ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി
text_fieldsനിയന്ത്രണംവിട്ട ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയപ്പോൾ
ചൂർണിക്കര: ബൈക്കിലിടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച വൈകീട്ട് 4.15ഓടെ ദേശീയപാതയിൽ അമ്പാട്ട്കാവിലാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തുനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടൈനർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിക്ക് കുറുകെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിക്കുകയായിരുന്നു.
ഇതിനിടയിൽ നിയന്ത്രണംവിട്ട ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തുള്ള വൈദ്യുതി പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മറിഞ്ഞു. തുടർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചുനിന്നത്. അപകടമുണ്ടാകുന്നതിന് തൊട്ട് മുമ്പ് വന്ന ബസിൽ, ഇവിടെ ബസ് കാത്ത് നിന്നിരുന്ന പത്തോളം യാത്രക്കാർ കയറിപ്പോയിരുന്നു.
അവർക്ക് പുറമെ നാട്ടുകാരായ മൂന്നുപേർ ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു. പോസ്റ്റ് മറിയുന്നത് കണ്ട് ഇവർ ഓടിമാറി. ഓടുന്നതിനിടയിൽ ചെറിയ പരിക്കുകൾ പറ്റിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്റ് ഒടിഞ്ഞതിനാൽ മണിക്കൂറുകളോളം വൈദ്യുതിയും തടസ്സപ്പെട്ടു.


