ട്രെയിനുകളിലെ മൊബൈൽ കള്ളന്മാരെ പൂട്ടി ഉദ്യോഗസ്ഥർ
text_fieldsപ്രതി ജോസഫുമായി ആർ.പി.എഫ് ഉദ്യോഗസ്ഥർ
കൊച്ചി: മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ട് മയങ്ങിയതേ ഓർമയുള്ളു. ഉണർന്ന് നോക്കുമ്പോൾ മൊബൈൽ കാണാനില്ല. ട്രെയിനിൽ മാത്രമല്ല, റെയിൽവേ സ്റ്റേഷനിൽവെച്ചും ഇതേ അനുഭവമുണ്ടായവരുണ്ട്. എറണാകുളത്തെ മാത്രം സംഭവവുമല്ല ഇത്, ട്രെയിൻ യാത്രക്കിടെ പലനാടുകളിലും ഇത്തരം അനുഭവങ്ങളുണ്ടായവർ നിരവധിയാണ്.
പലപ്പോഴും ആ ഫോണുകൾ തിരിച്ചുകിട്ടാറില്ല. സമീപകാലത്ത് ഇത്തരം നിരവധി മോഷണങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്കിടെ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ പൊലീസും നിരവധി പ്രതികളെ പിടികൂടിയിട്ടുണ്ട്.
ആർക്കും യഥേഷ്ടം കയറിനടക്കാവുന്ന സാഹചര്യം ട്രെയിനുകളിൽ ഇല്ലാതാക്കാനും കുറ്റവാളികളെ കണ്ടെത്താനും ശക്തമായ നിരീക്ഷണമാണ് ഉദ്യോഗസ്ഥർ നടത്തിവരുന്നത്.
യാത്രക്കാരുടെ ശ്രദ്ധക്ക്
യാത്രക്കിടെ മൊബൈൽഫോണുകൾ ചാർജ് ചെയ്യാൻ വെച്ച് ഉറങ്ങരുത്; അവസരം കാത്ത് മോഷ്ടാക്കൾ സമീപത്തുണ്ടാകാം. യാത്രയിലുടനീളം സാധനങ്ങൾ സുരക്ഷിതമായിരിക്കാൻ ശ്രദ്ധ ചെലുത്തണം. വാതിലിന് സമീപത്ത് നിന്നുള്ള യാത്ര അപകടകരമാണെന്ന് ഓർമിക്കുക.
ജനാലക്കരികിലെത്തി മൊബൈലുകൾ തട്ടിപ്പറിക്കുന്ന സംഘങ്ങളും പലയിടത്തുമുണ്ട്. അതിനാൽ വിൻഡോ സീറ്റിലിരിക്കുന്നവർ ശ്രദ്ധിക്കണം. എന്തെങ്കിലും പ്രയാസങ്ങൾ യാത്രക്കിടെ നേരിട്ടാൽ ഉടൻ ഹെൽപ്പ് ലൈൻ നമ്പറായ 139ൽ അറിയിക്കണം.
ഓടിനടന്ന് മോഷണം; തൊണ്ടി സഹിതം പിടിയിൽ
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലും സൗത്ത് റെയിൽവേ സ്റ്റേഷനിലും മൊബൈൽ മോഷണം നടത്തിയ പ്രതി അടുത്ത കവർച്ചക്ക് പദ്ധതി ആസൂത്രണം ചെയ്താണ് തിങ്കളാഴ്ച പുലർച്ചെ സൗത്തിലെത്തിയത്. എന്നാൽ, തന്നെ നിരീക്ഷണത്തിലാക്കി പിന്നാലെ ആർ.പി.എഫ് സ്പെഷൽ സ്ക്വാഡ് പിന്നിലുണ്ടെന്ന കാര്യം പ്രതി അറിഞ്ഞില്ല.
അടുത്ത മോഷണത്തിന് മുമ്പ് പ്രതിയെ ഉദ്യോഗസ്ഥർ കൈയോടെ പൊക്കി. തിരുവനന്തപുരം തിരുമല ആലപ്പുറത്ത് പുത്തൻവീട്ടിൽ എ. ജോസഫാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
സി.സി ടി.വിയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. നോർത്തിലും സമാനരീതിയിൽ മോഷണം നടത്തിയതായി പ്രതി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഇൻസ്പെക്ടർ ബിനോയ് ആൻറണിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മണികണ്ഠൻ, അസി. സബ് ഇൻസ്പെക്ടർമാരായ രമേശ്കുമാർ, ശ്രീകുമാർ, കോൺസ്റ്റബിൾമാരായ അജയഘോഷ്, പ്രമോദ്, അൻസാർ, ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രാത്രി സമയങ്ങളിൽ ചാർജ് ചെയ്യാൻ വെച്ചിട്ട് ഉറങ്ങുന്നവരുടെ മൊബൈൽഫോണുകൾ മോഷ്ടിക്കുന്നതായിരുന്നു പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി നൂർ ആലം മണ്ഡലെന്ന മോഷ്ടാവിന്റെ രീതി. മോഷണ ശേഷം സ്റ്റേഷനോടടുത്ത വേഗത കുറഞ്ഞ സ്ഥലങ്ങളിൽ ചാടിയിറങ്ങി രക്ഷപ്പെടും.
ഇയാളെ കുടുക്കാനും എറണാകുളം സൗത്ത് കേന്ദ്രീകരിച്ച് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റങ്ഷൻ സ്ക്വാഡ് അംഗങ്ങൾ രംഗത്തിറങ്ങി. എറണാകുളം പുല്ലേപ്പടി ഭാഗത്ത് വെച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ പ്രതിയെ പിന്തുടർന്ന് സാഹസികമായാണ് അവർ പിടികൂടിയത്.
അടിച്ചുവീഴ്ത്തുന്നവരെയും കുടുക്കി റെയിൽവേ പൊലീസ്
ട്രെയിൻയാത്രികരെ വടികൊണ്ട് ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർച്ച നടത്തുന്ന പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടുന്ന ആറംഗ സംഘത്തെ റെയിൽവെ പൊലീസ് പിടികൂടിയിരുന്നു. വാതിൽ പടിയിലും വിൻഡോ സീറ്റുകളിലും യാത്ര ചെയ്യുന്നവർ, കൈയിൽ ഫോണുമായി വാതിൽപടിയിൽ നിൽക്കുന്നവർ എന്നിങ്ങനെയുള്ളവരാണ് പ്രതികളുടെ ഇരകൾ. നാട്ടിലേക്ക് മടങ്ങുന്ന അന്തർസംസ്ഥാനക്കാരെയാണ് പ്രധാനമായും ഇവർ ഉന്നംവെച്ചിരുന്നത്.
സ്റ്റേഷനിൽ നിർത്തുന്നതിനായി വേഗത കുറക്കുന്ന സമയത്ത് ട്രെയിനുകളുടെ അരികിലെ സീറ്റുകളിലും വാതിൽ പടിക്ക് സമീപത്തുമുണ്ടാകുന്ന യാത്രക്കാരെ വടികൊണ്ട് ആക്രമിക്കുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിൽ മൊബൈലും പഴ്സുമൊക്കെ താഴെ വീഴ്ത്തി കവർച്ച ചെയ്യുന്നതായിരുന്നു പതിവ്. ഇത്തരത്തിൽ ആക്രമിക്കപ്പെട്ട് ട്രെയിനിൽ നിന്ന് വീണ വ്യക്തിയുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.