ഓണത്തിരക്കിൽ വിപണി; തിമിർപ്പിൽ നാട്
text_fieldsകൊച്ചി: തിരുവോണത്തിന് രണ്ട് നാൾ മാത്രം ബാക്കിനിൽക്കെ നാടാകെ ആഘോഷത്തിമിർപ്പിൽ. ഓണത്തിരക്കിൽ നഗര ഗ്രാമ വ്യത്യാസമില്ലതെ പ്രധാന മാർക്കറ്റുകളെല്ലാം ഉഷാറായി. അവസാന വട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി പച്ചക്കറി-വാഴയില കടകളിലും, പൂക്കടകളിലും, തുണിക്കടകളിലും, വിവിധ ഓണമേളകളിലും വലിയ ജനത്തിരക്കാണ്. വഴിയോര കച്ചവടം മുതല്‍ ഇലക്ട്രോണിക് കടകളില്‍ വരെ ആള്‍ക്കൂട്ടമാണ്. വസ്ത്രശാലകളിലേക്ക് കയറാന്‍ പറ്റാത്ത തിരക്കാണ്. വ്യാപാരസ്ഥാപനങ്ങൾ വിലക്കുറവും പ്രത്യേക കിഴിവും പ്രഖ്യാപിച്ചതോടെ ഓണാഘോഷങ്ങൾക്ക് കൊഴുപ്പേറുകയാണ്. ബുധനാഴ്ചയും ഉത്രാട നാളായ വ്യാഴാഴ്ചയും തിരക്ക് ഇരട്ടിയാകുമെന്ന കണക്കുകൂട്ടലിലാണ് വ്യപാരികൾ.
ഓണമേളകൾ സജീവം
നഗരത്തിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ഒരുക്കിയ ഓണവിപണന മേളകളിൽ വലിയ തിരക്കുണ്ട്. മറൈൻ ഡ്രൈവ് ഗ്രൗണ്ടിലെ സപ്ലൈകോ ഓണ വിപണന മേള ആരംഭിച്ച ദിനം മുതൽ ശ്രദ്ധേയമായി. കളമശ്ശേരി ചാക്കോളാസ് ഗ്രൗണ്ടിൽ ആരംഭിച്ച കുടുംബശ്രീ വിപണന മേളയിലും കൺസ്യൂമർ ഫെഡിന്റെയും സഹകരണ സംഘങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ആരംഭിച്ച ഓണവിപണികളും സജീവമാണ്. തുണിത്തരങ്ങൾക്കായി ഖാദി ബോർഡ് സ്ഥാപനങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അമ്യൂസ്മെന്റ് പാർക്കടക്കം ഒരുക്കിയിട്ടുള്ള തൃപ്പൂണിത്തുറയിലെ അത്തം നഗറിലും വൈകുന്നേരങ്ങളിൽ ആളുകൾ ഒഴുകിയെത്തുന്നു.
വേണം പച്ചക്കറിയും ഇലയും
തിരുവോണദിനത്തിൽ സദ്യക്കായുള്ള ഒരുക്കം അവസാന ഘട്ടത്തിലേക്ക് കടന്നതിന്റെ തിരക്ക് നഗരത്തിൽ വ്യക്തം. വീടുകളിൽ സദ്യ തയാറാക്കാൻ സാധിക്കാത്തവർ വിവധ ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും വിളിച്ചും നേരിട്ടെത്തിയും ബുക്ക് ചെയ്യുന്നുണ്ട്. പായസ വിപണിയും സജീവമാണ്. ഓണക്കാലത്ത് ഒഴിവാക്കാൻ സാധിക്കാത്ത ചിപ്സും ശർക്കര ഉപ്പേരിയും വാങ്ങിയാണ് ജനം മടങ്ങുന്നത്.
റെഡിമേഡ് പൂക്കളത്തിനും ഡിമാൻഡ്
സ്ഥല-സമയ പരിമിതിയുള്ളവർക്കായി തയാറാക്കിയ റെഡിമേഡ് പൂക്കളം ആവശ്യപ്പെട്ട് വരുന്ന വലിയ കൂട്ടം ആളുകളുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ചെറിയ വിലയിൽ വിവിധ ഡിസൈനിലും വലിപ്പത്തിലും റെഡീമേഡ് പൂക്കളം വലിയ വില കൊടുത്ത് പൂ വാങ്ങി പൂക്കളം ഒരുക്കാൻ മടിയുള്ളവർക്ക് ആശ്വാസമാണ്.
എങ്കിലും പൂവില്ലാത്ത ഓണം ചിന്തിക്കാന്‍ കഴിയാത്തതിനാല്‍ പൂവിപണി സജീവമാണ്. സ്ഥാപനങ്ങളിലെ ഓണഘോഷങ്ങൾക്കും പൂക്കള മത്സരങ്ങൾക്കുമായി പൂ വാങ്ങി പോകുന്നവർ അധികമായി നഗരങ്ങളിലുണ്ട്. തിരക്ക് പ്രമാണിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള പലതരത്തിലും പലനിറത്തിലുമുള്ള പൂക്കൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.
അവധിക്കാലം ആഘോഷക്കാലം
സ്കൂളുകളും കോളജുകളും അടച്ചതോടെ ആഘോഷ വൈബിലാണ് കുട്ടികൾ. ആഘോഷം കളറാക്കാൻ പുതിയ ഉടുപ്പ്, പൂക്കൾ തുടങ്ങിയവ വാങ്ങാൻ മാതാപിതാക്കൾക്കൊപ്പം കുട്ടികളും വ്യാപാര സ്ഥാപനങ്ങളിലേക്ക് അധികമായി എത്തുന്നുണ്ട്. ഷോപ്പിങ് മാളുകളിലും തിയറ്ററുകളിലും അവധി പ്രമാണിച്ച് നല്ല തിരക്കുണ്ട്.
വലിയ ഓഫറുമായി ഡിജിറ്റൽ-ഇലക്ട്രോണിക് സ്ഥാപനങ്ങളും എത്തിയതോടെ ഫോണും, ലാപ്ടോപ്പും, ടി.വിയും എല്ലാം വാങ്ങാനും ആളുകൾ അധികമായി എത്തുന്നു. ക്ലബുകളുടെയും വിവിധ സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓണാഘോഷവും വ്യത്യസ്ത രീതിയിൽ അരങ്ങേറുന്നുണ്ട്.
പൂക്കള മത്സരവും ഉറിയടിയും വടം വലിയുമെല്ലാം എല്ലാ പരിപാടികളിലും ഒറപ്പ്. ഇത്തരം ആഘോഷങ്ങൾക്കായി ഡ്രസ് കോഡിൽ തുണിത്തരങ്ങൾ വാങ്ങുന്നതും ഓണക്കാലത്തെ പതിവാണ്. അതേസമയം വടംവലിക്കായി വടം വാടകക്ക് നൽകുന്നു എന്ന് പറഞ്ഞുള്ള ഫ്ലെക്സുകളും പോസ്റ്ററുകളും നഗരത്തിലെ വിവിധ ഇടങ്ങളിൽ കാണാം.