ഭൂമി തരംമാറ്റം ചുവപ്പുനാടയിൽ; വിവിധ താലൂക്കുകളിലായി കെട്ടിക്കിടക്കുന്നത് 22,000ത്തോളം അപേക്ഷകൾ
text_fieldsകൊച്ചി: ജില്ലയിലെ വിവിധ താലൂക്കുകളിലായി ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് െകട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകൾ. 1500 മുതൽ 7000ത്തിനടുത്ത് അപേക്ഷകൾ വരെ തീർപ്പാക്കാത്തതായി വിവിധ താലൂക്കുകളിലുണ്ട്. കൊച്ചി താലൂക്കൊഴികെ 22,000ത്തോളം അപേക്ഷകളാണ് നടപടികൾ കാത്തുകിടക്കുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കൊച്ചിയിലെ തരംമാറ്റ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഈ താലൂക്കിലത്തേതുൾപ്പെടെ വരുമ്പോൾ എണ്ണം ഇനിയുമേറെ കൂടും. അപേക്ഷകൾ പെൻഡിങ്ങാണെങ്കിലും തരംമാറ്റത്തിനുള്ള ഫീസായി സർക്കാറിലെത്തിയത് ദശകോടികളാണ്.
കൂടുതൽ പറവൂരിൽ
ഫോറം 6 പ്രകാരം പറവൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ കുന്നുകൂടിക്കിടക്കുന്നത്, 6779 എണ്ണം. ഏറ്റവും കുറവ് കോതമംഗലത്തും, 1415 അപേക്ഷകൾ. എറണാകുളം നഗരം കേന്ദ്രമായ കണയന്നൂർ താലൂക്കിൽ മാത്രം 5059 അപേക്ഷകൾ തീർപ്പാക്കാനുണ്ട്.
കുന്നത്തുനാട് താലൂക്കിൽ 2760 അപേക്ഷകൾ നടപടിക്കായി കാത്തിരിപ്പുണ്ട്. സമയബന്ധിതമായി അപേക്ഷകളിൽ തീർപ്പുണ്ടാകാത്തതിനാൽ സാധാരണക്കാരുൾപ്പെടെ നൂറുകണക്കിനാളുകൾ ദുരിതമനുഭവിക്കുകയാണ്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള മറുപടിയിലാണ് കലക്ടറേറ്റിൽനിന്നും താലൂക്ക് ഓഫിസുകളിൽനിന്നുമുള്ള കണക്കുകൾ വ്യക്തമാകുന്നത്.
ഫീസായി 295 കോടി
ജില്ലയിൽ ഭൂമി തരംമാറ്റ ഇനത്തിൽ ആറ് താലൂക്കുകളിൽനിന്നായി 295 കോടി രൂപയിലേറെ പിരിച്ചെടുത്തിട്ടുണ്ട്. വിവിധ താലൂക്കുകളിലായി നൂറുകണക്കിന് ഹെക്ടർ ഭൂമിയാണ് ഇതിനോടകം തരംമാറ്റി നൽകിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ ഫീസ് ലഭിച്ചത് കണയന്നൂർ താലൂക്കിലാണ്-122 കോടി രൂപ. ആലുവയിൽ 36 കോടി, പറവൂരിൽ 31 കോടി, കുന്നത്തുനാട്-39 കോടി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലുമായി 65 കോടി രൂപ എന്നിങ്ങനെയും പിരിച്ചു.
25 സെന്‍റ് വരെ സൗജന്യം
2017 ഡിസംബർ 30ലെ ഭേദഗതി പ്രകാരം അപേക്ഷകന്റെ കൈവശം ഒന്നായിക്കിടക്കുന്ന 25 സെന്റ് വരെയുള്ള ഭൂമി സൗജന്യമായി തരംമാറ്റി നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഫോറം 6 പ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ 5 സെന്റിൽ താഴെയുള്ളവയുടെ കൃത്യമായ കണക്കുകൾ ഓൺലൈൻ പോർട്ടലായ റെലിസ് (RELIS) സോഫ്റ്റ്‌വെയറിൽനിന്നും വേർതിരിച്ചെടുക്കാനുള്ള സംവിധാനമില്ലെന്ന് അധികൃതർ അറിയിച്ചു.
അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ നിയമപരമായി കൃത്യമായ ദിവസപരിധി നിശ്ചയിച്ചിട്ടില്ലെന്നും രേഖകൾ പരിശോധന നടത്തി സ്ഥലപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ ഓരോ കേസിലും സമയവ്യത്യാസം വരാമെന്നുമാണ് അധികൃതരുടെ വിശദീകരണം.
താലൂക്കുകളും തീർപ്പാക്കാനുള്ള അപേക്ഷകളും
കുന്നത്തുനാട് 2760
ആലുവ 4233
പറവൂർ 6779
കണയന്നൂർ 5059
മൂവാറ്റുപുഴ 2659
കോതമംഗലം 1415
ആകെ 21,905



