ഓണക്കാലത്ത് കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം
text_fieldsകൊച്ചി: ഓണാവധികഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമൊക്കെ മടങ്ങാൻ പൊതുജനം കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചപ്പോളുണ്ടായത് റെക്കോഡ് വരുമാനം. എറണാകുളം ഉൾപ്പെടുന്ന സെൻട്രൽ സോണിലെ ബസുകൾക്കൊപ്പം നിറഞ്ഞത് കെ.എസ്.ആർ.ടി.സിയുടെ വരുമാനപ്പെട്ടികൂടിയാണ്. ലക്ഷ്യമിട്ടതിനേക്കാൾ 112.42 ശതമാനം അധിക വരുമാനമാണ് സെൻട്രൽ സോണിന് കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചത്.
ഓണദിവസങ്ങളിലൊക്കെ ജനം കെ.എസ്.ആർ.ടി.സിയെ യാത്രകൾക്ക് ചേർത്തുപിടിച്ചു. അത്യാവശ്യ യാത്രകൾ മുതൽ വിനോദയാത്ര വരെ നീളുന്ന ആവശ്യങ്ങൾക്ക് അവർ പ്രധാനമായും പൊതുഗതാഗതത്തെ ഒപ്പം കൂട്ടിയതാണ് വരുമാന വർധനവിന് വഴിയൊരുക്കിയതിന് കാരണം. 3.06 കോടിയുടെ വരുമാനമാണ് കഴിഞ്ഞ എട്ടിന് അധികൃതർ ലക്ഷ്യമിട്ടത്. എന്നാൽ അന്നേദിവസം 3.44 കോടിയുടെ വരുമാനമാണ് ലഭിച്ചത്. കേരളത്തിലെ മൂന്ന് സോണുകളിൽ രണ്ടാം സ്ഥാനത്താണ് സെൻട്രൽ സോണിന്റെ സ്ഥാനം.
അന്തർസംസ്ഥാന സർവിസുകൾ
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവിസുകൾ നിരവധിയാളുകളാണ് ഉപയോഗപ്പെടുത്തിയത്. ഏറ്റവുമധികം ആളുകൾ ഓണക്കാലത്ത് യാത്ര ചെയ്ത സർവിസുകളിൽ മുൻപന്തിയിലാണ് ഈ റൂട്ടുകൾ. ഇത് കൂടാതെ തിരുവനന്തപുരം, കോഴിക്കോട് റൂട്ടുകളിലേക്കും വലിയതോതിൽ യാത്രക്കാരുണ്ടായിരുന്നുവെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കി. ബസ് സമയം ഉൾപ്പെടെയുള്ള അന്വേഷണങ്ങൾക്ക്, എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ- 9188933779, വൈറ്റില- 9188933781, ബോട്ട് ജെട്ടി കെ.എസ്.ആർ.ടി.സി- 9188933780 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ചരിത്ര നേട്ടവുമായി എറണാകുളം കെ.എസ്.ആർ.ടി.സി
ഓണക്കാലത്ത് ചരിത്രനേട്ടമാണ് എറണാകുളം കെ.എസ്.ആർ.ടി.സി കരസ്ഥമാക്കിയത്. അവധി ദിനങ്ങൾ കഴിഞ്ഞ് ജനങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് മടങ്ങിയ ഇക്കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ ലക്ഷങ്ങളാണ് വരുമാനമായി ലഭിച്ചത്. 23 ലക്ഷം രൂപ ടിക്കറ്റ് വരുമാനമാണ് തിങ്കളാഴ്ച ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 125.32 ശതമാനം കൂടുതൽ വരുമാനവുമായി റെക്കോഡിടുകയായിരുന്നു എറണാകുളം കെ.എസ്.ആർ.ടി.സി. 28.82 ലക്ഷം രൂപയാണ് അന്ന് ലഭിച്ച വരുമാനം.
സാധാരണ 75 സർവിസുകളാണ് എറണാകുളത്ത് നിന്ന് ഓപറേറ്റ് ചെയ്യാറുള്ളതെങ്കിൽ അന്ന് 10 അധിക സർവിസുകൾ കൂടി ചേർത്ത് 85 സർവിസുകൾ നടത്തി. തിരക്ക് വർധനയുടെ സാഹചര്യത്തിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം 18 അധിക സർവിസുകളും നടത്തിയിരുന്നു. നാടുകളിലേക്കും മറ്റും പോകാൻ ആളുകൾ ഏറെ യാത്ര ചെയ്ത ഉത്രാടദിനത്തിൽ 22.48 ലക്ഷം രൂപയുടെ വരുമാനവും ലഭിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബർ ഒൻപതിനും മികച്ച വരുമാന നേട്ടം കൈവരിക്കാൻ എറണാകുളം കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞു. 20.96 ലക്ഷം രൂപയാണ് അന്ന് ലഭിച്ചത്.
ഡബിൾ ഡെക്കർ യാത്രക്ക് വൻ സ്വീകാര്യത
നഗരത്തിൽ ആരംഭിച്ച ഡബിൾഡെക്കർ യാത്രക്ക് ഓണാവധിക്കാലത്ത് വൻ സ്വീകാര്യതയാണ് ലഭിച്ചത്. എല്ലാ ദിവസവും ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ ദിവസവും ഡബിൾഡക്കർ ടൗൺചുറ്റുന്ന സർവിസ് നടത്തുന്നുണ്ട്. അവധി ദിനങ്ങളിൽ വൈകീട്ട് അഞ്ച് മണി, രാത്രി എട്ട് മണി എന്നിങ്ങനെയാണ് സർവിസ് സമയം. തോപ്പുംപടി കോപ്റ്റ് അവന്യു വോക് വേ, ഗോശ്രീ പാലം തുടങ്ങി നഗരത്തിന്റെ രാത്രിക്കാഴ്ചകൾ ആസ്വദിക്കാനാകുന്നതാണ് യാത്ര.