ഓണം കളറാക്കി മലയാളി
text_fieldsതിരുവോണ ദിവസം എറണാകുളം മറൈൻഡ്രൈവ് വാക്വേയിലെ തിരക്ക് - രതീഷ് ഭാസ്കർ
തൃപ്പൂണിത്തുറ അത്തംഘോഷയാത്രയോടെ തുടങ്ങിയ ജില്ലയിലെ ഓണാഘോഷം പത്തുദിവസം പിന്നിട്ടപ്പോൾ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്
കൊച്ചി: വീടുകളിൽ പൂക്കളമിട്ടും സദ്യയൊരുക്കിയും മാത്രമല്ല, കുടുംബമായും സൃഹൃത്തുക്കൾക്കൊപ്പവും യാത്രചെയ്തും ഓണക്കാലം ആഘോഷമാക്കി മലയാളികൾ. തൃപ്പൂണിത്തുറ അത്തംഘോഷയാത്രയോടെ തുടങ്ങിയ ജില്ലയിലെ ഓണാഘോഷം പത്തുദിവസം പിന്നിട്ടപ്പോൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരുവോണ നാളിലടക്കം നഗരത്തിലെ മാളുകളിലും വാട്ടർ മെട്രോ, മറൈൻഡ്രൈവ്, ബീച്ചുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾ ‘ഓണം മൂഡ്’ സൃഷ്ടിച്ചിരിക്കുകയാണ്. അരീക്കൽ വെള്ളച്ചാട്ടം, ഹിൽപാലസ് പോലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ അധികമായെത്തി. അവധിക്കാലം കഴിയുന്നതിനാൽ ഞായറാഴ്ചയും തിരക്ക് തുടരും.
തിരക്കേറി നഗരം
മെട്രോ-ജലമെട്രോ യാത്രകൾക്കും സുഭാഷ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, മറൈൻഡ്രൈവ്, ക്വീൻസ് വാക് വേ തുടങ്ങിയ സ്ഥലങ്ങളിലും ഓണം പ്രമാണിച്ച് വലിയ തിരക്ക് അനുഭവപ്പെട്ടു. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലെ പുരാതന പാരമ്പര്യംപേറുന്ന പള്ളികളും കെട്ടിടങ്ങളും കാണാനും തൃപ്പൂണിത്തുറ ഹിൽപാലസ് തുടങ്ങിയ ഇടങ്ങളിലും നിറയെ ആളുകൾ ഒഴുകിയെത്തി. കടമക്കുടി ദ്വീപ്, കുമ്പളങ്ങി ടൂറിസം വില്ലേജ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് എന്നിവിടങ്ങളും പ്രധാന ആകർഷണ കേന്ദ്രമായി.
കാടും മലയോരവും ആസ്വദിക്കാൻ
നഗരക്കാഴ്ചകൾ കണ്ട് മടുത്തവരും മലയോരവും പ്രകൃതിയും ഇഷ്ടപ്പെടുന്നവരും അധികമായെത്തിയത് ജില്ലയിലെ കിഴക്കൻ മേഖലകളിലേക്കാണ്. പാണിയേലിപോര്, കോടനാട്, തട്ടേക്കാട്, പിറവം കൂരുമല വ്യൂ പോയന്റ് തുടങ്ങിയ സ്ഥലങ്ങൾ ഈ ഓണക്കാലത്ത് ആളുകളുടെ ഇഷ്ടകേന്ദ്രങ്ങളായിരുന്നു. അയ്യമ്പുഴ പഞ്ചായത്തിൽ ചാലക്കുടി പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഏഴാറ്റുമുഖം പ്രകൃതിഗ്രാമവും അവിടെയൊരുക്കിയ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ജനകീയമായി. കൂടാതെ വിവിധ കേന്ദ്രങ്ങളിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സംഘടിപ്പിച്ച ‘ലാവണ്യം 25’ ഓണാഘോഷ പരിപാടികളും വലിയ ജനശ്രദ്ധ നേടി.
ബീച്ച് വെള്ളച്ചാട്ടവും
പൊതുവെ അവധിദിനങ്ങളിൽ ഉള്ളതുപൊലെതന്നെ ഓണക്കാലത്തും ബീച്ചുകൾ ആളുകളുടെ പ്രധാന സഞ്ചാര കേന്ദ്രമായി. പുതുവൈപ്പ്, കുഴുപ്പിള്ളി, ചെറായി, മുനമ്പം എന്നിവിടങ്ങളിൽ മനോഹര സായാഹ്നങ്ങൾ ആസ്വദിക്കാൻ നിരവധിപേർ എത്തി. ബീച്ചുകൾക്ക് പുറമെ അരീക്കൽ വെള്ളച്ചാട്ടംപോലെ സ്ഥലങ്ങളും ജനശ്രദ്ധ ആകർഷിച്ചു. ഓണാഘോഷങ്ങൾക്ക് ആവേശംപകർന്ന് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അരീക്കൽ ഫെസ്റ്റും യാത്രക്കാരുടെ മനംകവർന്നു.
തിരുവോണ ദിവസം എറണാകുളം മറൈൻഡ്രൈവിൽ ബോട്ട്സവാരി കഴിഞ്ഞ് ഇറങ്ങുന്നവർ
അഞ്ച് ദിവസമാണ് അരീക്കൽ ഫെസ്റ്റ്. നഗരത്തിൽ വാട്ടർ മെട്രോക്ക് പുറമെ മറൈൻ ഡ്രൈവിൽനിന്നുള്ള റോ-റോ സർവിസുകളിലും ഭൂതത്താൻ കെട്ട് ഡാമിന്റെയും പെരിയാറിന്റെയും ഭംഗിയും ആസ്വദിച്ചുകൊണ്ടുള്ള ബോട്ടിങ്ങും ശ്രദ്ധേയമായി. ഇടവിട്ട് പെയ്ത മഴയെ അവഗണിച്ചും നിരവധി ആളുകൾ ഇത്തരം സഞ്ചാരകേന്ദ്രങ്ങളിൽ നിറഞ്ഞത് ടൂറിസം മേഖലക്ക് കരുത്തേകിയെന്ന് ഡി.ടി.പി.സി അധികൃതർ അഭിപ്രായപ്പെട്ടു.