പുതിയ റോഡ് ജങ്ഷൻ സിഗ്നൽ തകരാർ; അപകടങ്ങൾ പതിവായി
text_fieldsകളമശ്ശേരി: ഏറെ വാഹന തിരക്കേറിയ വല്ലാർപാടം കണ്ടെയ്നർ പാതയിൽ പുതിയ റോഡ് ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥിരമായി തകരാറിലാകുന്നിടത്ത് അപകടങ്ങൾ പതിവാകുന്നു. ഏലൂർ, കുറ്റിക്കാട്ടുകാര, കളമശ്ശേരി, ആലുവ ഭാഗങ്ങളിൽ നിന്നായി വാഹനങ്ങൾ വന്നുചേരുന്ന പ്രധാന കവലയായ പുതിയ റോഡ് കവലയിലെ സിഗ്നൽ സംവിധാനം ഇടക്കിടെ പണിമുടക്കുന്നിടത്താണ് അപകടം പതിവ് സംഭവമായിരിക്കുന്നത്. സിഗ്നൽ സംവിധാനം ഉള്ളപ്പോൾ തന്നെ അപകടങ്ങൾ സംഭവിക്കുന്ന ജങ്ഷനാണിത്. ഒരു മാസത്തിലേറെയായി സംവിധാനം തകരാറിലാകുന്നത്. ഇടക്കിടെ തകരാർ പരിഹരിക്കും.
ഇത് മൂലം ഗതാഗതക്കുരുക്കും അപകടങ്ങളും യാത്രക്കാരിൽ ആശയക്കുഴപ്പവും ഉണ്ടാകുകയാണ്. രാത്രി സമയത്താണ് അപകടങ്ങൾ ഏറെയും. ഇതിന് മുമ്പ് ഒരു മാസത്തോളം സിഗ്നൽ സംവിധാനം തകരാറിലായപ്പോൾ നാട്ടുകാർ വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകുകയും പ്രക്ഷോഭം നടത്തുകയും ചെയ്തതിനെ തുടർന്നാണ് പ്രവർത്തനക്ഷമമായത്. സിഗ്നൽ സംവിധാനത്തിന്റെ കരാറുകാർക്ക് കുടിശ്ശികയുള്ള തുക നൽകാത്തതിനാലാണ് തകരാർ പരിഹരിക്കാത്തതെന്നാണ് ലഭിക്കുന്ന വിവരം.
പരിഹാരം ആവശ്യപ്പെട്ട് പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇടപെടലുകൾ ഉണ്ടാകുന്നില്ല. അടിയന്തിരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികൾ പറയുന്നത്.


