ആദ്യം കുറ്റപ്പെടുത്തി; പിന്നെ തിരുത്തി... വി.എസിനെ മൂലമ്പിള്ളിക്കാർ ഓർക്കുന്നു
text_fieldsവി.ആർ. കൃഷ്ണയ്യരും വി.എസ്. അച്യുതാനന്ദനും (ഫയൽ ചിത്രം)
കൊച്ചി: കേരളം കണ്ട പല സമരപോരാട്ടങ്ങൾക്കും ഊർജം പകർന്ന മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെക്കുറിച്ച് വേറിട്ടൊരോർമയാണ് മൂലമ്പിള്ളി സമരക്കാർക്ക് പങ്കുവെക്കാനുള്ളത്. 2008ൽ വി.എസ്. മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തിന്റെ സ്വപ്നപദ്ധതിയായ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കായി മൂലമ്പിള്ളിയിലെയും പരിസരപ്രദേശങ്ങളെയും 316 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത്. വീടും കിടപ്പാടവും നഷ്ടപ്പെട്ട നൂറുകണക്കിനാളുകൾ തൊട്ടുപിന്നാലെ സമര, പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങി. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പലരും പിന്തുണച്ച സമരത്തെക്കുറിച്ച് അന്ന് വി.എസ് നടത്തിയ പ്രസ്താവന പല കോണുകളിൽനിന്നും വലിയ പ്രതിഷേധത്തിനിടയാക്കി. സമരത്തിന് തീവ്രവാദികൾ നേതൃത്വം നൽകുന്നുവെന്ന 2008 ഫെബ്രുവരി 20ന് നടത്തിയ വാർത്തസമ്മേളനത്തിലെ പരാമർശമാണ് വലിയ പ്രതിഷേധത്തിനും വിവാദത്തിനും കാരണമായത്.
ഇത് പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും പല കോണിൽനിന്നും ആവശ്യമുയർന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുൾപ്പെടെ ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വി.എസ്, കൃഷ്ണയ്യരുടെ വസതിയിലെത്തി തന്റെ പരാമർശത്തിൽ ഖേദപ്രകടനം നടത്തുകയായിരുന്നു. തന്നെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചതാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പു പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പിന്നീട് ജനകീയ സമ്മർദത്തിന്റെയും സമരക്കാരുടെ നിരന്തര ജാഗ്രതയുടെയും ഫലമായി മൂലമ്പിള്ളി പാക്കേജിനെക്കുറിച്ച് പഠിക്കാൻ അന്നത്തെ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രൻ, നിയമമന്ത്രി എം. വിജയകുമാർ, ഫിഷറീസ് മന്ത്രി എസ്. ശർമ എന്നിവർ അംഗങ്ങളായ കാബിനറ്റ് ഉപസമിതിയെ നിയോഗിച്ചതും വി.എസാണ്. തനിക്ക് സംഭവിച്ച തെറ്റ് തിരുത്തുകയായിരുന്നു ഇതിലൂടെ. 2008 മാർച്ച് 19നാണ് മൂലമ്പിള്ളി പാക്കേജ് പ്രഖ്യാപിച്ചത്. അന്ന് പ്രഖ്യാപിക്കപ്പെട്ട പല കാര്യങ്ങളും യാഥാർഥ്യമായില്ലെങ്കിലും ഇതിനുവേണ്ടി മുൻകൈയെടുത്ത വി.എസ്. അച്യുതാനന്ദന് ഓർമപ്പൂക്കളർപ്പിക്കുകയാണ് മൂലമ്പിള്ളിക്കാർ.
സമരത്തിന് നേതൃത്വം നൽകിയ മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി വി.എസിന്റെ വിയോഗത്തിൽ അനുശോചിച്ചു. പുനരധിവാസ പാക്കേജിന്റെ മുഖ്യശിൽപിയായിരുന്നുവെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രഫ. കെ. അരവിന്ദാക്ഷൻ, അഡ്വ. സി.ആർ. നീലകണ്ഠൻ, ഫ്രാൻസീസ് കളത്തുങ്കൽ, വി.പി. വിൽസൻ, കെ. രജികുമാർ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.