വഴിവിളക്കില്ല; നഗരം ഇരുട്ടിൽ
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ പ്രധാന പ്രദേശങ്ങളിലടക്കം വഴിവിളക്കുകൾ കണ്ണടച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. വഴിവിളക്കുകള്‍ തെളിയാത്തതുമൂലം നഗരത്തിന്റെ പല ഭാഗങ്ങളും സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. ആശ്രമം ബസ് സ്റ്റാൻഡ്, കാവുംകര മേഖലയിലെ സ്റ്റേഡിയം ബൈപാസ്റോഡ്, ന്യൂ ബസാര്‍, എവറസ്റ്റ് കവല, വൺവേ, റോട്ടറി റോഡ്, മാര്‍ക്കറ്റ് ബസ് സ്റ്റാൻഡ്, കീച്ചേരിപടി ബൈപാസ് റോഡ് തുടങ്ങി നഗരത്തിന്‍റെ ഒട്ടുമിക്ക പ്രദേശങ്ങളും രാത്രിയായാല്‍ വഴിവിളക്കുകള്‍ തെളിയാതെ ഇരുട്ടിലാണ്.
ആശ്രമം ബസ് സ്റ്റാൻഡിനു സമീപത്തുള്ള വഴിവിളക്കുകള്‍ തെളിയാത്തതിനാല്‍ സ്റ്റാൻഡിനോട് ചേര്‍ന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ഇരുട്ടിലാണ്. ഇതോടെ സ്ത്രീകളും കുട്ടികളും ഉമുള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലാണ്.
വ്യാപാര സ്ഥാപനങ്ങള്‍ അടക്കുന്നതോടുകൂടി പ്രദേശങ്ങള്‍ കൂരിരുട്ടിലാകും. വഴിവിളക്കുകള്‍ തെളിയാതായതോടെ നഗരത്തിലെത്തുന്ന യാത്രക്കാരാണ് ദുരിതത്തിലാകുന്നത്. കാല്‍നട യാത്രക്കാര്‍ക്കുള്‍പ്പെടെ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളില്‍നിന്നുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. ആശ്രമം ബസ് സ്റ്റാൻഡിലടക്കം രാത്രിയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഉപയോഗവും ഉള്‍പ്പെടെ നടക്കുന്നതായും പരാതിയുണ്ട്. പുതിയ നഗരസഭ ഭരണസമിതി നിലവില്‍ വന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ നഗരം ഇരുട്ടിലാകുന്നത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.


