പെരിയാർ വാലി കനാലിൽ ശുചിമുറി മാലിന്യം തള്ളി
text_fieldsകൈനിക്കര പടിയിൽ വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് മാലിന്യം തള്ളിയ നിലയിൽ, മുളവൂരിൽ പെരിയാർ വാലി കനാലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥലം പൊലീസ് പരിശോധിക്കുന്നു
മൂവാറ്റുപുഴ: മുളവൂരിൽ പെരിയാർ വാലി കനാലിലേക്ക് ശുചിമുറി മാലിന്യം തള്ളി. മുളവൂർ പൊന്നിരിക്കപറമ്പ് ഭാഗത്തുകൂടി ഒഴുകുന്ന പെരിയാർ വാലി കനാലിലേക്കാണ് ശുചിമുറി മാലിന്യം ഒഴുക്കിയത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്നാണ് സെപ്റ്റിക് ടാങ്ക് മാലിന്യം മോട്ടോർ ഉപയോഗിച്ച് കനാലിലേക്ക് നേരിട്ട് ഒഴുക്കിവിട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിലെ മാലിന്യം മോട്ടോർ ഉപയോഗിച്ച് കനാലിലേക്ക് ഒഴുക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ് സീനത്ത് അസീസ്, വാർഡ് മെംബർ ബിസ്മി സലാം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. പരാതിയെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മഴക്കാലമായതിനാൽ രാത്രിയാകുമ്പോൾ കെട്ടിട ഉടമ സെപ്റ്റിക് ടാങ്ക് മാലിന്യം കനാലിലേക്ക് ഒഴുക്കുന്നത് പതിവായിരുന്നു.
നൂറുകണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് പെരിയാർ വാലി കനാൽ. ഇവിടെ മാലിന്യം തള്ളുന്നത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പരിസ്ഥിതി നാശത്തിനും കാരണമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
മാലിന്യകേന്ദ്രമായി കൈനിക്കരപടി
പായിപ്ര പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ കൈനിക്കരപടി മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി. പായിപ്ര പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട പേഴയ്ക്കാപ്പിള്ളി കവല-ചെറുവട്ടൂർ റോഡിൽ പായിപ്ര പഞ്ചായത്തോഫിസിനു പിൻഭാഗത്തായി കൈനിക്കര പടിയിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ഉപയോഗ ശൂന്യമായ സ്ഥലമാണ് മാലിന്യകേന്ദ്രമായി മാറിയിരിക്കുന്നത്. മാലിന്യ സംസ്കരണ കേന്ദ്രമില്ലാത്ത പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ഇവിടെയാണ് തള്ളുന്നത്.
പുലർച്ച 5 മണിയോടെ എത്തുന്ന വാഹനങ്ങളിൽനിന്ന് ശുചിമുറി മാലിന്യങ്ങളും കവറുകളിലാക്കിയ മറ്റു മാലിന്യങ്ങളും ഇവിടെ തള്ളുന്നതായാണു പരാതി. പഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികൾക്കും പലതവണ പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് അടിയന്തരമായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും വാട്ടർ അതോറിറ്റിയുടെ കാടുപിടിച്ച സ്ഥലം വൃത്തിയാക്കാനും അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും അധികൃതർ തയാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


