Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightലക്ഷദ്വീപിലെ ഫിഷറീസ്...

ലക്ഷദ്വീപിലെ ഫിഷറീസ് വികസനത്തിന് മാസ്റ്റർ പ്ലാൻ; വാർഷിക ചൂര ഉൽപാദനം 50,000 ടണ്ണായി ഉയർത്തും

text_fields
bookmark_border
ലക്ഷദ്വീപിലെ ഫിഷറീസ് വികസനത്തിന് മാസ്റ്റർ പ്ലാൻ; വാർഷിക ചൂര ഉൽപാദനം 50,000 ടണ്ണായി ഉയർത്തും
cancel
camera_alt

സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ൽ ന​ട​ന്ന ഗു​ണ​ഭോ​ക്തൃ ച​ർ​ച്ച ല​ക്ഷ​ദ്വീ​പ് ഫി​ഷ​റീ​സ് സെ​ക്ര​ട്ട​റി രാ​ജ് തി​ല​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊച്ചി: ലക്ഷദ്വീപിന്‍റെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ ചൂരയുടെ (ട്യൂണ) ഉത്പാദനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ ദ്വീപിലെ മത്സ്യമേഖലുയടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കി. വാർഷിക ചൂരഉൽപാദനം അഞ്ചു വർഷത്തിനുള്ളിൽ 50,000 ടണ്ണാക്കുകയാണ് പ്രഥാന ലക്ഷ്യം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്ന സംയുക്ത ഗുണഭോക്തൃ ചർച്ചയിലാണ് മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകിയത്. ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് മാസ്റ്റർ പ്ലാനിലുള്ളത്. ആഴക്കടൽ ചൂരപിടുത്തത്തിന്റെ വ്യാപനം, മാരികൾച്ചർ (കടൽ മത്സ്യകൃഷി), കടൽപ്പായൽ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇതിൽപെടും.

കേന്ദ്ര ഫിഷറീസ് വകുപ്പ്, ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്, നാഷനൽ ഫിഷറീസ് ഡെവലപ്‌മെന്‍റ് ബോർഡ്, സി.എം.എഫ്.ആർ.ഐ, സിഫ്റ്റ്, എം.പി.ഇ.ഡി.എ, സിഫ്നെറ്റ്, നിഫാറ്റ്, എഫ്.എസ്.ഐ എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളി പ്രതിനിധികൾ, സംരംഭകർ, സഹകരണ സംഘം ഭാരവാഹികൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജന വഴി ഫണ്ട് കണ്ടെത്തിയായിരിക്കും പദ്ധതികൾ നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി 24 മീറ്ററിൽ താഴെ നീളമുള്ള 50 പുതിയ ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ അനുവദിക്കും.

അഞ്ച് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കടൽപ്പായൽ കൃഷി വ്യാപിപ്പിക്കും. സമുദ്ര അലങ്കാര മത്സ്യങ്ങൾ വളർത്താൻ ദ്വീപിലെ 4,200 ചതുരശ്ര കിലോമീറ്റർ വരുന്ന കായൽ (ലഗൂൺ) പരപ്പ് പ്രയോജനപ്പെടുത്തും. സ്പോർട്സ് ഫിഷിംഗ്, വിനോദ മത്സ്യബന്ധന ബോട്ടുകൾ എന്നിവ പ്രോത്സാഹിപ്പിക്കാനും നടപടി സ്വീകരിക്കും. മത്സ്യബന്ധന മേഖലയുടെ നവീകരണത്തിനായി പുതിയ ബോട്ട് നിർമ്മാണ യാർഡുകൾ, അത്യാധുനിക കോൾഡ് സ്റ്റോറേജ് സൗകര്യം, 50 മൂല്യവർദ്ധിത ഉൽപാദന യൂനിറ്റുകൾ, മത്സ്യ സംഭരണ യാനങ്ങൾ (മദർ വെസൽ), മെക്കാനിക്കൽ വർക്്‌ഷോപ്പുകൾ എന്നിവ സ്ഥാപിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ, കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങൾ, വനിതാ സംരംഭകർ എന്നിവരെ സജീവ പങ്കാളികളാക്കിയാവും പദ്ധതികൾ നടപ്പാക്കുക.

സി.എം.എഫ്.ആർ.ഐയാണ് ലക്ഷദ്വീപ് ഫിഷറീസ് വികസനത്തിന്റെ നോഡൽ ഏജൻസി. ലക്ഷദ്വീപിന്റെ സമുദ്രവിഭവങ്ങൾ ഇതുവരെ പൂർണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും അത്യാധുനിക സാങ്കേതിക സഹായത്തോടെ ഈ മേഖലയുടെ സുസ്ഥിര വികസനത്തിന് സി.എം.എഫ്.ആർ.ഐ നേതൃത്വം നൽകുമെന്നും സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. കേന്ദ്ര ഫിഷറീസ് ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ മുഹമ്മദ് കോയ, എൻ.എഫ്ഡി.ബി സീനിയർ എക്സിക്യൂട്ടീവ് ഡോ. കാഞ്ചി ഭാർഗവി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
TAGS:Master Plan fisheries sector Lakshadweep 
News Summary - Master plan for fisheries development in Lakshadweep; Annual sugarcane production to be increased to 50,000 tonnes
Next Story