ഇന്ന് കൊട്ടിക്കലാശം; മൂന്നാം നാൾ വിധിയെഴുത്ത്
text_fieldsകൊച്ചി: പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളേ.. ഈ വരുന്ന ചൊവ്വാഴ്ച നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നമ്മുടെ സ്വന്തം സ്ഥാനാർഥിയെ വിലയേറിയ വോട്ടു നൽകി വിജയിപ്പിക്കണേ, നാടിന്‍റെ പൊന്നോമനയായ നമ്മുടെ സ്വന്തം സഹോദരിക്ക് ഒരു വോട്ട്, വാർഡിന്‍റെ വികസനതുടർച്ചക്ക് നൽകൂ നിങ്ങളുടെ വിലയേറിയ വോട്ട്.... ശനിയാഴ്ച ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിക്കുന്ന ഉച്ചഭാഷിണികളിലൂടെ ഉച്ചത്തിൽ മുഴങ്ങിക്കേട്ട വാചകങ്ങൾ തെരഞ്ഞെടുപ്പടുത്തതിന്‍റെ ചൂടും ചൂരും വ്യക്തമാക്കുന്നതായിരുന്നു.
നഗരഗ്രാമ വ്യത്യാസമില്ലാതെ അനൗൺസ്മെൻറ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിയ ദിനം. തെരഞ്ഞെടുപ്പു നാളിലേക്ക് ഇനി രണ്ടു നാൾ മാത്രം ബാക്കി നിൽക്കേ ഓട്ടോറിക്ഷയിലും ഗുഡ്സ് ഓട്ടോയിലും ചെറിയ പിക്കപ്പ് ലോറിയിലും ജീപ്പിലും കാറിലുമെല്ലാമായി മൈക്ക് പ്രചരണം കൊടുമ്പിരി കൊണ്ടു. ഒരേ ഡിവിഷനിൽ പരസ്പരം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പ്രചരണ വാഹനങ്ങൾ നേരിട്ടു കണ്ടു മുട്ടുന്ന കാഴ്ചയുമുണ്ടായി. വാർഡിലെ ഓരോ വീടുകളിലും ഉച്ചഭാഷിണിയിൽ ഉയരുന്ന വാചകങ്ങൾ കേൾക്കണമെന്ന തരത്തിലായിരുന്നു പ്രചരണം.
എതിർ പാർട്ടിയിൽ നിന്ന് ഡിവിഷൻ പിടിക്കാനായി പോരാടുന്നവർ നാട്ടിലെ വികസനമില്ലായ്മയെ കുറിച്ച് വിളിച്ചു പറഞ്ഞപ്പോൾ, സ്വന്തം വാർഡ് നിലനിർത്താനായി മത്സരിക്കുന്ന സ്ഥാനാർഥിയും മുന്നണികളും പ്രദേശത്തെ വികസനവെളിച്ചത്തെ കുറിച്ച് വാതോരാതെ വർണിച്ചുകൊണ്ടിരുന്നു.
ഒപ്പം തങ്ങൾക്കു വോട്ടു ചെയ്യേണ്ടതിന്‍റെ ആവശ്യകത ബോധിപ്പിക്കുന്ന ബഹുവർണ നോട്ടിസുകളും വഴിനീളെ വിതരണം ചെയ്തുകൊണ്ടാണ് പ്രചരണ വാഹനങ്ങൾ മുന്നേറിയത്. ഇതേ സമയം സ്ഥാനാർഥിയും അണികളും വീടായ വീടെല്ലാം കയറിയിറങ്ങുന്ന തിരക്കിലായിരുന്നു. വൈകീട്ട് പലയിടങ്ങളിലും ഡിവിഷൻ റാലികളുമുണ്ടായിരുന്നു. സ്ഥാനാർഥികളെ മുൻ നിർത്തിയുള്ള റാലികൾ പ്രവർത്തകർക്കും അണികൾക്കും ആവേശം പകരുന്നതായിരുന്നു. പാർട്ടി പ്രവർത്തകർ വീടുകളിലേക്ക് വോട്ടേഴ്സ് സ്ലിപ് എത്തിക്കലും ഏറെക്കുറെ പൂർണമായിട്ടുണ്ട്.
ഞായറാഴ്ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പിലുൾപ്പെടുന്ന ജില്ലയിലെ കൊട്ടിക്കലാശം അരങ്ങേറുക. റോഡ് ഷോ, ചിങ്കാരിമേളം, ബാൻഡ് വാദ്യം, തുടങ്ങി വൻ സന്നാഹങ്ങളോടെയാണ് മുന്നണികൾ ശബ്ദ പ്രചരണത്തിന്‍റെ അവസാന നാൾ തങ്ങളുടെ വമ്പ് തെളിയിക്കാനൊരുങ്ങുന്നത്. വിവിധ മുന്നണികൾക്കും വിവിധ ഡിവിഷനുകളിൽ പ്രത്യേക സ്ഥലം കൊട്ടിക്കലാശത്തിന്‍റെ സമാപനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിശബ്ദ പ്രചരണത്തിനും നാട് സാക്ഷിയാവും. ചൊവ്വാഴ്ചയാണ് ജില്ലയിൽ വിധിയെഴുത്ത്.


