‘മീഡിയേഷൻ ഫോർ ദ നേഷൻ’ ഡ്രൈവ്; ജില്ലയിൽ തീർപ്പാക്കിയത് 692 കേസുകൾ
text_fieldsകൊച്ചി: വിവാഹമോചനമുൾപ്പെടെ ദാമ്പത്യബന്ധത്തിലെ തർക്കവുമായി ബന്ധപ്പെട്ട 99 കേസുകൾ, ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട 167 കേസുകൾ, പറഞ്ഞുതീർക്കാവുന്ന ക്രിമിനൽ കേസുകൾ 118 എണ്ണം, ഇങ്ങനെ വിവിധ തരത്തിൽപെട്ട 692 കേസുകൾ... പറഞ്ഞുവരുന്നത് മീഡിയേഷൻ ഫോർ ദ നേഷൻ കാമ്പയിനിലൂടെ കോടതിക്കുപുറത്ത് തീർപ്പാക്കിയ കേസുകളെക്കുറിച്ചാണ്.
കേരള സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്ററിനു കീഴിൽ ജില്ലയിലെ വിവിധ മീഡിയേഷൻ സെന്ററുകളിലാണ് കാമ്പയിന്റെ ഭാഗമായി 692 കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കിയത്. ജില്ലയിലെ വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലുമുൾപ്പെടെ കെട്ടിക്കിടന്ന കേസുകൾ പരിഗണിക്കാനായി ജൂലൈ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ കാലയളവിലാണ് പ്രത്യേക മീഡിയേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്.
എത്തിയത് 3353 കേസുകൾ
ജില്ലയിൽ വിവിധ മീഡിയേഷൻ കേന്ദ്രങ്ങളിലേക്കായി കോടതികളിൽനിന്ന് റഫർ ചെയ്തത് 3353 കേസുകളാണ്. ഇവയെല്ലാം വിവിധ കോടതികളിൽനിന്ന് ജഡ്ജിമാർതന്നെയാണ് റഫർ ചെയ്യുന്നത്. ഇത്തരത്തിൽ മീഡിയേഷനുവേണ്ടി പരിഗണിക്കേണ്ട കേസുകളുടെ പട്ടിക കോടതിയിൽനിന്ന് നൽകുകയും സെന്ററിൽനിന്ന് ഇരുകക്ഷികളെയും മധ്യസ്ഥതക്കായി വിളിപ്പിക്കുകയും ചെയ്യുകയാണ് രീതി. തുടർന്ന് ഇരുകൂട്ടരും ഒറ്റക്കും ഒരുമിച്ചുമെല്ലാം നിഷ്പക്ഷരായ മീഡിയേറ്ററുടെ മധ്യസ്ഥതയിൽ ഇരുന്ന് കേസിനെക്കുറിച്ച് തുറന്നുസംസാരിക്കുകയും പരസ്പരധാരണയിലെത്തുകയും ചെയ്യും. ഇത്തരത്തിൽ ഒത്തുതീർപ്പാകുന്ന കേസുകളുടെ വിവരങ്ങളും മീഡിയേഷൻ നടപടികളും ലീഗൽ മീഡിയേഷൻ അഗ്രിമെന്റ് ആക്കി കോടതിക്ക് സമർപ്പിക്കും.
തുടർന്ന് കോടതി ഇതിലെ നിയമസാധുത പരിശോധിച്ചാണ് കേസ് ഒത്തുതീർപ്പാക്കിക്കൊണ്ട് ഉത്തരവിടുന്നത്. നിയമപരമായി നിൽക്കാത്തവയാണെങ്കിൽ തള്ളിക്കളയുകയും ചെയ്യും. ഇത്തരത്തിൽ തള്ളിക്കളയുന്ന കേസുകൾ വീണ്ടും ഒത്തുതീർപ്പിലേക്ക് തന്നെയാണ് നീങ്ങുന്നത്. ഈ പ്രക്രിയ വീണ്ടും ആവർത്തിക്കും.
നിലവിൽ മധ്യസ്ഥതയിലെത്തിലെത്താത്ത കേസുകളും ഇത്തരത്തിൽ വീണ്ടും പരിഗണിക്കും. സർവിസ് മാറ്റർ, കൺസ്യൂമർ ഡിസ്പ്യൂട്ട് കേസ്, ലേബർ കേസ്, ലാൻഡ് അക്വിസിഷൻ, ആർബിട്രേഷൻ കേസുകൾ എന്നിവ മീഡിയേഷനുവേണ്ടി വന്നിരുന്നെങ്കിലും ഇവയൊന്നും ഒത്തുതീർപ്പിലേക്ക് എത്തിയില്ല.
ഇതാണാ കേന്ദ്രങ്ങൾ
ജില്ല കോടതിക്കു സമീപമുള്ള പ്രധാന കേന്ദ്രമായ എറണാകുളം മീഡിയേഷൻ സെന്ററുൾപ്പെടെ എട്ട് കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. തോപ്പുംപടി, മൂവാറ്റുപുഴ, കോതമംഗലം, ആലുവ, പെരുമ്പാവൂർ, കോലഞ്ചേരി എന്നിവിടങ്ങളിൽ സബ് സെന്ററുകളും നോർത്ത് പറവൂരിൽ അഡീഷനൽ സെന്ററുമുണ്ട്. ഓരോ മേഖലയിലും കോടതിയോട് ചേർന്നാണ് ഇവ പ്രവർത്തിക്കുന്നത്. പ്രിൻസിപ്പൽ ജില്ല ജഡ്ജിയും ഡി.എൽ.എസ്.എ ചെയർപേഴ്സണുമായ ഹണി എം. വർഗീസാണ് ജില്ല മീഡിയേഷൻ സെന്റർ നയിക്കുന്നത്.


