നീറമ്പുഴ നീർത്തട പദ്ധതിക്ക് അംഗീകരം
text_fieldsനീറമ്പുഴ നീർത്തട പദ്ധതിയുടെ ആദ്യ ഘട്ടനിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന എനായിക്കര തോടിന്റെ കാപ്യരുമല ഭാഗം
മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ നീറമ്പുഴ നീർത്തട പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. 20 ലക്ഷംരൂപയാണ് കൃഷി വകുപ്പിന് കീഴിലുള്ള മണ്ണ് സംരക്ഷണ വകുപ്പ് പദ്ധതിക്ക് നൽകിയത്. 902.09 ഹെക്ടർ വിസ്തീർണമുള്ള നീറമ്പുഴ നീർത്തട പദ്ധതിയുടെ 10 ഹെക്ടർ പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചത്.
എനായിക്കര തോടിന്റെ കൈത്തോട്ടിൽ കാപ്യരുമല ഭാഗത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടെ തോടിന്റെ ഇരു വശങ്ങളിലും സംരക്ഷണ ഭിത്തി നിർമിക്കും. ഇതോടൊപ്പം ഒരു നടപ്പാലം നിർമിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. മണ്ണൊലിപ്പ് തടയാനും കൃഷിക്കും കുടിവെള്ളത്തിനും ജലം ഉറപ്പാക്കാനുമാണ് നീർത്തട പരിപാലന പദ്ധതി നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതി പൂർത്തീകരിച്ചുകഴിഞ്ഞാൽ തോടിന്റെ സുഗമമായ നീരോഴുക്ക് സാധ്യമാകും. സമീപ പ്രദേശങ്ങളിൽ മികച്ച രീതിയിൽ കൃഷി ചെയ്യുന്നതിന് ഈ പദ്ധതി ഗുണകരമാകും.
കർഷകർക്ക് കൃഷിക്കാവശ്യമായ വെള്ളം വർഷം മുഴുവൻ ലഭ്യമാക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്. വെള്ളക്കെട്ട് ഒഴിവാക്കാനും ജലനിരപ്പ് ക്രമീകരിക്കാനും തോടിന്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.


