തദ്ദേശ തിരഞ്ഞെടുപ്പ്; വിദൂര ബൂത്തുകളും ഒരുങ്ങി
text_fieldsകോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വനാന്തരത്തിലെ ഏഴ് പോളിങ് ബൂത്തുകളും വോട്ടെടുപ്പിനൊരുങ്ങി. താളുംകണ്ടം, കുഞ്ചിപ്പാറ, തലവച്ചപാറ, തേര, വാരിയം, കല്ലേലിമേട്, ഉറിയംപെട്ടി എന്നിവയാണ് ബൂത്തുകൾ. ആനകളും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം എത് സമയവും പ്രതീക്ഷിക്കാവുന്ന വഴികളാണ് ഇത്. ദുര്‍ഘടമായ പാതയിലൂടെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കാനും തിരികെ കൊണ്ടുവരാനും നിയോഗിച്ചിട്ടുള്ളത് മാമലകണ്ടത്തെ ഓഫ് റോഡ് ജീപ്പുകൾക്കും ഡ്രൈവര്‍മാർക്കുമാണ്. ബൂത്തുകളിലേക്ക് തിങ്കളാഴ്ച് രാവിലെ പുറപ്പെട്ട ഇവര്‍ക്ക് മടങ്ങാന്‍ കഴിയുക പോളിങ് അവസാനിച്ചശേഷം രാത്രി മാത്രമാണ്.
ദുര്‍ഘടപാതയിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്ധനചെലവായി ലഭിക്കുന്നത് തുഛമായ തുകയാണെന്ന പരാതിയുമുണ്ട്. 2000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. മറ്റിടങ്ങളിലേക്കുള്ള ജീപ്പുകള്‍ക്കുള്ള പരിഗണനയാണ് വിദൂര ബൂത്തുകളിലേക്കുള്ള വാഹനങ്ങള്‍ക്കും നൽകിയിരിക്കുന്നത്. പോളിങ് സാമഗ്രികളുമായി പോകുന്ന ജീപ്പിലെ ഡ്രൈവർമാർക്ക് വോട്ട് ചെയ്യാനും അവസരമില്ല.


