പുത്തൻവേലിക്കരയിലെ വീട്ടമ്മയുടെ വധം; വധശിക്ഷ റദ്ദാക്കി പ്രതിയെ  ഹൈകോടതി വെറുതെവിട്ടു
text_fieldsകൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ 60കാരിയായ വിധവയെ ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതിയായ അന്തർസംസ്ഥാന തൊഴിലാളിയുടെ വധശിക്ഷ ഹൈകോടതി റദ്ദാക്കി വെറുതെവിട്ടു. മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് അസം നൊഗാവ് സ്വദേശി പരിമൾ സാഹുവിന് (29) പറവൂർ അഡീ. സെഷൻസ് കോടതി 2021ൽ വിധിച്ച വധശിക്ഷ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. വധശിക്ഷ നടപ്പാക്കാൻ അനുമതിതേടി സർക്കാർ നൽകിയ ഹരജിയും തള്ളി.
2018 മാർച്ച് 18ന് അർധരാത്രിക്കുശേഷമായിരുന്നു കൊലപാതകം. ഗുരുതര പരിക്കുകളോടെ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. ഇവർ വാടകക്ക് നൽകിയിരുന്ന മുറിയിൽ താമസിച്ചിരുന്ന മുന്ന എന്ന പരിമൾ സാഹു തുടർന്ന് പിടിയിലായി. മാനഭംഗശ്രമം ചെറുത്തപ്പോൾ കല്ലുകൊണ്ട് അടിച്ചും കഴുത്തിൽ തുണി മുറുക്കിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. മുന്ന വീട്ടിലുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ ബുദ്ധിമാന്ദ്യമുള്ള മകൻ പറഞ്ഞതടക്കം പരിഗണിച്ചായിരുന്നു അറസ്റ്റ്. വിചാരണ കോടതി പരമാവധി ശിക്ഷതന്നെ നൽകുകയും ചെയ്തു. ഏക ദൃക്സാക്ഷിയായ മകന് 35 വയസ്സുണ്ടെങ്കിലും ഏഴരവയസ്സുകാരന്റെ ബുദ്ധി മാത്രമാണെന്നാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. എന്നാൽ, മകന്റെ മൊഴി പൂർണമായി വിശ്വസിച്ചാണ് വിചാരണക്കോടതി ഉത്തരവ്.
മൊഴികളിലും വിസ്താരത്തിലും യുവാവ് പറഞ്ഞതിലെ പൊരുത്തക്കേടുകളും വിചാരണ കോടതി അവഗണിച്ചു. മൃതദേഹത്തിലെ പരിക്ക് വിലയിരുത്താൻ പ്രതിയെ ദന്തഡോക്ടറുടെ പക്കലാണ് കൊണ്ടുപോയത്. ആവശ്യമായ ഡി.എൻ.എ പരിശോധനകളും നടന്നിട്ടില്ല. പ്രതിയുടെ നിരപരാധിത്വത്തിലേക്ക് വഴിതെളിക്കുന്ന തെളിവുകളെല്ലാം ശരിയായി വിലയിരുത്തുന്നതിൽ വിചാരണ കോടതിക്ക് പിഴവുപറ്റിയെന്നും കോടതി ചൂണ്ടിക്കാട്ടി.


