വോട്ടുചെയ്യാൻ 26,47,066 പേർ
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലുള്ളത് ആകെ 26,47,066 വോട്ടർമാർ. ഇതിൽ വനിതകളാണ് കൂടുതലുള്ളത്. 13,77,271 വനിത വോട്ടർമാരും 12,69,763 പുരുഷവോട്ടർമാരുമാണുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 32 പേരാണ് ഇത്തവണ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 82 പഞ്ചായത്തുകളിലും 13 നഗരസഭകളിലും കൊച്ചി കോർപറേഷനിലുമായാണ് 26.47 ലക്ഷം വോട്ടർമാർ വരുന്നത്. സംസ്ഥാനത്ത് ആകെവോട്ടർമാരുടെ എണ്ണം 2,84,46,762 ആണ്.
കോർപറേഷനിൽ 4.34 ലക്ഷം
കൊച്ചി കോർപറേഷനിൽ 4,34,054 ലക്ഷം വോട്ടർമാരാണുള്ളത്. ഇതിൽ 2,07,899 പേർ പുരുഷന്മാരും 2,26,153 പേർ സ്ത്രീകളുമാണ്. രണ്ട് ട്രാൻസ്ജെൻഡർമാരാണ് കൊച്ചി കോർപറേഷനിൽ വോട്ട് ചെയ്യാനെത്തുക.
പഞ്ചായത്തിൽ വെങ്ങോല മുന്നിൽ; കുറവ് പോത്താനിക്കാട്
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വെങ്ങോല പഞ്ചായത്തിലാണ്. കുറവ് പോത്താനിക്കാട് പഞ്ചായത്തിലും. വെങ്ങോലയിൽ 40,403 ആണ് വോട്ടർമാരുടെ എണ്ണം. 38,607 വോട്ടർമാരുള്ള ആലങ്ങാട് പഞ്ചായത്താണ് രണ്ടാമതുള്ളത്. പോത്താനിക്കാടിൽ പതിനായിരത്തിൽ താഴെയാണ് എണ്ണം. ആകെ 8992 പേരാണ് ഇവിടെ ഉൾപ്പെട്ടിട്ടുള്ളത്. 10,018 കുഴിപ്പിള്ളി പഞ്ചായത്താണ് എണ്ണത്തിൽ തൊട്ടുമുന്നിലുള്ളത്.
നഗരസഭയിൽ തൃപ്പൂണിത്തുറ
ജില്ലയിലെ 13 നഗരസഭകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തൃപ്പൂണിത്തുറയിലാണ്. 70,817 ആണ് ആകെ വോട്ടർമാരുടെ എണ്ണം. തൊട്ടുപിന്നിൽ 70,524 വോട്ടർമാരുമായി തൃക്കാക്കരയുമുണ്ട്. ഏറ്റവും കുറവ് വോട്ടർമാരുള്ളത് കൂത്താട്ടുകുളം നഗരസഭയിലാണ് -14,625 പേർ. ആലുവയാണ് കൂത്താട്ടുകുളത്തിന്റെ തൊട്ടുമുന്നിലുള്ളത് -17,585 വോട്ടർമാർ.
പുരുഷന്മാരെക്കാൾ ഒരുലക്ഷത്തിലേറെ സ്ത്രീകൾ...
ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകളാണ് പുരുഷ വോട്ടർമാരെക്കാൾ കൂടുതലുള്ളത്. ആകെ വനിത വോട്ടർമാരെക്കാൾ 1,07,508 കുറവാണ് പുരുഷവോട്ടർമാരുടെ എണ്ണം. പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ സ്ത്രീവോട്ടർമാരുള്ളതും വെങ്ങോലയിലാണ് -ഇവിടുത്തെ പകുതിയിലേറെ വോട്ടർമാരും സ്ത്രീകളാണ് -20769. ഇവിടുത്തെ പുരുഷവോട്ടർമാരുടെ എണ്ണം 19,634 ആണ്. ഏറ്റവും കുറവ് സ്ത്രീവോട്ടർമാരുള്ളത് പോത്താനിക്കാട് തന്നെയാണ് -4613 പേർ. ഇവിടെ 4379 പുരുഷ വോട്ടർമാരുണ്ട്.
