ഒരു വോട്ടല്ലേ, അത് ചെയ്യാതിരിക്കുന്നതെങ്ങനെ.....?
text_fieldsകൊച്ചി: പൗരന്റെ ഇഛാശക്തിയും ജനാധിപത്യ ബോധവും രാഷ്ട്രീയ പ്രബുദ്ധതയും അടയാളപ്പെടുത്തുന്ന സമ്മതിദാന അവകാശത്തോട് പുതുതലുറയേക്കാൾ കൂറും സ്നേഹവുമുണ്ട് പഴയ തലമുറക്ക്. ചൊവ്വാഴ്ച ഓരോ പോളിങ് ബൂത്തിലും അത്തരം കാഴ്ചകൾ കാണാമായിരുന്നു. പ്രായവും രോഗവും തീർത്ത അവശതകൾക്ക് നടുവിൽ മാസങ്ങളായി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്നവർ പോലും വോട്ട് ചെയ്യാൻ പുറത്തേക്കിറങ്ങി.
ഉച്ചവെയിലിന്റെ കാഠിന്യത്തിലും പരിമിതികളെ മനക്കരുത്ത് കൊണ്ട് മറികടന്ന ഭിന്നശേഷിക്കാർ മുതൽ ഊന്നുവടിയിൽ വാർധക്യം താങ്ങിനിർത്തിയ പഴമക്കാർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. മക്കളുടെയും ബന്ധുക്കളുടെയും കൈപിടിച്ച് അവർ ബൂത്തുകളിലെത്തി. അഭിമാനവും സന്തോഷവും നിറഞ്ഞ മുഖത്തോടെ, വലിയൊരു കടമ നിർവഹിച്ച ചാരിതാർഥ്യത്തോടെയാണ് അവർ വീടുകളിലേക്ക് മടങ്ങിയത്.
കൊച്ചി കോർപറേഷൻ 54ാം ഡിവിഷനായ ഐലൻഡ് സൗത്തിലെ നേവൽ ബേസ് സെൻട്രൽ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ഭിന്നശേഷിക്കാരനായ വാത്തുരുത്തി സ്വദേശി മരോട്ടിക്കൽ ജോണി (53) സ്കൂൾ വരാന്തയിലൂടെ നിരങ്ങി നീങ്ങിയാണ് ബൂത്തിലേക്ക് കടന്നത്. സുഹൃത്തുക്കളാണ് വാഹനത്തിൽ സ്ഥലത്ത് എത്തിച്ചത്. എത്ര അവശതയുണ്ടെങ്കിലും വോട്ട് മുടക്കാറില്ലെന്ന് ലോട്ടറി കച്ചവടക്കാരനായ ജോണി. സമയം 11.15 കഴിഞ്ഞപ്പോഴാണ് പള്ളുരുത്തി സെന്റ് തോമസ് എൽ.പി സ്കൂളിലെ ബൂത്തിൽ നിന്ന് മേരി എന്ന 84കാരി വോട്ട് ചെയ്ത് പുറത്തേക്കിറങ്ങിയത്. വടി കുത്തി അൽപ്പം കുനിഞ്ഞ് നടക്കുന്ന മേരിയുടെ കൈ പിടിക്കാൻ ബന്ധുക്കളുമുണ്ട് കൂടെ.
വോട്ട് ചെയ്തതിന്റെ സന്തോഷത്തിൽ തിരിച്ചറിയൽ ഉയർത്തിക്കാട്ടി അവർ ചിരിച്ചു. വോട്ട് മുടക്കാറില്ലെന്ന് മേരിയും പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിന് വീണ്ടുമെത്തും എന്ന് പറഞ്ഞാണ് അവർ മടങ്ങിയത്. ചെല്ലാനം സെന്റ് മേരീസ് എൽ.പി സ്കൂളിലെ മൂന്ന് ബൂത്തിലും 12 മണിയോടടുക്കുമ്പോൾ നല്ല തിരക്കായിരുന്നു. മത്സ്യത്തൊഴിലാളി ഭൂരിപക്ഷ മേഖലയായ ഇവിടെ വൈകീട്ട് തിരക്ക് കൂടുമെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരൻ പറഞ്ഞു. ഇവിടെ 90കാരി സ്റ്റെല്ല മകന്റെ കൈപിടിച്ചാണ് വോട്ട് ചെയ്യാനെത്തിയത്.
വോട്ട് കുത്തിയിറങ്ങിയപ്പോൾ ക്ഷീണം. കുറച്ചുനേരം സ്കൂളിന്റെ പടിയിൽ മകനൊപ്പം വിശ്രമിച്ച ശേഷം പോകാനിങ്ങിയ അവർ പറഞ്ഞു: ‘ഇക്കാലത്തിനിടെ ഇതുവരെ വോട്ട് മുടക്കിയിട്ടില്ല. അതുകൊണ്ട് ഇന്നും വന്നു’. വോട്ട് ചെയ്യണമെന്നത് അമ്മയുടെ ആഗ്രഹവും നിർബന്ധവുമാണെന്ന് മകന്റെ സാക്ഷ്യപ്പെടുത്തൽ. ആർ. കനകവല്ലി എന്ന 85കാരിയും ഏറെ ഉത്സാഹത്തോടെയാണ് എറണാകുളം ദാറുൽ ഉലൂം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയത്.
ജില്ലയിലെ തീരമേഖലകളിൽ രാവിലെ മുതൽ പോളിങ് ആവേശം നിറഞ്ഞതായിരുന്നു. എന്നാൽ, വെയിൽ മൂത്തതോടെ ഉച്ചക്ക് ഒരുമണി മുതൽ രണ്ടര മണിക്കൂറോളം പല ബൂത്തുകളിലും തിരക്കൊഴിഞ്ഞു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലെ ബൂത്തുകളിൽ രാവിലെ പത്ത് മണിക്ക് മുമ്പും വൈകീട്ട് നാലിന് ശേഷവുമാണ് തിരക്ക് അനുഭവപ്പെട്ടത്. പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, ചെറിയ കടവ്, ഫോർട്ട്കൊച്ചി, വൈപ്പിൻ, നായരമ്പലം, മുളവുകാട് മേഖലകളിലെല്ലാം ഏറെ ഉത്സാഹത്തോടെയാണ് വോട്ടർമാർ ബൂത്തുകളിൽ എത്തിയത്.


