കേരളത്തിനു പുറത്തുനിന്നുള്ളവർ ഏറ്റവും കൂടുതൽ പഠിക്കുന്നത് എറണാകുളത്തെ സ്കൂളുകളിൽ
text_fieldsകൊച്ചി: ഈ നാട്ടിലേക്കുള്ള കുടിയേറ്റത്തിന്റെ കഥകൾക്ക് ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജനങ്ങളുടെ ഇഷ്ടകേന്ദ്രമാണ് കൊച്ചി. ഇന്നിപ്പോൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കേരളത്തിന് പുറത്തുനിന്നുള്ള വിദ്യാർഥികൾ ഏറ്റവുമധികം പഠിക്കുന്ന ജില്ലയെന്ന ഖ്യാദിയിൽ അഭിമാനിക്കുകയാണ് എറണാകുളം. അന്തർസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവും മികവുറ്റ വിദ്യാഭ്യാസ സംവിധാനങ്ങളുമൊക്കെ ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിന് കാരണമായിട്ടുണ്ട്.
പഠനമില്ലാതെ വീടുകളിൽ കഴിയുന്ന അന്തർസംസ്ഥാന കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കാനുള്ള അധികൃതരുടെ ഇടപെടലുകളും ഇതിന് കാരണമായിട്ടുണ്ട്. രാജ്യത്തിന് പുറത്ത്, നേപ്പാളിൽ നിന്നുള്ള 95 വിദ്യാർഥികൾ ഉൾപ്പെടെ എറണാകുളം ജില്ലയിൽ പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 24,061 വിദ്യാർഥികൾ ഇത്തരത്തിൽ പഠിക്കുന്നതിൽ 6447 പേരും എറണാകുളം ജില്ലയിലാണ്. വിവിധ സംസ്ഥാനങ്ങളെക്കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുള്ളവരും ഇവിടെയുണ്ട്.
റോഷ്നി പദ്ധതി
അന്തർസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ജില്ല ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് റോഷ്നി. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽനിന്ന് അന്തർസംസ്ഥാനക്കാരായ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മുൻ ജില്ല കലക്ടറായിരുന്ന കെ. മുഹമ്മദ് വൈ. സഫീറുല്ല ആവിഷ്കരിച്ച പദ്ധതിയാണ് റോഷ്നി. ജില്ലപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ അഭിയാൻ, വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സംഭാഷണത്തിലൂടെ ഒന്നിലേറെ ഭാഷകളിലേക്ക് ആശയവിനിമയം സാധ്യമാകുന്ന ‘കോഡ് സ്വിച്ചിങ്ങാ’ണ് ഇതിന്റെ അടിസ്ഥാനം. പദ്ധതി സംസ്ഥാനത്തുതന്നെ ശ്രദ്ധിക്കപ്പെട്ടു. ജില്ലയിൽ ഏറ്റവുമധികം അന്തർസംസ്ഥാന വിദ്യാർഥികൾ പഠിച്ചിരുന്ന തൃക്കണാർവട്ടം എൽ.പി സ്കൂൾ, പൊന്നുരുന്നി എൽ.പി സ്കൂൾ, കണ്ടന്തറ യു.പി സ്കൂൾ, ബിനാനിപുരം എച്ച്.എസ് എന്നീ നാല് വിദ്യാലയങ്ങളിലെ 110 കുട്ടികളുമായിട്ടായിരുന്നു പദ്ധതിയുടെ തുടക്കം.
തുടർന്ന് അടുത്ത ഘട്ടത്തിൽ 20 സ്കൂളുകളിലെ 1200 വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമായി. നാലാംഘട്ടം മുതൽ 40 വിദ്യാലയങ്ങളിലെ 2500 വിദ്യാർഥികളാണ് ഗുണഭോക്താക്കൾ. നിലവിൽ എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, കോതമംഗലം ഉപജില്ലകളിലായി 13000ത്തിലധികം വിദ്യാർഥികളെ ചേർത്തുപിടിക്കാനായി.