കൊച്ചിയുടെ സ്വന്തം ഗുജറാത്തി സ്കൂൾ
text_fieldsശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ
കൊച്ചി: കൊച്ചിയിലെ ഗുജറാത്തിസമൂഹം 1919ൽ സ്ഥാപിച്ചതാണ് ശ്രീകൊച്ചിൻ ഗുജറാത്തി വിദ്യാലയ. അതിനും ഏറെ മുമ്പ് തന്നെ ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ‘ എന്ന ആശയം ലക്ഷ്യമാക്കി ഗുജറാത്തിസമൂഹം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും കൈതൊഴിൽ പഠനത്തിനുമായി പാഠശാല തുടങ്ങിയിരുന്നു.1904 ജൂൺ 25നാണ് ഈ ആശയം ഉൾക്കൊണ്ട് ഗുജറാത്തി പെൺകുട്ടികൾക്ക് ഗുജറാത്തി ഭാഷ പഠനത്തോടൊപ്പം തയ്യൽ, പാചകം തുടങ്ങിയവ കൂടി അഭ്യസിപ്പിക്കുന്ന പാഠശാല ആരംഭിച്ചത്.
തുടക്കത്തിൽ 32 പെൺകുട്ടികളാണ് വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. പിന്നീട് ശിശുമന്ദിർ എന്ന പേരിൽ ആൺകുട്ടികൾക്കും വിദ്യാഭ്യാസസൗകര്യം ഒരുക്കി. 1919 ആഗസ്റ്റ് 27 ന് ദിവാൻ ടി. വിജയരാഘവാചാര്യ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു. പിന്നീട് ഉദ്ഘാടനം ചെയ്തതും അദ്ദേഹം ആയിരുന്നു.
പോപത് ലാൽ ഗോവിന്ദ് ജി സംഘാനിയായിരുന്നു ആദ്യ പ്രധാനാധ്യാപകൻ. 1957ൽ എയ്ഡഡ് വിദ്യാലയമായി. അക്കാലത്ത് ഗുജറാത്തി ഭാഷയിലായിരുന്നു പഠനം. 1962ൽ ഹൈസ്കൂളായി ഉയർത്തി. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. 1963ൽ ഹൈസ്കൂളിനു വേണ്ടി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കറാണ് നിർവഹിച്ചത്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ അൺ എയ്ഡഡായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, സ്കൂളുകൾക്ക് സർക്കാർ അംഗീകാരം ഉണ്ട്. മലയാളത്തിന് പുറമെ ഗുജറാത്തിയും പഠിപ്പിക്കുന്ന കേരളത്തിലെ ഏക എയ്ഡഡ് വിദ്യാലയമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഗുജറാത്തി ഭാഷക്കായി സർക്കാർ പരീക്ഷയും നടത്തുന്നു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, മൊറാർജി ദേശായി, ലാല ലജ്പത് റായ്, സർദാർ വല്ലഭായ് പട്ടേൽ, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ തുടങ്ങിയ പ്രമുഖർ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്.
1999ൽ ഗുജറാത്തി കോളജും തുടങ്ങി. കൊച്ചി ഗുജറാത്തി മഹാജന്റെ കീഴിലാണ് സ്കൂളും കോളജും. ശാരദ മന്ദിർ എന്ന പേരിൽ മറ്റൊരു അൺ എയ്ഡഡ് സ്കൂളും നഴ്സറി കുട്ടികൾക്കായി സ്മാർട്ട് കിഡ്സ് എന്ന സ്ഥാപനവും മഹാജന്റെ കീഴിലുണ്ട്. എല്ലാ സ്ഥാപനങ്ങളിലുമായി 2330 വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് സ്കൂൾ മാനേജർ ചേതൻ ഡി. ഷാ പറഞ്ഞു.


