ഓടിയെത്തുന്നു, ഇൻഫോപാർക്കിലേക്ക്...
text_fieldsകൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. (പാലാരിവട്ടത്തുനിന്നുള്ള ദൃശ്യം), (ചിത്രം: ബൈജു കൊടുവള്ളി)
കൊച്ചി: കുതിച്ചുപായുന്ന മെട്രോ കൂടുതൽ ദൂരത്തേക്ക് എത്തിക്കാനുള്ള പദ്ധതികൾ മുന്നോട്ടുനീങ്ങുകയാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണത്തോടെ, രണ്ടാംഘട്ടവും അതിവേഗം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പിങ്ക് ലൈൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന പാതയെ വലിയ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. നിർമാണപ്രവർത്തനങ്ങൾ കൃത്യമായി പൂർത്തീകരിച്ച് ലക്ഷ്യമിട്ട സമയത്തിനുള്ളിൽ പദ്ധതി നിലവിൽവരുത്താനും സർവിസ് ആരംഭിക്കാനുമാണ് ശ്രമം. പതിനായിരക്കണക്കിന് ഐ.ടി ജീവനക്കാർ ഉൾപ്പെടുന്ന യാത്രക്കാരും പ്രതീക്ഷയിലാണ്.
ജൂണിൽ പിങ്ക് ലൈനിൽ മെട്രോ ട്രെയിനോടും
പിങ്ക് ലൈനിന്റെ ആദ്യഘട്ടമെന്ന നിലയിൽ 2026 ജൂണിൽ സർവിസ് ആരംഭിക്കാനാണ് കെ.എം.ആർ.എൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്)ലക്ഷ്യമിടുന്നത്. ജെ.എൽ.എൻ സ്റ്റേഡിയം മുതലുള്ള ആദ്യ അഞ്ച് സ്റ്റേഷനുകളാണ് ഇതിൽ ഉൾപ്പെടുക. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ എന്നിവയാകും സ്റ്റേഷനുകൾ. തുടർന്ന് 2026 ഡിസംബറോടെ ഇൻഫോപാർക്ക് വരെയുള്ള എല്ലാ സ്റ്റേഷനുകളുടെയും നിർമാണം പൂർത്തീകരിച്ച് രണ്ടാംഘട്ട മെട്രോ പാതയുടെ സർവിസ് പൂർണമായി ആരംഭിക്കും. ഇതോടെ സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിങ്ങനെ സ്റ്റേഷനുകളിലേക്കായി മെട്രോ ട്രെയിൻ ഓടിയെത്തും. 11.2 കിലോമീറ്ററാണ് രണ്ടാംഘട്ട പാത.
ഇൻഫോപാർക്ക് പാതയിൽ യാത്ര ഇങ്ങനെ
ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിൽ നിന്നാണ് പിങ്ക് ലൈൻ രണ്ടായി തിരിയുന്നത്. തൃപ്പൂണിത്തുറയിൽനിന്ന് നേരിട്ട് ഇൻഫോപാർക്ക് പാതയിലേക്ക് ട്രെയിനുകൾ ലഭ്യമാകും. ഈ റൂട്ടിൽ വരുന്നവർക്ക് അതാത് സ്റ്റേഷനുകളിൽനിന്ന് നേരിട്ട് ടിക്കറ്റെടുത്ത് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. അതേസമയം, ആലുവ റൂട്ടിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് ഇൻഫോപാർക്ക് മേഖലയിലേക്ക് പോകാൻ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിൽ ഇറങ്ങണം. തുടർന്ന് ഇൻഫോപാർക്ക് ഭാഗത്തേക്കുള്ള മെട്രോ ട്രെയിനിൽ യാത്ര തുടരാം.
നിർമാണം അതിവേഗത്തിൽ
രണ്ടാംഘട്ട പാതയിൽ 2018 പൈലുകളാണ് വയഡക്ടുകൾക്കായി സ്ഥാപിക്കേണ്ടത്. ഇതിൽ 1004 എണ്ണം ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. അതിന് മുകളിൽ സ്ഥാപിക്കേണ്ട ആകെ പൈൽ ക്യാപ്പുകളുടെ എണ്ണം 469 ആണ്. ഇതിൽ 110 എണ്ണം പൂർത്തീകരിച്ചു.
ആകെ 469 പിയറുകളിൽ 38 എണ്ണം പൂർത്തീകരിച്ചു. അതിന്റെയും മുകളിൽ സ്ഥാപിക്കേണ്ട പിയർ ക്യാപ്പുകളിൽ ആറെണ്ണം ഇതുവരെ സ്ഥാപിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ തൂണുകൾ തമ്മിൽ ഗർഡറുകൾ ബന്ധിപ്പിക്കുന്നതിന്റെ പണിയും ആരംഭിക്കും.
കളമശ്ശേരിയിലെ കാസ്റ്റിങ് യാർഡിൽ പ്രീഫാബ് രീതിയിലാണ് ഗർഡറുകൾ നിർമിക്കുന്നത്. 490 യു ഗർഡറുകളാണ് ഇവിടേക്ക് ആവശ്യം. ഇതിൽ 78 എണ്ണം പണിത് പൂർത്തിയാക്കി. ആവശ്യമായ 371 പിയർ ക്യാപ്പുകളിൽ 68 എണ്ണം യാർഡിൽ പൂർത്തീകരിച്ചു. 543 ഐ ഗർഡറുകളിൽ 59 എണ്ണം പണിതിട്ടുണ്ടെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.
എവിടെയെത്തി മൂന്നാംഘട്ടം?
ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മൂന്നാംഘട്ട മെട്രോ പാതയുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. വിശദ പഠനറിപ്പോർട്ട് തയാറാക്കുന്നതിനായി ഒരു കമ്പനിയെ തെരഞ്ഞെടുത്ത് ഏൽപിച്ചിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഇത് കൂടി യാഥാർഥ്യമായാൽ വിമാനത്താവളത്തിലേക്കുള്ള യാത്ര ഏറെ എളുപ്പമാകും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ എത്തിച്ചേരുന്നവർക്ക് മെട്രോയിൽ കയറി നഗരത്തിലേക്കെത്താം. മറ്റ് ജില്ലകളിലേക്ക് സഞ്ചരിക്കേണ്ടവർക്ക് തൃപ്പൂണിത്തുറ, വൈറ്റില തുടങ്ങിയ സ്റ്റേഷനുകളിലേക്ക് മെട്രോയിലെത്തി മറ്റ് മാർഗങ്ങളിലൂടെ യാത്ര തുടരാം.
പണിയും ഗതാഗതക്കുരുക്കും
രണ്ടാംഘട്ട മെട്രോ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന പരാതി ജനങ്ങൾക്കിടയിൽ ഉണ്ട്. മെട്രോ നിർമാണം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ റോഡിന് നടുവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഭാഗത്തിന്റെ വീതി കുറഞ്ഞതോടെ വലിയ വാഹനങ്ങൾ വരുമ്പോൾ ചെറിയ വാഹനങ്ങളിലെത്തുന്നവർ മറികടക്കാൻ ഉൾപ്പെടെ പ്രയാസപ്പെടുന്നു. പലപ്പോഴും ബൈക്കുകാർ റോഡിനോടു ചേർന്ന ഫുട്പാത്തിലൂടെ കയറ്റി ഓടിക്കുന്നതും പതിവാണ്.
വീതികുറഞ്ഞ റോഡിൽ വൈകീട്ടും രാവിലെയും തിരക്കേറിയ നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിര തന്നെ കാണാം. റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാർക്കും ഇരട്ടിദുരിതമാണ്.