ട്രാൻസ്ജെൻഡർമാർ കുറവ്
ജില്ലയിൽ ആകെ 32 ട്രാൻസ്ജെൻഡർമാരേ വോട്ടർപട്ടികയിലുള്ളൂ. ഇതിൽ മിക്ക തദ്ദേശസ്ഥാപനങ്ങളിലും ഒരാൾ പോലുമില്ല. ചിലയിടങ്ങളിൽ ഒന്ന്, ചിലയിടത്ത് രണ്ട് എന്നിങ്ങനെയാണ് ട്രാൻസ് വോട്ടർമാരുടെ എണ്ണം. തൃക്കാക്കരയിൽ നാലുപേരും കോതമംഗലം നഗരസഭ, നെല്ലിക്കുഴി പഞ്ചായത്ത് എന്നിവിടങ്ങളിൽ മൂന്നുപേരുമാണുള്ളത്. കൊച്ചി കോർപറേഷനിൽ രണ്ടുപേരുണ്ട്. കരുമാല്ലൂർ, ഒക്കൽ, ആവോലി, അങ്കമാലി -രണ്ട്, ആലങ്ങാട്, രായമംഗലം, വാഴക്കുളം, എടത്തല, കീഴ്മാട്, ചേരാനല്ലൂർ, എളംകുന്നപ്പുഴ, തിരുവാണിയൂർ, കുട്ടമ്പുഴ, വാളകം, കളമശ്ശേരി, പറവൂർ, -ഒന്ന് എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലെ ട്രാൻസ് വോട്ടർമാരുടെ എണ്ണം.
പ്രവാസികൾ 87
ആകെ വോട്ടർപട്ടികയിൽ പ്രവാസി സാന്നിധ്യവും നൂറിൽ താഴെ. 87 പ്രവാസികളാണ് ഇടം പിടിച്ചത്. കൊച്ചി കോർപറേഷനിൽ ഉൾപ്പെടെ മിക്ക തദ്ദേശസ്ഥാപനങ്ങളിലും ഒരു പ്രവാസിപോലും വോട്ടറായി ഇല്ല.
കീഴ്മാട് -എട്ട്, വാളകം, കുന്നത്തുനാട് -അഞ്ച്, ആലുവ, ചെങ്ങമനാട്, ആമ്പല്ലൂർ, ചൂർണിക്കര, കിഴക്കമ്പലം -നാല്, മൂവാറ്റുപുഴ, പായിപ്ര, പോത്താനിക്കാട്, വാഴക്കുളം -മൂന്ന്, ശ്രീമൂലനഗരം, ആവോലി, പാലക്കുഴ, പല്ലാരിമംഗലം, നെല്ലിക്കുഴി, എടക്കാട്ടുവയൽ, മൂക്കന്നൂർ, കരുമാല്ലൂർ, കോട്ടുവള്ളി -രണ്ട്, കോതമംഗലം, പറവൂർ, ആയവന, നെടുമ്പാശ്ശേരി, തിരുമാറാടി, കീരംപാറ, വാരപ്പെട്ടി, ഐക്കരനാട്, മഴുവന്നൂർ, തിരുവാണിയൂർ, ഉദയംപേരൂർ, ഞാറക്കൽ, കടമക്കുടി,ഒക്കൽ, വെങ്ങോല, രായമംഗലം, കാഞ്ഞൂർ, ആലങ്ങാട്, ഏഴിക്കര -ഒന്ന് എന്നിങ്ങനെയാണ് പ്രവാസി വോട്ടർമാരുടെ എണ്ണം.


