി തയാറാക്കിയിരിക്കുന്ന കലാസൃഷ്ടി ശ്രദ്ധേയമാണ്. പ്രവേശന കവാടത്തിൽ അറബിക്കടലിന്റെ റാണി ശിൽപവും സ്ഥാപിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളെയും അവിടെയുള്ള പ്രധാന വ്യക്തികളെയും ഉൾക്കൊള്ളിച്ചാണിത് കലാസൃഷ്ടി തയാറാക്കിയിരിക്കുന്നത്. ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി, ജി. ശങ്കരകുറുപ്പ്, പണ്ഡിറ്റ് കറുപ്പൻ, ദാക്ഷായണി വേലായുധൻ, റോബർട്ട് ബ്രിസ്റ്റോ, ലോർഡ് വെല്ലിങ്ടൺ, പ്രഫ. എം.കെ. സാനു ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്. ഇതിന് പുറമേ കൊച്ചി കപ്പൽശാല, വാട്ടർമെട്രോ, ബോൾഗാട്ടി പാലസ്, ഹൈകോടതി, മംഗളവനം എന്നിവയുടെ രൂപവും നിർമിച്ചിട്ടുണ്ട്.


