വെള്ളം ആവശ്യമില്ല, ഉയരങ്ങളിൽ പറന്നെത്തി തീയണക്കും; കണ്ടുപിടുത്തവുമായി വിദ്യാർഥികൾ
text_fieldsതീയണക്കുന്നതിന് വികസിപ്പിച്ചെടുത്ത ഉപകരണവുമായി തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിങ് കോളജ് വിദ്യാർഥികളായ സൽമാൻ ഫാരിസ്, അദീപ് സാഹിൽ, മുഹമ്മദ് റാഷിദ്, ജഗന്നാഥ് എന്നിവർ
കൊച്ചി: ഉയരമോ ജലലഭ്യതയോ പ്രശ്നമല്ല, ബഹുനില കെട്ടിടങ്ങൾക്ക് മുകളിൽ അഗ്നിബാധയുണ്ടായാൽ അണക്കാൻ ആധുനിക ഡ്രോൺ സംവിധാനം തയാറെന്ന് വിദ്യാർഥികൾ. ഉയരങ്ങളിലേക്ക് ഡ്രോൺ പറത്തി അഗ്നിബാധ കാമറ സെൻസർ ഉപയോഗിച്ച് തിരിച്ചറിഞ്ഞ് തീയണക്കുന്ന ഉപകരണമാണ് തൃക്കാക്കര ഗവ. മോഡൽ എൻജിനിയറിങ് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ചത്. വെള്ളത്തിന് പകരം ഫയർ എക്സ്റ്റിങ്യൂഷർ ബോളുകളാണ് തീയണക്കാൻ ഉപയോഗിക്കുന്നത്. തീയണക്കാൻ വലിയ ഉയരങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുകയെന്നത് പലപ്പോഴും കഠിനമാണ്. ഇത് മറികടക്കാൻ ഈ ആധുനിക സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് ഉപകരണം വികസിപ്പിക്കാൻ നേതൃത്വം നൽകിയ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി അദീപ് സാഹിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർഥി സൽമാൻ ഫാരിസ്, ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥികളായ മുഹമ്മദ് റാഷിദ്, ജഗന്നാഥ് എന്നിവരും ഉൾപ്പെടുന്ന സംഘമാണ് ഇത് രൂപപ്പെടുത്തിയത്. കോളജിൽ നടന്ന എക്സൽ 2024ൽ മികച്ച ഇന്നവേഷനുള്ള പുരസ്കാരവും ഇതിലൂടെ വിദ്യാർഥികൾ നേടി.
ഡ്രോണിൽ സ്ഥാപിച്ച എയർകാനാണ് ഉപകരണത്തിലെ പ്രധാന ഭാഗം. ഇതിൽ കംപ്രസ്ഡ് എയറാണ് നിറച്ചിരിക്കുന്നത്. ഇതിന് മുന്നിലായി ഒരു സോലിനോയ്ഡ് വാൽവ് ചേർത്തിട്ടുണ്ട്. അതിനോട് ചേർന്ന് ഫയർ എക്സിറ്റിങ്യൂഷർ ബോൾ സ്ഥാപിച്ചാണ് ഉപകരണം പ്രവർത്തിപ്പിക്കേണ്ടത്. കാമറ സെൻസർ ഉപയോഗിച്ച് തീയുള്ള സ്ഥലം തിരിച്ചറിയാനും സംവിധാനമുണ്ടാക്കി. തീപിടിത്തമുണ്ടാകുന്ന സ്ഥലത്ത് ഡ്രോൺ പറത്തി, ഫയർ എക്സ്റ്റിങ്യൂഷർ ബോൾ ഇവിടേക്ക് പ്രയോഗിക്കുന്നതാണ് രീതി. ഇത്തരത്തിൽ ഫയർ എക്സിറ്റിങ്ക്യൂഷർ ബോളുകൾ ഡ്രോൺ മുഖേന മുകളിൽനിന്ന് താഴേക്ക് പതിപ്പിക്കുന്ന രീതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെങ്കിലും വശങ്ങളിലേക്കും മറ്റും പ്രയോഗിക്കുന്ന സംവിധാനം മറ്റെവിടെയുമുണ്ടെന്ന് കരുതുന്നില്ലെന്ന് അവർ പറഞ്ഞു. നിലവിൽ വലിയ വലിപ്പമുള്ള ഫയർ എക്സ്റ്റിങ്യൂഷർ ബോളുകളാണ് കാണാറുള്ളതെന്നും ഈ ഉപകരണത്തിന് വലിപ്പം കുറഞ്ഞവയാണ് ആവശ്യമെന്നും അവർ വ്യക്തമാക്കി.
ഇത്തരം സംവിധാനം വികസിപ്പിക്കുന്നതിന് അഗ്നിരക്ഷാ സേനയുടെ ഉൾപ്പെടെ സഹായം തേടുകയാണെന്നും അവർ പറഞ്ഞു. ഉപകരണം പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുന്നത് സംബന്ധിച്ച് അധികൃതർ മുഖേന ചർച്ചകൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.